

ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. ധനുഷിന്റെ അടുത്ത ഹിറ്റ് ചിത്രമായിരിക്കും ഇഡ്‌ലി കടൈ എന്നാണ് ട്രെയ്‌ലറിന് ലഭിക്കുന്ന പ്രതികരണങ്ങൾ. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ വച്ചായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്.
തനിക്കൊരു ഷെഫ് ആകാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറയുകയാണ് ധനുഷ്. ട്രെയ്‌ലർ ലോഞ്ചിൽ വച്ചാണ് ധനുഷ് തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്. "എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല... എനിക്കിപ്പോൾ കിട്ടുന്നതെല്ലാം ഷെഫിന്റെ വേഷങ്ങളാണ്.
എനിക്ക് പാചകം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു ഷെഫ് ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നതു കൊണ്ടാകാം, എനിക്ക് എപ്പോഴും അതുപോലെയുള്ള സിനിമകളും വേഷങ്ങളും ലഭിക്കുന്നത്. ജഗമേ തന്തിരത്തിൽ ഞാൻ പൊറോട്ട ഉണ്ടാക്കുന്ന ആളായിരുന്നു. തിരുച്ചിത്രമ്പലത്തിൽ ഞാൻ ഡെലിവറി ബോയ് ആയി.
രായനിൽ എനിക്കൊരു തട്ടുകട ഉണ്ടായിരുന്നു. ഈ സിനിമയിൽ ഞാൻ ഇഡ്ഡലി ഉണ്ടാക്കുന്നു. എനിക്കു വേണ്ടി ഞാൻ സ്ക്രിപ്റ്റ് എഴുതുമ്പോഴും മറ്റുള്ളവർ എനിക്കായി കഥയൊരുക്കുമ്പോഴും ഷെഫിന്റെ വേഷം അല്ലെങ്കിൽ അതുപോലെയുള്ള വേഷമാണ് എനിക്ക് കിട്ടുന്നത്. അത് ചിലപ്പോൾ ഞാൻ അത്രയധികം ആഗ്രഹിക്കുന്നതു കൊണ്ടാകാം".- ധനുഷ് പറഞ്ഞു.
"നമ്മൾ എന്താണോ ആകാൻ ആഗ്രഹിക്കുന്നത് അതുപോലെയാകാൻ നമ്മൾ ശ്രമിക്കുമെന്ന് പറയാറില്ലേ. മാനിഫെസ്റ്റേഷന്റെ പവർ ആണത്. ഞാനൊരു നടനായതിന് ശേഷവും അത് എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാർ ഇങ്ങനെ മാനിഫെസ്റ്റ് ചെയ്യണം.
നമുക്കെന്താണോ ആകാൻ ആഗ്രഹം, എന്താണോ ചെയ്യാൻ ആഗ്രഹം അതിനെക്കുറിച്ച് നമ്മളെപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കണം. നമുക്കതിൽ ഒരു വിശ്വാസമുണ്ടാകണം. അത് ശരിക്കും നടന്നു കഴിഞ്ഞു എന്ന് തന്നെ നമ്മൾ വിശ്വസിക്കണം. അതിനായി കഠിനമായി പ്രയത്നിക്കണം. അപ്പോൾ തീർച്ചയായും അത് നടക്കും.
ജീവിതത്തിൽ ആർക്കും അവർ ആഗ്രഹിക്കുന്നതെന്തും നേടാൻ കഴിയും. അതിനായി മെഡിറ്റേറ്റ് ചെയ്യുക, വർക്ക് ചെയ്യുക. നിങ്ങളുടെ ലക്ഷ്യത്തിനായി പരിശ്രമിക്കുക. മാനിഫെസ്റ്റ് ചെയ്യുക, കഠിനാധ്വാനം ചെയ്യുക. ഉപദേശിക്കുകയാണെന്ന് കരുതരുത്. എന്റെ ജീവിതത്തിൽ എനിക്ക് സംഭവിച്ചിട്ടുള്ള കാര്യമാണ് ഞാൻ പറഞ്ഞത്.
തീർച്ചയായും നിങ്ങൾ ഇത് ചെയ്യുമെന്ന് ഞാൻ കരുതുന്നു. ഇഡ്‌ലി കടൈ വളരെ സിംപിളായൊരു സിനിമയാണ്. ഒരു സാധാരണ സിനിമയാണ്. കുടുംബത്തോടൊപ്പം നിങ്ങൾക്ക് കണ്ടാസ്വദിക്കാൻ പറ്റുന്ന ഒരു ചിത്രമാണ്". - ധനുഷ് പറഞ്ഞു.
നിത്യ മേനോൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഒക്ടോബർ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates