

പൊതുവേദികളിലടക്കം തന്റെ കുട്ടിക്കാലത്തെക്കുറിച്ചും കടന്നു വന്ന വഴികളേക്കുറിച്ചുമൊക്കെ വാചാലനാകാറുണ്ട് നടൻ ധനുഷ്. ചെറുപ്പക്കാലത്തേക്കുറിച്ച് പ്രൊമോഷൻ വേദികളിലൊക്കെ ധനുഷ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പോലുമാകാത്തതാണെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. തന്റെ പുതിയ ചിത്രമായ ഇഡ്‌ലി കടൈയുടെ പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ടിരിക്കുകയാണ് ധനുഷിപ്പോൾ.
ചെന്നൈയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഇപ്പോഴിതാ ഓഡിയോ ലോഞ്ചിൽ ധനുഷ് പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് പലപ്പോഴും പൊതുവേദികളിലും പ്രൊമോഷൻ ചടങ്ങുകൾക്കുമൊക്കെ ധനുഷിനെ കാണാൻ കഴിയുക.
കഴുത്തിൽ രുദ്രാക്ഷവും അതോടൊപ്പം കരുങ്കാളി മാലയും ധനുഷ് ധരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കഴുത്തിലെ കരുങ്കാളി മാലയെക്കുറിച്ച് പറയുകയാണ് നടൻ. എല്ലാവരും ഇത് ധരിച്ചാൽ പവർ വരുമെന്നൊക്കെ പറയും. എന്നാൽ അങ്ങനെയൊന്നുമില്ലെന്നും ഇത് തന്റെ മുത്തശ്ശൻ ധരിച്ചിരുന്ന മാലയായിരുന്നു എന്നുമാണ് ധനുഷ് പറയുന്നത്. നിങ്ങളുടെ കഴുത്തിലെ കരുങ്കാളി മാലയെക്കുറിച്ച് പറയൂ എന്നായിരുന്നു ധനുഷിനോട് അവതാരക ചോദിച്ചത്.
"സത്യം പറഞ്ഞാൽ ഇത് ഏത് മാലയാണെന്ന് എനിക്കറിയില്ല. ഇത് എന്റെ മുത്തശ്ശന്റെ (ജനം മാലൈ) ഫോട്ടോയിൽ തൂക്കിയിട്ടിരുന്നതാണ്. മുത്തശ്ശൻ ജപിച്ചു കൊണ്ടിരുന്ന മാലയാണിത്. അദ്ദേഹം മരിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ ഫോട്ടോയിൽ തൂക്കിയിട്ടു. ഒരുദിവസം ആ മാല എനിക്ക് തരുമോ എന്ന് ഞാൻ മുത്തശ്ശിയോട് ചോദിച്ചു.
അവർ ഉടനെ ആ ഫോട്ടോയ്ക്ക് മുൻപിൽ പോയി നിന്നുകൊണ്ട് പറഞ്ഞു, നിങ്ങൾക്ക് എത്ര മക്കളുണ്ട്, എന്നാൽ ഇവനാണ് ആ മാല വേണമെന്ന് പറഞ്ഞത് എന്നൊക്കെ. അങ്ങനെ പറഞ്ഞു കൊണ്ട് മുത്തശ്ശി ആ മാലയെടുത്ത് മന്ത്രങ്ങൾ ചൊല്ലി എന്റെ കഴുത്തിൽ ഇട്ട് തന്നു. അന്ന് മുതൽ അദ്ദേഹത്തിന്റെ ആശിർവാദം എന്റെ കൂടെയുള്ളതു പോലെ, എനിക്കൊരു രക്ഷാകവചമായി അദ്ദേഹം എന്റെ കൂടെ തന്നെ ഉള്ളതു പോലെ എനിക്ക് തോന്നി.
അതുകൊണ്ടാണ് ഞാനിത് ധരിക്കുന്നത്. കുറേ ആളുകൾ പറയും ഈ മാല ധരിച്ചാൽ അത് കിട്ടും ഇത് കിട്ടും പവർ വരുമെന്നൊക്കെ. അങ്ങനെയൊന്നുമില്ല, ഇതെന്റെ മുത്തശ്ശന്റെ മാലയാണ്. അല്ലാതെ മറ്റൊന്നുമില്ല".- ധനുഷ് പറഞ്ഞു. ഒക്ടോബർ ഒന്നിനാണ് ഇഡ്‌ലി കടൈ റിലീസ് ചെയ്യുന്നത്. നിത്യ മേനോൻ ആണ് ചിത്രത്തിലെ നായിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates