

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെക്കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശം തമിഴ്നാട്ടിലുൾപ്പെടെ വലിയ ചർച്ചയായി മാറിയിരുന്നു. 'വിസിറ്റർ' എന്ന സിനിമയുടെ പരിപാടിക്കിടെ, താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞത്. ഇതാണ് തമിഴ് സിനിമാ പ്രേക്ഷകരെ ചൊടിപ്പിച്ചത്.
ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ ചിത്രമായ 'തേവറി'ന്റെ പ്രൊമോഷന്റെ ഭാഗമായി ഒറിജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. "പേടിക്കാൻ മാത്രം അത്ര പ്രശ്നമുണ്ടായോ ?. അച്ഛൻ അന്നത്തെ കാലത്ത് സിനിമകളിലൂടെ വള്ളി പിടിച്ചു കൊണ്ടിരുന്നതാ. അന്ന് കല്ലേറ്, വീട്ടിൽ കരിഓയിൽ അടക്കം ഒഴിച്ച സമയമുണ്ട്.
അച്ഛനൊരു സ്ഥലത്ത് ഇന്റർവ്യൂവിന് പോയിട്ട് അവിടുത്തെ, അങ്കണവാടിയിലുള്ള ആളുകളെക്കുറിച്ച് ചെറിയൊരു പ്രസ്താവന നടത്തിയിരുന്നു. അന്ന് കൂട്ടത്തോടെ ആൾക്കാർ വീട്ടിലേക്ക് വന്നു. ഞാൻ ആണ് അവരോട് പറഞ്ഞത്, വിട്ടേക്കൂ, പാവമല്ലേ എന്നൊക്കെ. എന്നുവച്ചാൽ ഒന്നും രണ്ടും ആൾക്കാർ ഒന്നുമല്ല. പത്ത് മുന്നോറോളം ആൾക്കാർ വീടിന് മുന്നിൽ ജാഥ പോലെ വന്ന് നിന്നു.
പിന്നെ ഞാനെല്ലാവരുമായി നിന്ന് സെൽഫിയൊക്കെ എടുത്ത് അവർക്ക് ചായ ഒക്കെ വാങ്ങിച്ചു കൊടുത്ത് ഞാനാണ് അത് ഒത്തുത്തീർപ്പ് ആക്കിയത്. അന്ന് അച്ഛൻ കുലുങ്ങി. ഞാനത് കൈകാര്യം ചെയ്ത് വിട്ടു. പിന്നെ ഞാൻ ആ പറഞ്ഞ കാര്യത്തിൽ (വിജയ്‌യെക്കുറിച്ച് പറഞ്ഞത്) തമിഴ് ആളുകൾ കുറേപ്പേർ കമന്റിട്ടിട്ടുണ്ടായിരുന്നു. ഇവന്റെ പടം ഇവിടെ ഇറങ്ങട്ടേ...ഇവന്റെ പടം ഇവിടെ ഓടിക്കില്ല എന്നൊക്കെ പറഞ്ഞൊരാൾ കമന്റ് ചെയ്തു.
അതിന് താഴെ വേറൊരാൾ കമന്റ് ചെയ്തിരിക്കുന്നു, അവനെ പറ്റി ഉനക്ക് തെരിയാതെടാ.. അതെല്ലാം അന്ത് ആളുക്ക് വിഷയമേ ഇല്ലേ... എന്ന്. വേറൊരാൾ എഴുതി പടങ്ങൾ ഞങ്ങൾ പൊട്ടിക്കുമെന്ന്. അതിന് താഴെ വേറൊരുത്തൻ, പടങ്ങളൊക്കെ പൊട്ടിക്കാൻ ഞങ്ങളിവിടെയുണ്ട്. ധൈര്യമുണ്ടെങ്കിൽ ഓടിച്ചു കാണിക്കെടാ എന്ന്. പടം നല്ലതാണെങ്കിൽ ഓടും, അല്ലാതെ ഞാനുള്ളതു കൊണ്ട് ഓടാതിരിക്കുന്നതല്ലല്ലോ.
കഥയുണ്ടെങ്കിൽ കാമ്പുണ്ടെങ്കിൽ ഏത് സിനിമയും ആര് അഭിനയിച്ചാലും ഓടും. ഇതിലുള്ള ഏറ്റവും വലിയ കാര്യം എന്താണെന്നു വച്ചാൽ, അവിടുത്തെ ജിമിട്ടു പിള്ളേർ ആണല്ലോ എന്നെ ചീത്ത വിളിക്കുന്നത്. ഇവരൊക്കെ അറിയാത്ത കാലത്ത് ഞാൻ അയാളുടെ (വിജയ്) പടത്തിന് ഞാൻ ഫസ്റ്റ് ഡേ ബ്ലാക്കിന് കള്ളും കുടിച്ച് വിറ്റ എത്ര ടിക്കറ്റുണ്ട്. ഫസ്റ്റ് ഡേ ഏറ്റവും മുൻപിലിരുന്ന്, ഗില്ലിയിലെ അപ്പടി പോട്... എന്ന പാട്ടിനൊക്കെ ഡാൻസ് കളിച്ച ഫാൻ ആണ് ഞാൻ.
ഫസ്റ്റ് ഡേ തേവറിന്റെ ഷൂട്ട് നടക്കുന്ന അന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിച്ച കാര്യമറിയുന്നത്. അത് ശരിക്കും ഞങ്ങൾ സെറ്റിൽ ആഘോഷിച്ചതാണ്. അന്നത്തെ കാലത്ത് പുള്ളിയുടെ സിനിമയുടെ ഒരു ഷൂട്ട് എന്റെ കോളജിൽ നടന്ന സമയത്ത് ഞാനാണ് അനുമതി വാങ്ങാനും മറ്റുമൊക്കെ ഓടി നടന്നത്.
അല്ലാതെ തന്നെ അദ്ദേഹത്തിന്റെ അച്ഛനുമായി നമുക്ക് വ്യക്തിപരമായും കുടുംബപരമായും നല്ല ബന്ധമുണ്ട്. ഞാനെന്ത് പറഞ്ഞാലും അവരും ആ ഒരു രീതിയിലേ എടുക്കുകയുള്ളൂ. ഇതൊക്കെ തമാശയായി എടുക്കുന്നവർക്ക് അത്രയേ ഉള്ളൂ.- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates