

മിസ് ഇന്ത്യയിലൂടെയാണ് ദിയ മിര്‍സ സിനിമയിലെത്തുന്നത്. ഇന്ന് ബോളിവുഡിലെ മുന്‍നിര താരമാണ് ദിയ. ശക്തമായ നിലപാടുകളിലൂടേയും ദിയ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ദിയയുടെ കുട്ടിക്കാലം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. ദിയയ്ക്ക് ഒമ്പത് വയസ് മാത്രമുള്ളപ്പോഴാണ് അച്ഛനെ നഷ്ടമാകുന്നത്. ഏറെ നാളുകള്‍ വേണ്ടി വന്നു ആ വേദനയില്‍ നിന്നും പുറത്ത് കടക്കാന്‍.
ജര്‍മന്‍ ആര്‍ട്ടിസ്റ്റും ഡിസൈനറും ഫോട്ടോഗ്രഫറുമായ ഫ്രാങ്ക് ഹാന്റ്രിച്ച് ആണ് ദിയയുടെ അച്ഛന്‍. ദിയയുടെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും പിരിഞ്ഞിരുന്നു. അച്ഛന്റെ മരണത്തെക്കുറിച്ചും, മൃതദേഹം പോലും കാണാന്‍ സാധിക്കാതിരുന്നതിനെക്കുറിച്ചും ഒരഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ദിയ മിര്‍സ.
''ഒമ്പത് വയസുള്ളപ്പോഴാണ് എനിക്കെന്റെ അച്ഛനെ നഷ്ടമാകുന്നത്. വളരെയധികം വേദനിപ്പിക്കുന്നതായിരുന്നു അത്. എനിക്ക് അദ്ദേഹവുമായി വളരെയധികം അടുപ്പമുണ്ടായിരുന്നു. അദ്ദേഹം എന്റെ ഹീറോ ആയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കാണാന്‍ സാധിക്കാത്തതിനാല്‍ എനിക്കൊരു ക്ലോഷര്‍ കിട്ടിയിരുന്നില്ല. ഏറെക്കാലം സ്വപ്‌നങ്ങളില്‍ അദ്ദേഹത്തെ കണ്ടത് ജീവിച്ചിരിക്കുന്നതായാണ്. കുറേവര്‍ഷം ഞാന്‍ വിശ്വസിച്ചത് എല്ലാവരും എന്നോട് നുണ പറയുകയാണെന്നാണ്.'' ദിയ മിര്‍സ പറയുന്നു.
അച്ഛനെ ചെറുപ്പത്തിലെ നഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും ദിയയ്‌ക്കൊപ്പമുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച് ആര്‍ട്ട് വര്‍ക്ക്‌ഷോപ്പുകള്‍ നടത്തിയിരുന്ന കലാകാരനായിരുന്നു ഫ്രാങ്ക്. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം നിര്‍മിച്ച ശില്‍പ്പങ്ങളും ഫര്‍ണിച്ചറുകളുമൊക്കെ തനിക്ക് പലരും സ്‌നേഹത്തോടെ തിരിച്ചു നല്‍കിയെന്നും അതിലൂടെയാണ് തന്റെ മനസിനെ ശാന്തമാക്കിയതെന്നുമാണ് ദിയ പറയുന്നത്. കുട്ടിക്കാലം മുതലേ മദ്യപാന ശീലത്തിന്റെ പാര്‍ശ്വഫലം കണ്ടറിഞ്ഞതിനെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്.
''കുഞ്ഞ് നാള്‍ മുതലെ മദ്യപാനത്തിന്റെ മോശം വശം ഞാന്‍ കണ്ടിട്ടുണ്ട്. ചെറുപ്പം മുതലേ ഞാന്‍ അതിനെതിരായിരുന്നു. ആ അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെടാനായാണ് ഞാന്‍ വളരെ നേരത്തെ തന്നെ ജോലി ചെയ്തു തുടങ്ങിയത്. എനിക്ക് അവിടെ നിന്നും ദൂരേക്ക് പോകണമായിരുന്നു. സ്വന്തമായി വീടുണ്ടാക്കണമായിരുന്നു. സുരക്ഷിതത്വവും സ്ഥിരതയുമുള്ളൊരു ജീവിതം പടുത്തുയര്‍ത്താന്‍ ഞാന്‍ ആഗ്രഹിച്ചു'' എന്നാണ് ദിയ പറഞ്ഞത്.
ഫ്രാങ്കുമായുള്ള വിവാഹ മോചനത്തിന് ശേഷം ദിയയുടെ അമ്മ അഹ്മദ് മിര്‍സയെ വിവാഹം കഴിച്ചു. തുടക്കത്തില്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ ദിയയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പതിയെ അഹ്മദ് മിര്‍സ കര്‍മം കൊണ്ട് ദിയയുടെ അച്ഛനായി മാറി. 2000 ല്‍ മിസ് ഇന്ത്യയ്ക്കായി മത്സരിക്കുമ്പോള്‍ തന്റെ പേരിനൊപ്പം അദ്ദേഹത്തിന്റെ സര്‍ നെയിം ആയ മിര്‍സ ചേര്‍ത്തുവച്ചു കൊണ്ട് ആ അച്ഛനെ ദിയ ആദരിച്ചു. എന്നാല്‍ കാലം രണ്ടാനച്ഛനേയും ദിയയില്‍ നിന്നും കവര്‍ന്നെടുത്തു. രണ്ട് അച്ഛന്മാരുടേയും ഓര്‍മകള്‍ ഇന്നും തനിക്കൊപ്പമുണ്ടെന്നാണ് ദിയ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates