

മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. 11 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ യുഎസ്പി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. എന്നാൽ ടീസര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഒരു വിഭാഗം പ്രേക്ഷകർ പ്രതികരിച്ചിരുന്നു.
എന്നാൽ പാട്രിയറ്റിന്റെ ടീസർ ബോളിവുഡ് താരം സൽമാൻ ഖാനും ഇന്നലെ പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് സൽമാൻ പാട്രിയറ്റ് ടീസർ പങ്കുവച്ചത്. ഒരു സിനിമയ്ക്കായി മഹേഷ് നാരായണനും സൽമാൻ ഖാനും തമ്മിൽ ചർച്ച നടത്തിയിരുന്നതായി പിങ്ക്‌വില്ല മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
മഹേഷ് നാരായണൻ ചിത്രത്തിന്റെ ടീസർ സൽമാൻ ഷെയർ ചെയ്തതോടെ ഇരുവരും ഒന്നിച്ചുള്ള സിനിമ ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. “ഇന്ത്യൻ സിനിമയിലെ ബിഗ് എമ്മുകളെ ഒരുമിച്ച് അവതരിപ്പിക്കുന്ന പാട്രിയറ്റിന്റെ ടൈറ്റിൽ ടീസർ പങ്കുവയ്ക്കുന്നതിൽ ആവേശമുണ്ട്. എന്നാണ് സൽമാൻ ടീസറിനൊപ്പം കുറിച്ചത്. മോഹൻലാൽ, മമ്മൂട്ടി, മഹേഷ് നാരായണൻ എന്നിവരെ സൽമാൻ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
1970 മുതൽ 1990 വരെയുള്ള കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിനായി മഹേഷ് നാരായണനും സൽമാൻ ഖാനും തമ്മിൽ ചർച്ചകൾ നടന്നു വരികയാണ്. സൽമാനും മഹേഷ് നാരായണനും തമ്മിൽ ഇതിനോടകം നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ബാറ്റിൽ ഓഫ് ഗാൽവാൻ ആണ് സൽമാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം മഹേഷ് നാരായണനൊപ്പമുള്ള ചിത്രം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം പാട്രിയറ്റിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates