

നടൻ മോഹൻലാൽ അവതാരകനായി എത്തുന്ന പ്രമുഖ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിന്റെ അഞ്ചാം സീസൺ അവസാനിച്ചു. സംവിധായകൻ അഖിൽ മാരാർ ആണ് ഇക്കുറി വിജയി ആയത്. ടെലിവിഷൻ നടി റെനിഷ റഹ്മാൻ രണ്ടാം സ്ഥാനവും സോഷ്യൽ മീഡിയ താരമായ ജൂനൈസ് വി പി മൂന്നാം സ്ഥാനവും നേടി. സംരഭകയും നടിയുമായ ശോഭ വിശ്വനാഥ് ആണ് നാലാം സ്ഥാനത്ത്. നടൻ ഷിജു എ ആർ അഞ്ചാം സ്ഥാനത്താണ്.
മത്സരം തുടങ്ങി ആദ്യ ദിവസങ്ങൾ മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ അഖിൽ, ഷോ പകുതി ഭാഗം പിന്നിട്ടപ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ, രണ്ടാം സ്ഥാനത്തേക്ക് ഏറ്റവുമധികം ഉയർന്നുകേട്ട പേര് ശോഭയുടേത് തന്നെയായിരുന്നു. അപ്രതീക്ഷിതമായി ശോഭക്ക് നാലം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ടാം സ്ഥാനം സ്വന്തമാക്കിയ റെനിഷ സീസൺ തുടങ്ങിയ ആദ്യ ആഴ്ച്ചകളിൽ ഗംഭീര പ്രകടനം കാഴ്ച്ചവച്ച മത്സരാർത്ഥിയാണ്. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി നിറഞ്ഞാടിയ റെനിഷയെ തേടി സംവിധായകൻ ഫാസിലിന്റെ അഭിനന്ദനവും എത്തിയിരുന്നു. അഖിൽ വിജയിയാകുമെന്ന് ചുറ്റുമുള്ളർ ഉറപ്പിച്ച് പറയുമ്പോഴും എതിർപ്പ് തുറന്നുപറഞ്ഞ് വില്ലനായി തിളങ്ങിയാണ് ജുനൈസ് മൂന്നാം സ്ഥാനത്തെത്തിയത്. സൗഹൃദം ഷിജുവിനെയും ഫൈനലിസ്റ്റാക്കി.
ഫൈനൽ ഫൈവിൽ നിന്ന് സ്വന്തം തീരുമാനത്തിൽ പുറത്തുപോയ ട്രാൻസ്ജെൻഡർ പ്രതിനിധിയായ നാദിറ മെഹ്റിൻ ഏറെ ശ്രദ്ധനേടി. ഫിനാലെ വീക്കിൽ എത്തിയ നാദിറ വിജയിയുടെ സമ്മാന തുകയിൽ നിന്ന് ഒരോഹരി സ്വന്തമാക്കി സ്വയം പുറത്താകാൻ തീരുമാനിക്കുകയായിരുന്നു. ഏഴര ലക്ഷം രൂപ നേടിയാണ് നാദിറ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. സെറീന ആൻ ജോൺസൺ, അനിയൻ മിഥുൻ, റിനോഷ് ജോർജ്ജ്, വിഷ്ണു ജോഷി, അനു ജോസഫ്, സാഗർ സൂര്യ, ശ്രുതി ലക്ഷ്മി, അഞ്ജൂസ് റോഷ്, ഒമർ ലുലു, മനീഷ കെ എസ്, ശ്രീദേവി മേനോൻ, ലക്ഷ്മി ലച്ചു, ഗോപിക ഗോപി, ഏൻജലിന്ഡ മരിയ, ഹനാൻ എന്നിവരായിരുന്നു ഈ സീസണിലെ മറ്റ് മത്സരാർത്ഥികൾ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates