

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 3. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ വച്ച് നടന്നു. പൂത്തോട്ട ലോ കോളജിൽ ആണ് പൂജ ചടങ്ങുകൾ നടന്നത്. മോഹൻലാൽ, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും പൂജ ചടങ്ങിൽ പങ്കെടുത്തു. ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
"ഒത്തിരി പ്രതീക്ഷിക്കണ്ട, ഇതൊരു നല്ല സിനിമയാണ്. അമിത പ്രതീക്ഷയോടൊന്നും വരാതെയിരിക്കുക. ജോർജ്ക്കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, അവരുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന കഥയാണ് ഞങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത്. അത് എന്താണെന്ന് അറിയാൻ നിങ്ങൾ വരിക. വണ്ണിന്റെ മുകളിൽ ടു, ടുവിന്റെ മുകളിൽ ത്രീ...നമ്മൾ അതിന് വേണ്ടിയൊന്നും ചെയ്യുന്ന സിനിമയല്ല.
ദൃശ്യം 2 വിന്റെ സ്ക്രിപിറ്റിങ്ങിനേക്കുറിച്ചുമൊക്കെ എല്ലാവരും പറഞ്ഞു, ഇനി അതിന്റെ മുകളിലുള്ള സ്ക്രിപ്റ്റിങ് ആയിരിക്കണമെന്ന്. ഞാൻ അതിനു വേണ്ടിയിട്ടല്ല ഈ സിനിമ ചെയ്യുന്നത്. ഞാൻ ജോർജ്ക്കുട്ടിയുടെ കുടുംബത്തിൽ നാലര വർഷങ്ങൾക്ക് ശേഷം എന്തൊക്കെ സംഭവിക്കാം, എന്തൊക്കെ സംഭവിക്കുന്നുണ്ട് എന്നുള്ളതാണ് ഈ സിനിമയിലൂടെ പറയുന്നത്.
അവരുടെ കുടുംബത്തിൽ നടക്കുന്നത് എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ വരാം. അതിലൊരു കുഴപ്പവുമില്ല. പിന്നെ എല്ലാവരുടെയും സപ്പോർട്ട് വേണം. എന്നെ ഇത്രയും നാളും സ്നേഹിച്ച്, സപ്പോർട്ട് ചെയ്ത പ്രേക്ഷകർ ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു".- ജീത്തു ജോസഫ് പറഞ്ഞു.
മോഹൻലാലിനെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിനെക്കുറിച്ചും ജീത്തു ജോസഫ് പ്രതികരിച്ചു. "അത് ഇരട്ടി മധുരമല്ലേ. വളരെ സന്തോഷം. അദ്ദേഹത്തെപ്പോലെയുള്ളരാൾക്ക്, ഇന്നലെ വിളിച്ചപ്പോഴും ഞാൻ അതാണ് പറഞ്ഞത്, ഞങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു.
സിനിമയ്ക്ക് മാത്രമല്ല, സാംസ്കാരിക രംഗത്തും സമൂഹത്തിനുമൊക്കെ ഒരുപാട് സംഭാവനകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. തീർച്ചയായിട്ടും എല്ലാ രീതിയിലും അദ്ദേഹം അവാർഡിന് അർഹതപ്പെട്ടയാളാണ്. വളരെ സന്തോഷം".- ജീത്തു ജോസഫ് പറഞ്ഞു.
"പണ്ടു മുതലേ ദൃശ്യം ഞാനൊരു ത്രില്ലറായി കണക്കാക്കിയിട്ടില്ല. ഒരു ഫാമിലി ഡ്രാമയായിട്ടേ കൂട്ടിയിട്ടുള്ളൂ. പിന്നീട് എല്ലാവരും കൂടി ചേർന്ന് ഫാമിലി ത്രില്ലറാക്കി. അത് രണ്ട് കുടുംബങ്ങളുടെ കഥയാണ്. അല്ലെങ്കിൽ ജോർജ്ക്കുട്ടിയുടെ കുടുംബവും അവരുടെ ഇമോഷണൽ പ്രശ്നങ്ങളും അവർ നേരിടുന്ന ട്രോമകളും അതൊക്കെയാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. അതിനകത്ത് ക്രൈമും കാര്യങ്ങളും വന്നന്നേയുള്ളൂ. അത്രയേ ഉള്ളൂ".-ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates