മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ വരവോടെ മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. തിയറ്ററുകളെല്ലാം നിറഞ്ഞു കവിയുകയാണ്. മലയാള സിനിമയെ തിരിച്ചുകൊണ്ടുവന്നതിന് മമ്മൂട്ടിക്കും പ്രീസ്റ്റിന്റെ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് ഇതിനോടകം നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തിയറ്ററിലേക്കുള്ള വഴിയിൽ ബ്ലോക്കിൽ കിടന്നപ്പോൾ കണ്ണു നിറഞ്ഞുപോയെന്നാണ് അദ്ദേഹം കുറിക്കുന്നത്. തകര്‍ന്നു പോയ സിനിമ വ്യവസായത്തെ ഒരു മഹാനടനും കൂട്ടരും ചേര്‍ന്ന് തോളില്‍ എടുത്തുയര്‍ത്തിയ ചരിത്രമാണ് ഇതെന്നും ജൂഡ് പറഞ്ഞു.
ജൂഡ് ആന്റണി ജോസഫിന്റെ കുറിപ്പ് വായിക്കാം
ബ്ലോക്കില്‍ കിടന്നപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ കഥ. ഇന്നലെ കോട്ടയം ആനന്ദ് തിയറ്ററില്‍ പടം കാണാന്‍ പോയതാ. തിയറ്ററിലേക്കുള്ള വഴിയില്‍ കട്ട ബ്ളോക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടേക് ഓഫ് കാണാന്‍ പോയപ്പോള്‍ ഉണ്ടായ അതേ അവസ്ഥ. അന്ന് പക്ഷേ ഈര്‍ഷ്യയാണ് ബ്ളോക്ക് കണ്ടപ്പോ തോന്നിയത്. ഇന്നലെ പക്ഷേ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍, ഒരു നടന്‍ എന്ന നിലയില്‍ കണ്ണു നിറഞ്ഞു പോയി. മലയാള സിനിമ തിരിച്ചു വന്നിരിക്കുന്നു. പരിചയപ്പെടുന്ന ഓരോ മനുഷ്യനോടും കരുതല്‍ കാണിക്കുന്ന നല്ല ഹൃദയത്തിനുടമയാണ് മമ്മൂക്ക. ഒരിക്കല്‍ ബത്തേരി വരെ വണ്ടി ഓടിച്ചു മമ്മൂക്കയെ കാണാന്‍ പോയി രാത്രി തിരിച്ചു വീട്ടില്‍ എത്തിയോ എന്നു ചോദിച്ചതൊക്കെ ചെറിയ അനുഭവം. അത്രയും കരുതലുള്ള മനുഷ്യന്‍ തന്‍റെ ജീവനേക്കാളേറെ സ്നേഹിക്കുന്ന സിനിമയെ എന്തു മാത്രം കരുതലോടെ കാത്തു. ഇന്നലെ പ്രീസ്റ്റ് കണ്ടപ്പോള്‍ അതിയായ അഭിമാനം തോന്നി. മമ്മൂക്ക എന്ന മഹാ നടനെ ഓര്‍ത്ത്, ആന്‍റോ ജോസഫ് എന്ന തളരാത്ത പോരാളിയെ ഓര്‍ത്ത്. ഞാന്‍ ഇടക്ക് ആന്‍റോ ചേട്ടനോട് ചോദിക്കാറുണ്ട് എങ്ങനെയാണ് ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് നോക്കുമ്പോഴും കൂള്‍ ആയി ഇരിക്കുന്നത് എന്ന്. പ്രതിസന്ധികളില്‍ തളരുന്ന ഏവര്‍ക്കും ഒരു മാതൃകയാണ് കരുത്തനായ ആ മനുഷ്യന്‍. ഈ സിനിമ തിയറ്ററില്‍ വരാന്‍ കാത്തിരുന്ന കഥ പ്രെസ്സ് മീറ്റില്‍ ചേട്ടന്‍ പറഞ്ഞത് കണ്ടപ്പോള്‍ ഒരു സാധാരണക്കാരന് പോലും സിനിമയോട് ഇഷ്ടം കൂടി കാണും. പ്രീസ്റ്റ് ഒരു പ്രതീക്ഷയാണ്, ഒരു തിരിച്ചറിവാണ്, ഒരു ചരിത്രമാണ്. തകര്‍ന്നു പോയ സിനിമ വ്യവസായത്തെ ഒരു മഹാനടനും കൂട്ടരും ചേര്‍ന്ന് തോളില്‍ എടുത്തുയര്‍ത്തിയ ചരിത്രം. അഭിനനന്ദനങ്ങള്‍ ടീം പ്രീസ്റ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
