

മലയാളികള്‍ ഇന്നും വേദനയോടെ മാത്രം ഓര്‍ക്കുന്ന പേരാണ് നടന്‍ ജിഷ്ണു രാഘവന്റേത്. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു നായകനായി അരങ്ങേറുന്നത്. ചിത്രവും പിന്നാലെ വന്ന സിനിമകളും ജിഷ്ണുവിന് കയ്യടി നേടിക്കൊടുത്തു. എന്നാല്‍ മരണം രംഗബോധമില്ലാതെ കടന്നുവന്ന് ജിഷ്ണുവിന്റെ ജീവന്‍ കവര്‍ന്നെടുത്തു.
കാന്‍സറിനോടുള്ള ദീര്‍ഘനാളത്തെ പൊരാട്ടത്തിനൊടുവില്‍ 2016ലാണ് ജിഷ്ണു മരണപ്പെടുന്നത്. ജിഷ്ണുവിന്റെ മരണത്തിന് പത്ത് വര്‍ഷമാകുമ്പോഴും മലയാളി അദ്ദേഹത്തെ മറന്നിട്ടില്ല. ഇപ്പോഴിതാ ജിഷ്ണുവിനെക്കുറിച്ച് സംവിധായകന്‍ കമലിന്റെ വികാരനിര്‍ഭരമായ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇടപ്പള്ളി ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാവിലെ രാഘവേട്ടന്റെ ഒരു ഫോണ്‍ വരികയാണ്. ഒരു പത്രവാര്‍ത്ത കണ്ടിട്ടായിരുന്നു വിളി. എന്റെ ഒരു മകനുണ്ട്. ഞാനവന്റെ ഫോട്ടോ അയക്കാം. കമലിന് പറ്റുമെങ്കില്‍ ഉപയോഗിക്കെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു തന്നു. കണ്ട ഉടനെ അവനെ എന്റെ അടുത്തേക്ക് അയക്കാനും പറഞ്ഞു. അങ്ങനെയാണ് ജിഷ്ണു നമ്മളിലേക്ക് വരുന്നത്. മനസില്‍ സ്‌നേഹം മാത്രമുള്ള ചെറുപ്പക്കാരനായിരുന്നു ജിഷ്ണു. അദ്ദേഹത്തിന്റെ ഹ്രസ്വമായ ജീവിതം എന്ന് പറയുന്നത് നമുക്ക് മറക്കാന്‍ പറ്റില്ല' കമല്‍ പറയുന്നു.
'കാന്‍സര്‍ ബാധിച്ചിട്ട് അവന്‍ കടന്നുപോയൊരു കാലമുണ്ട്. അവന് സംസാരിക്കാന്‍ പറ്റാതായൊരു അവസ്ഥയില്‍ എനിക്ക് കാര്യങ്ങള്‍ എഴുതി തന്നിട്ടുണ്ട്. അവനെ കാണാന്‍ പോയപ്പോള്‍ ഓരോ കാര്യങ്ങളും എഴുതി തരും. ആ ഒരു ദിവസം മറക്കാന്‍ പറ്റില്ല. വീട്ടില്‍ നിന്നും ഇറങ്ങിയ ഞാന്‍ കാറില്‍ ഇരുന്ന് ഒരുപാട് നേരം കരഞ്ഞുപോയി. അതായിരുന്നു ജിഷ്ണു' എന്നും കമല്‍ പറയുന്നു.
നടന്‍ രാഘവന്റെ മകനായ ജിഷ്ണു ബാലതാരമായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 2002ല്‍ നായകനായി അരങ്ങേറി. ശേഷം നേരറിയാന്‍ സിബിഐ, പൗരന്‍, ചക്കരമുത്ത്, നിദ്ര, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates