

പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തി സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഡ്യൂഡ്. ചിത്രത്തിലെ ഒരു രംഗം ഏറെ വിമർശനങ്ങൾക്കും കാരണമായി മാറിയിരുന്നു. മമിതയുടെ കഥാപാത്രം മുട്ട് കുത്തി നായകനെ പ്രൊപ്പോസ് ചെയ്യാൻ നിൽക്കുമ്പോൾ 'ഏഹ് എന്നടി ബിറ്റ് പടത്തിലെ പോലെ ഇരിക്കുന്നെ' എന്ന നായകന്റെ സംഭാഷണത്തിന് ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഒരു സുഹൃത്ത് അങ്ങനെ ചോദിക്കുമോ?, ആ സംഭാഷണം പൊളിറ്റിക്കലി വളരെ തെറ്റാണ് എന്നൊക്കെ അഭിപ്രായപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കീർത്തിശ്വരൻ. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് കീർത്തിശ്വരൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
"ആ സീൻ എന്തുകൊണ്ടാണ് പ്രേക്ഷകർ സ്വീകരിക്കാതിരുന്നത് എന്ന് എനിക്ക് മനസിലായി. ഞാനത് നോർമലൈസ് ചെയ്യാൻ ശ്രമിക്കുവല്ല. എങ്കിലും ഇപ്പോഴത്തെ കാലഘട്ടത്തിലുള്ള സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഇത്തരം സംസാരം നോർമലാണ്. അത് അവർ തമാശയ്ക്ക് പറയുന്നതാകും. കൂടാതെ ഡ്യൂഡിൽ പ്രദീപും മമിതയും 20 വർഷമായി വളരെ അടുത്ത സുഹൃത്തുക്കളാണ്.
അതുകൊണ്ട് ആ കഥാപാത്രം ഒരു തമാശ രൂപേണ പറഞ്ഞതാണ്. പ്രദീപിന്റെ കഥാപാത്രം മമിത ആ സമയത്ത് തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് ഒരിക്കലും ഓർക്കുന്നില്ല".- കീർത്തിശ്വരൻ പറഞ്ഞു. റിലീസ് ചെയ്ത് ആറ് ദിവസങ്ങൾക്കുള്ളിൽ 100 കോടിയിലധികം രൂപ കളക്ഷൻ നേടി മുന്നേറുകയാണ് ഡ്യൂഡ്.
തുടർച്ചയായി ഇത് മൂന്നാമത്തെ ചിത്രമാണ് പ്രദീപിന്റെ 100 കോടി കളക്ഷൻ നേടുന്നത്. ഇതിന് മുൻപ് ലവ് ടുഡേ, ഡ്രാഗൺ തുടങ്ങിയ ചിത്രങ്ങളാണ് പ്രദീപിന്റേതായി 100 കോടി കളക്ട് ചെയ്തത്. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബ ബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയാണ് ഡ്യൂഡ് ഒരുക്കിയിരിക്കുന്നത്. അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിതയുമെത്തി. നടൻ ശരത്കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates