

ലോകത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ ജീവിതങ്ങളെക്കുറിച്ച് അറിയാത്തവര്‍ക്ക് പോലും ഷാരൂഖ് ഖാനെക്കുറച്ച് കേട്ടിട്ടുണ്ടാകുമെന്നാണ് പറയുക. മധ്യവര്‍ഗ്ഗ ഇന്ത്യന്‍ ജീവിതത്തിന്റെ സാധ്യതകളുടെ പരമോന്നതിയാണ് ആ ജീവിതം. നേടാന്‍ ഇനിയൊന്നും ബാക്കിയില്ലാത്ത കരിയർ. എന്നാല്‍ ഷാരൂഖിനെ ഇന്നും അലട്ടുന്നൊരു വേദനയുണ്ട്.
തന്റെ സഹോദരിയുടെ ജീവിതം ഷാരൂഖ് ഖാന്റെ ഉള്ളിലെ ഒരിക്കലും ഉണങ്ങാത്തൊരു മുറിവാണ്. പഠിക്കാന്‍ മിടുക്കിയായിരുന്ന, ശോഭനമായൊരു ഭാവി മുന്നിലുണ്ടായിരുന്ന, എല്ലാവരേയും ഒരുപോലെ കണ്ടിരുന്ന, നിഷ്‌കളങ്കയായ തന്റെ സഹോദരി ഷെഹ്നാസ് ലാലാരുഖ് ഖാന്റെ ജീവിതം മാറി മറിയുന്നത് അച്ഛന്റെ മരണത്തോടെയാണെന്ന് മുമ്പൊരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുണ്ട്.
''അവള്‍ കരഞ്ഞില്ല, സംസാരിച്ചില്ല. അവള്‍ ശൂന്യതയിലേക്ക് നോക്കിയിരുന്നു. അങ്ങനെ നോക്കിയിരിക്കവെ അവളുടെ ലോകം തന്നെ മാറിപ്പോയി. ഇപ്പോള്‍ അവള്‍ക്ക് ഭേദമായി. പക്ഷെ കുറച്ച് കുറവുകളുണ്ട്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയുടെ സമയത്ത് അവള്‍ വീണ്ടും ആശുപത്രിയിലായി. അവള്‍ രക്ഷപ്പെടില്ലെന്നാണ് അവര്‍ പറഞ്ഞത്. ഞാനവളെ സ്വിറ്റ്‌സര്‍ലണ്ടില്‍ കൊണ്ടുപോയി. ഞാന്‍ തുജേ ദേക്കാ തോ യേ ജാനാ സനത്തില്‍ അഭിനയിക്കുമ്പോള്‍ അവിടെ അവളുടെ ചികിത്സ നടക്കുകയായിരുന്നു'' എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.
''പക്ഷെ ഞങ്ങളുടെ അച്ഛന്റെ വേര്‍പാടില്‍ നിന്നും അവള്‍ ഒരിക്കലും പൂര്‍ണമായി മുക്തയായില്ല. പത്ത് വര്‍ഷത്തിന് ശേഷം അമ്മയും പോയതോടെ ആ വേദനയുടെ ആഴവും കൂടി. ഇസ്ലാമില്‍ പറയുന്നത് പോലെ ഞങ്ങള്‍ അതോടെ യത്തീമുകളായി. അച്ഛനും അമ്മയുമില്ലാത്തവര്‍. അവള്‍ നന്നായി പഠിക്കുമായിരുന്നു. എംഎ എല്‍എല്‍ബി നേടിയതാണ്. നല്ല ബുദ്ധിയുള്ളവളാണ്. അച്ഛനും അമ്മയും ആഗ്രഹിച്ചതു പോലെ തന്നെ. പക്ഷെ അവരെ നഷ്ടമായെന്ന യാഥാര്‍ത്ഥ്യം അവള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല'' എന്നും താരം പറയുന്നുണ്ട്.
''ഞാന്‍ എങ്ങനെയോ ധൈര്യത്തിന്റെ ഒരു വ്യാജമുഖം വളര്‍ത്തിയെടുത്തു. പുറത്ത് ഞാന്‍ കാണിച്ചത് അതായിരുന്നു. തമാശകള്‍ പറഞ്ഞു. എന്റെ ജീവിതത്തിന്റെ വേദനകളേയും സഹോദരിയെപ്പോലെയായിത്തീരുമെന്ന പേടിയും മറക്കാന്‍ ഞാന്‍ അങ്ങനെ പലതും കാണിച്ചുക്കൂട്ടി. എനിക്ക് എന്റെ സഹോദരിയെ ഒരുപാടിഷ്ടമാണ്. എനിക്ക് സാധ്യമാകുന്നതിലും അപ്പുറം വളരെ നല്ലൊരു വ്യക്തിയാണ് അവള്‍. ദൈവത്തിന്റെ കുഞ്ഞ്. നിഷ്‌കളങ്കയാണ്'' എന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.
''എന്നേയും ഭാര്യയേയും സ്‌നേഹിക്കുന്നതിനേക്കാള്‍ എന്റെ മക്കള്‍ സ്‌നേഹിക്കുന്നത് അവളെയാണ്. അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷെ എനിക്ക് ഇത്രയും വേദന സഹിക്കാനുള്ള ധൈര്യമില്ല. അതിനാല്‍ ഞാന്‍ മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ ശ്രമിച്ചു. എന്ത് സംഭവിച്ചാലും പറഞ്ഞാലും സന്തോഷത്തോടെയിരിക്കാനും തമാശ പറയാനും ശ്രമിച്ചു. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനും വിഷാദരോഗിയാകും. വിഷാദരോഗിയായി മാറാതിരിക്കാനാണ് ഞാന്‍ അഭിനയിക്കുന്നത്'' എന്നും അദ്ദേഹം പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
