

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾക്ക് പിഷാരടി നൽകുന്ന ക്യാപ്ഷനുകൾക്കും ആരാധകരേറെയാണ്. നടൻ മമ്മൂട്ടിയ്ക്കൊപ്പം രമേഷ് പിഷാരടി നടക്കുന്നത് പലപ്പോഴും പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമൊക്കെ കാരണമാകാറുണ്ട്. പിഷാരടി മമ്മൂട്ടിയുടെ പിന്നാലെ നടക്കുന്നത് എന്തെങ്കിലും ലാഭം കിട്ടാൻ വേണ്ടിയാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നിരുന്നു.
ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ഇന്നത്തെ കാലത്ത് നന്മ സംശയിക്കപ്പെടുമെന്ന് നടൻ പറഞ്ഞു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി ഇക്കാര്യം പറഞ്ഞത്.
"മമ്മൂട്ടിയുടെ വാലു പോലെ നടക്കുന്നുവെന്ന് ഞാനും കേട്ടിരുന്നു. ഞാൻ ഇതിനേക്കുറിച്ച് ധർമജനോട് സംസാരിച്ചിട്ടുണ്ട്. നമ്മളിത്ര കാലം നടന്നപ്പോൾ പോലും ആരും വാലും തലയുമായി എന്ന് പറഞ്ഞു കേട്ടിട്ടില്ല. അതിന്റെ പ്രശ്നം അദ്ദേഹത്തിന്റെ പ്രൊഫൈലിന്റെ വലുപ്പവും എന്റെ പ്രൊഫൈലും തമ്മിൽ മാച്ച് ആകാത്തതാണ്. ഇന്നത്തെ വർത്തമാന കാലഘട്ടത്തിൽ നന്മ സംശയിക്കപ്പെടും.
ഒരാൾ നമ്മളോട് നന്നായി സംസാരിച്ചാൽ, ഇവൻ എന്തിനാണ് എന്നോട് നന്നായി പെരുമാറുന്നത്? എന്തോ കാര്യം നേടാനുണ്ടെന്ന് പറയും. എന്റെ കാര്യത്തിലാകുമ്പോൾ ആളുകൾക്ക് ഒരുപാട് പറയാൻ ഉണ്ട്. അവൻ അവസരത്തിന് വേണ്ടിയാണ്, സിനിമ കിട്ടാൻ ആണ് എന്നൊക്കെ. ഞാനും അദ്ദേഹവും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മനുഷ്യനായി കണ്ടാൽ ഈ ചോദ്യത്തിന് പ്രസക്തി ഉണ്ടാവില്ല.
ഇമ്മാനുവൽ എന്ന പടത്തിൽ പറയുന്നത് പോലെ എന്റെ പ്രായമാണ് അദ്ദേഹത്തിന്റെ എക്സ്പീരിയൻസ്. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ഒരു നടനൊപ്പം ഇരിയ്ക്കാൻ പറ്റുന്നത് എന്റെ ഭാഗ്യമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പറയുന്നത് വരെ ഇത് മിസ് ആക്കാൻ ഞാൻ തയ്യാറല്ല. ഞങ്ങളുടെ സംസാരങ്ങളിൽ കൂടുതലും വരുന്നത് സിനിമയെക്കുറിച്ചാണ്. രാഷ്ട്രീയം സംസാരിക്കാറുണ്ട്. സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങൾ സംസാരിക്കാറുണ്ട്. അഭിപ്രായ ഭിന്നതകൾ ഉണ്ടാകാറുണ്ട്. അഭിപ്രായ ഭിന്നതയുള്ളത് കൊണ്ടാണ് സംസാരിക്കാൻ പറ്റുന്നത്. ഇല്ലെങ്കിൽ സംസാരിക്കാൻ പറ്റില്ല". രമേഷ് പിഷാരടി പറഞ്ഞു.
രമേഷ് പിഷാരടിയുടെ ഈ വർഷത്തെ പിറന്നാൾ ആഘോഷവും മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു. കുഞ്ചാക്കോ ബോബനും മമ്മൂട്ടിയ്ക്കുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രവും പിഷാരടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
