

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ വിമര്‍ശനവുമായി സംവിധായക ശ്രുതി ശരണ്യം. സ്ത്രീപക്ഷ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാതെ പോയതിനെയാണ് ശ്രുതി ശരണ്യം വിമര്‍ശിക്കുന്നത്. ലൈംഗിക കുറ്റവാളികളെ ആഘോഷിക്കുന്നതില്‍ മടി കാണിക്കുന്നില്ലെന്നും ശ്രുതി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേരള സ്റ്റേറ്റ് മസ്‌കുലിന്‍ അവാര്‍ഡ്‌സ് എന്നാണ് പുരസ്‌കാര പ്രഖ്യാപനത്തെ ശ്രുതി ശരണ്യം വിമര്‍ശിക്കുന്നത്. ആണ്‍ നോട്ടം എന്താണെന്ന് മനസിലാക്കാന്‍ ബഹുമാനപ്പെട്ട ജൂറിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ശ്രുതി ശരണ്യം പറയുന്നു.
''കേരള സ്റ്റേറ്റ് മസ്‌കുലിന്‍ അവാര്‍ഡ്‌സ്-ഹൈലൈറ്റ്‌സ്. എന്‍ട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകളുണ്ടായിരുന്നുളളൂവെന്നാണ് ജൂറി ചെയര്‍മാന്‍ തന്നെ പറഞ്ഞത്. എന്നിട്ട് അവര്‍ ഒരു ഹൊയ്‌ഡെനിഷ് സിനിമയ്ക്കുമേല്‍ അവാര്‍ഡുകള്‍ ചൊരിഞ്ഞു. അതും പോരാതെ, ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഷോഘിക്കുന്നു. 'ബഹുമാനപ്പെട്ട' ജൂറിയ്ക്ക് ആണ്‍ നോട്ടം എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം. ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂര്‍വ്വം മാറ്റി നിര്‍ത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാര്‍ഡ്. അവന്റെ നോട്ടം'' എന്നാണ് ശ്രുതി പറയുന്നത്.
സ്വതന്ത്ര്യസിനിമകളോടുള്ള അവഗണനയും ശ്രുതി ശരണ്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനപ്രിയചിത്രങ്ങള്‍ക്ക് സ്വകാര്യപുരസ്‌കരവേദികളും, മനുഷ്യരിലേക്കു കടന്നു ചെല്ലാനുള്ള ഒടിടി-തീയ്യെറ്റര്‍ സ്‌പേസുകളും വേണ്ടുവോളം ഉണ്ടെന്നിരിയ്‌ക്കെ - ദേശീയപുരസ്‌കാരങ്ങളില്‍ നിലവില്‍ വിശ്വാസം ഇല്ലെന്നിരിയ്‌ക്കെ- സംസ്ഥാനചലച്ചിത്രപുരസ്‌കാരങ്ങളെങ്കിലും ഇത്തരം സ്വതന്ത്രചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു എന്നാണ് ശ്രുതി പറയുന്നത്.
ശ്രുതിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
സ്വതന്ത്രസിനിമയുടെ ആകെയുള്ള ഇന്ധനമെന്നു പറയുന്നത് സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളും ഫെസ്റ്റിവല്‍ എന്‍ട്രികളുമാണ്. ജനപ്രിയചിത്രങ്ങള്‍ക്ക് സ്വകാര്യപുരസ്‌കരവേദികളും, മനുഷ്യരിലേക്കു കടന്നു ചെല്ലാനുള്ള ഒടിടി-തീയ്യെറ്റര്‍ സ്‌പേസുകളും വേണ്ടുവോളം ഉണ്ടെന്നിരിയ്‌ക്കെ - ദേശീയപുരസ്‌കാരങ്ങളില്‍ നിലവില്‍ വിശ്വാസം ഇല്ലെന്നിരിയ്‌ക്കെ- സംസ്ഥാനചലച്ചിത്രപുരസ്‌കാരങ്ങളെങ്കിലും ഇത്തരം സ്വതന്ത്രചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു.
ജനപ്രിയചിത്രങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയല്ല എന്നല്ല, അതോടൊപ്പം, ഒരുപക്ഷേ, അതിലേറെ പ്രാധാന്യത്തോടെ സ്വതന്ത്രസിനിമകളെയും അക്കാദമി ഉള്‍ക്കൊള്ളേണ്ടതില്ലേ? കാരണം, ഈ ഇന്ധനം നിലച്ചാല്‍ ഇല്ലാത്ത പൈസ കയ്യില്‍ നിന്നെടുത്തും, കടം വാങ്ങിയും, നിര്‍മ്മാതാക്കളില്‍നിന്നും അപമാനങ്ങള്‍ സഹിച്ചും സിനിമകളുണ്ടാക്കി, അത്തരം സിനിമകളെ അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ വരെ കഷ്ടപ്പെട്ട് എത്തിച്ച മലയാളത്തിലെ പല സ്വതന്ത്രസംവിധായകരും നാളെ നാമാവശേഷരായെന്നു വരും. പാരഡൈസിനും, പായല്‍ കപാഡിയക്കും, ഫെമിനിച്ചിഫാത്തിമയ്ക്കും ലഭിച്ച അംഗീകാരങ്ങളില്‍ സന്തോഷിക്കുന്നു. ഒപ്പം, അംഗീകരിക്കപ്പെടാതെ പോയ മറ്റു നല്ല ചിത്രങ്ങളെയും അവയുടെ സംവിധായകരെയും ഓര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates