

വിഡിയോ വൈറലായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് സംവിധായക ശ്രുതി ശരണ്യം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളെ ഒന്നാകെ പരിഹസിക്കുന്നതിനെക്കുറിച്ചാണ് ശ്രുതി സംസാരിക്കുന്നത്.
തിരക്കുള്ള ബസ്സും ട്രെയിനും ഉള്‍പ്പെടെ ഒരു പൊതുവിടവും അത്ര നിഷ്‌കളങ്കമല്ലെന്നാണ് ശ്രുതി പറയുന്നത്. ഈയൊരു സംഭവത്തിന്റെ വെളിച്ചത്തില്‍ വയലേഷനുകള്‍ തുറന്നുപറയുന്ന സ്ത്രീകളെ ഒന്നടങ്കം കാടടച്ച് അധിക്ഷേപിച്ച്, പുറത്തുപറയാനുള്ള പേടിയെ വീണ്ടും ഊട്ടിയുറപ്പിക്കരുതെന്നും ശ്രുതി പറയുന്നു. ശ്രുതിയുടെ വാക്കുകളിലേക്ക്:
എത്രയോ കാലങ്ങള്‍ പൊരുതിയാണ് ഓരോ സ്ത്രീയും അവര്‍ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളിലുമൊക്കെയായി അനുഭവിച്ച അബ്യൂസുകളും വയലേഷനുകളുമൊക്കെ തുറന്നു പറയാന്‍ തുടങ്ങിയത്. ഇപ്പൊഴും ഭയംകൊണ്ടു മിണ്ടാതിരിക്കുന്ന എത്രയോ സ്ത്രീകള്‍ നമുക്കിടയിലുണ്ട്. ആ സ്‌പേസിലേക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത ബസ്സിലെ സംഭവവും ഇടംപിടിക്കുന്നത്.
ഇത്തരം ഒരു വയലേഷന് ദൃക്‌സാക്ഷിയായ (വയലേഷന്‍ നടന്നിട്ടുണ്ടെന്ന് അവര്‍ക്കുറപ്പുണ്ടെങ്കില്‍) ആ സ്ത്രീ ചെയ്യേണ്ടിയിരുന്നത് അവരുടെ പക്കലുള്ള തെളിവുകള്‍ നാട്ടിലെ നിയമപരിപാലകരിലേക്ക് എത്തിക്കുക എന്നതായിരുന്നു. അവര്‍ അത് സോഷ്യല്‍മീഡിയ കണ്ടന്റാക്കിയത് വലിയ തെറ്റുതന്നെയാണ്. പക്ഷേ, അതൊന്നുംതന്നെ തങ്ങള്‍ക്കെതിരെയുള്ള വയലന്‍സിനെ ചെറുക്കാന്‍ സ്ത്രീകള്‍ ഇക്കാലമത്രയും നടത്തിയ പോരാട്ടങ്ങളെ റദ്ദുചെയ്യാനുള്ള കാരണങ്ങളല്ല.
എന്റെയനുഭവത്തില്‍ തിരക്കുള്ള ബസ്സും ട്രെയിനും ഉള്‍പ്പെടെ ഒരു പൊതുവിടവും അത്ര നിഷ്‌കളങ്കമല്ല. ഞാനിതെഴുതാനെടുത്ത ഈ ചെറിയ ഇടവേളയില്‍പോലും കേരളത്തിന്റെ അങ്ങോളമിങ്ങോളും എണ്ണമറ്റ പെണ്ണുങ്ങള്‍ ചെറുതും വലുതുമായ വയലേഷനുകള്‍ക്ക് ഇരയാകുന്നുണ്ടാവുമെന്നെനിയ്ക്ക് ഉറപ്പാണ്. അതുകൊണ്ട്, ഈയൊരു സംഭവത്തിന്റെ വെളിച്ചത്തില്‍ വയലേഷനുകള്‍ തുറന്നുപറയുന്ന സ്ത്രീകളെ ഒന്നടങ്കം കാടടച്ച് അധിക്ഷേപിച്ച്, പുറത്തുപറയാനുള്ള പേടിയെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന പരിപാടി പൊതുസമൂഹം ചെയ്യരുതെന്നാവര്‍ത്തിക്കുന്നു. നവജാതശിശുക്കളെ വരെ വെറുതെ വിടാത്ത പ്രെഡെറ്ററുകള്‍ വിഹരിക്കുന്ന നാടാണ് നമ്മുടെയെന്നോര്‍ക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates