

ഫൈറ്റര്‍ സിനിമയിലെ ചുംബനരംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ്. ഇന്ത്യന്‍ എയര്‍ ഫോഴ്സ് എന്‍ഓസി തന്നതിന് ശേഷമാണ് ചിത്രം സെൻസർ ബോർഡിന് സമര്‍പ്പിച്ചതെന്ന് സിദ്ധാർത്ഥ് വ്യക്തമാക്കി. ചിത്രത്തില്‍ എയർ ഫോഴ്സ് യൂണിഫോമിലുള്ള ഹൃത്വിക്കിന്റെയും ദീപികയുടേയും കഥാപാത്രങ്ങളുടെ ചുംബനരംഗമായിരുന്നു വിവാദത്തിനിടയാക്കിയ ഒരു കാര്യം.
സിനിമയുടെ തിരക്കഥ മുതൽ റിലീസ് വരെയുള്ള ഘട്ടങ്ങളിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഇടപെടലുണ്ടായിരുന്നുവെന്ന് സിദ്ധാർത്ഥ് വ്യക്തമാക്കി. തങ്ങൾക്ക് എയർ ഫോഴ്സിന്റെ സഹകരണമുണ്ടായിരുന്നു. സെൻസർ ബോർഡിന് സിനിമ സമർപ്പിക്കുന്നതിന് മുമ്പ് എയർ ഫോഴ്സ് അധികൃതർ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്തിരുന്നു. അതിനുശേഷം എൻഓസി തന്നു. പിന്നീടാണ് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. റിലീസിനുമുമ്പ് എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരിയേയും രാജ്യമെമ്പാടുനിന്നുമുള്ള 100 എയർ മാർഷലുകളേയും ചിത്രം കാണിച്ചു. കയ്യടികളോടെയാണ് അവർ സിനിമയെ സ്വീകരിച്ചതെന്നും സിദ്ധാർത്ഥ് ആനന്ദ് ചൂണ്ടിക്കാട്ടി.
എയർ ഫോഴ്സ് വിംഗ് കമാൻഡർ സൗമ്യ ദീപ ദാസാണ് ഫൈറ്ററിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. എയർ ഫോഴ്സ് യൂണിഫോമിലുള്ള ഹൃത്വിക്കിന്റെയും ദീപികയുടേയും കഥാപാത്രങ്ങളുടെ ചുംബനരംഗമാണ് നോട്ടീസിന് ആധാരം. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ ഉചിതമായ രീതിയിലല്ല പെരുമാറിയത് എന്നാണ് ഈ നോട്ടീസിൽ പറയുന്നത്. കൂടാതെ ഇങ്ങനെയൊരു സംഭവത്തെ സിനിമ സാധാരണമാക്കുന്നതായും നോട്ടീസിലുണ്ട്.
ജനുവരി 25നാണ് ഹൃത്വിക് റോഷന്‍, ദീപിക പദുക്കോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റർ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് ബോക്സോഫീസിൽ മികച്ച നേട്ടമുണ്ടാക്കാനാവാത്തതിലുള്ള സംവിധായകന്റെ പ്രതികരണവും മുന്‍പ് വിവാദമായിരുന്നു. പ്രേക്ഷകരുടെ അറിവില്ലായ്മ കൊണ്ടാണ് ’ഫൈറ്റർ’ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാഞ്ഞതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാജ്യത്തെ 90 ശതമാനം ആളുകളും വിമാനത്തിൽ കയറിയിട്ടില്ലെന്നും അതിനാൽ സിനിമയിൽ നടക്കുന്നത് അവർക്ക് മനസിലായില്ലെന്നുമാണ് സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates