

മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് മോഹൻലാൽ (Mohanlal). തിരനോട്ടം എന്ന ചിത്രത്തിലൂടെ 18-ാം വയസിലാണ് മോഹൻലാൽ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ തുടക്കകാലത്തെ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന്‍. തന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമായ 'നിധിയുടെ കഥ' ചിത്രീകരണം പുനരാരംഭിക്കുന്ന സമയത്ത് ആ സിനിമയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കാനായി വന്ന ഒരു റെക്കമെന്‍റേഷനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.
ഛായാഗ്രാഹകന്‍ എസ് കുമാര്‍ ആണ് മോഹന്‍ലാലിന്‍റെ കാര്യം വിജയകൃഷ്ണനോട് പറഞ്ഞത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ഫോട്ടോ കണ്ട താന്‍ ആ പുതിയ പയ്യനെ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്ന് വിജയകൃഷ്ണന്‍ തന്നെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പത്മരാജന്‍ പുരസ്കാരവേദിയില്‍ മോഹന്‍ലാലുമായി സംസാരിക്കുന്ന തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിജയകൃഷ്ണന്‍റെ കുറിപ്പ്.
വിജയകൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
പത്മരാജൻ സ്മൃതി പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ചിലർ എന്നോട് ചോദിച്ചു, ലാലേട്ടനുമായി എന്താ സംസാരിച്ചത്?നാലര പതിറ്റാണ്ടിനുമുൻപ് 'നിധിയുടെ കഥ' എന്ന എന്റെ ആദ്യചിത്രം തുടങ്ങുമ്പോൾ എസ് കുമാറായിരുന്നു ഛായാഗ്രാഹകൻ. ബ്ലാക്ക് ആൻഡ് വൈറ്റിൽ 4000 അടി ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ അത് നിന്നുപോയി. എട്ടു വർഷം കഴിഞ്ഞ് വീണ്ടും തുടങ്ങിയപ്പോൾ കുമാർ പ്രിയന്റെ ചിത്രങ്ങളിലൂടെ തിരക്കുള്ള കാമറാമാനായിക്കഴിഞ്ഞിരുന്നു.
അപ്പോൾ ഞാൻ പുതിയ ആളെ തേടി. സന്തോഷ് ശിവനെ കിട്ടി. അങ്ങനെ എസ് കുമാറിന്റെ ആദ്യ ചിത്രമാകേണ്ടിയിരുന്ന 'നിധിയുടെ കഥ ' സന്തോഷ് ശിവന്റെ ആദ്യചിത്രമായി. പറയാൻ വന്നത് അതല്ല. കുമാറും ഞാനും ഒത്തു പ്രവർത്തിക്കുന്ന കാലത്ത് ഒരു ദിവസം കുമാർ ഒരു ഫോട്ടോ എന്നെ കാണിച്ചു. "ഞാൻ ചെയ്യാൻ പോകുന്ന തിരനോട്ടം എന്ന പടത്തിൽ അഭിനയിക്കുന്ന പയ്യനാണിത്. മോഹൻലാൽ. നമുക്കിയാൾക്കൊരു റോൾ കൊടുക്കണം. "ഫോട്ടോ നോക്കിയിട്ട് ഞാൻ പറഞ്ഞു, "ഓ, ഇതൊരു പ്ലേബോയ്. നമുക്ക് പറ്റില്ല." കുമാർ വിട്ടില്ല.
"വളരെ ഡെഡിക്കേറ്റഡ് ആണിയാൾ. കോ ഓപ്പറേറ്റീവ്. നമുക്കൊന്ന് കാണാം." അയാളെ കാണുന്ന പ്രശ്നമില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. യാദൃച്ഛികമെന്നു പറയട്ടെ, പത്മരാജൻ പരിപാടിയുടെ വേദിയിൽ കുമാറുമുണ്ടായിരുന്നു.
ലാലും ഞാനും സംസാരിക്കുന്നതു നോക്കി കുമാർ അർഥഗർഭമായി ചിരിക്കുന്നത് കണ്ടു. നാല്പത്തഞ്ചു വർഷം മുൻപ് ഇങ്ങനെ സംസാരിച്ചു കൂടായിരുന്നോ എന്നായിരിക്കാം വ്യoഗ്യം. ഇനി ആ ചെറുപ്പക്കാരോട് - ഞാനും ലാലും സംസാരിച്ചത് ഓഷോയെക്കുറിച്ചും രമണമഹർഷിയെക്കുറിച്ചുമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates