'സമാധാനമായി സാറെ, ഇനി ഉറങ്ങാന്‍ പറ്റും, അമ്മയും അനിയത്തിയും മിണ്ടാന്‍ വരുമ്പോള്‍ ദേഷ്യപ്പെടില്ല'; വൈകാരിക കുറിപ്പുമായി സംവിധായകന്‍

ഉള്ളിലെ അഹം എന്ന അലങ്കാരത്തിന് ചുറ്റിക കൊണ്ട് കിട്ടിയ പ്രഹരമായിരുന്നു ആദ്യ സിനിമയ്ക്ക് കിട്ടിയ പ്രതികരണം
Vinay Jose
Vinay Joseഫെയ്സ്ബുക്ക്
Updated on
2 min read

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി സംവിധാകന്‍ വിനയ് ജോസിന്റെ വാക്കുകള്‍. ആദ്യ സിനിമയുടെ പരാജയവും അതില്‍ നിന്നും പുറത്തു കടക്കാനുണ്ടായ പ്രയാസത്തെക്കുറിച്ചുമൊക്കെയാണ് വിനയ് ജോസ് തന്റെ കുറിപ്പില്‍ സംസാരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ആപ്പ് കൈസേ ഹോ എന്ന സിനിമയുടെ സംവിധായകനാണ് വിനയ് ജോസ്.

Vinay Jose
'ജീവന്‍ പോയിട്ടും വിജയ് ഒരു വാക്ക് പറഞ്ഞില്ല; മരണങ്ങളുണ്ടാകരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു'; കരൂരില്‍ സംഭവിച്ചത് അംബിക ഭയന്നത്

ഉള്ളിലെ അഹം എന്ന അലങ്കാരത്തിന് ചുറ്റിക കൊണ്ട് കിട്ടിയ പ്രഹരമായിരുന്നു ആദ്യ സിനിമയ്ക്ക് കിട്ടിയ പ്രതികരണം എന്നാണ് വിനയ് ജോസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

Vinay Jose
'തമിഴ്നാടിനെ സംബന്ധിച്ചു ഇത്തരം ബലികൾ മുൻപും ഉണ്ടായിട്ടുണ്ട്; ഇത്രയധികം പേർ ആദ്യം'

ഉള്ളിലെ അഹം എന്ന അലങ്കാരത്തിന് ചുറ്റിക കൊണ്ട് കിട്ടിയ പ്രഹരമായിരുന്നു ആദ്യ സിനിമയുടെ റിസള്‍ട്ട്.. സിനിമയുടെ ബിഫോര്‍ റിലീസ് ജീവിതവും ആഫ്റ്റര്‍ റിലീസ് ജീവിതവും, വെളിച്ചമില്ലാത്ത അവസ്ഥ തന്നെയാണ് ഇരുട്ട് എന്ന സത്യത്തിലേക്ക് ചുറ്റുപാടുകള്‍ കൊണ്ട് ചെന്നെത്തിച്ചിരുന്നു. സൗഹൃദങ്ങള്‍ ക്ഷയിച്ചു. തേടിയുള്ള വിളികള്‍ കുറഞ്ഞു.അധികം പുറത്തേക്ക് ഇറങ്ങാതെയായി. ജീവിതം മടുപ്പിക്കുന്ന ഒരു ഡ്രാമ ക്ളീഷേ സിനിമ പോലെ ആയി.

അങ്ങനെ എന്നത്തേയും പോലെ രാവിലെ തന്നെ ഫുഡും കേറ്റി അത്യാവശ്യത്തിനുള്ള പുച്ചോം ഏറ്റു വാങ്ങി ഓസ്‌കാര്‍ നേടാനുള്ള കുറുക്കു വഴികളുടെ യൂട്യൂബ് വീഡിയോ കണ്ടു റൂമില്‍ ഇരിക്കുമ്പോള്‍... മോള് വന്നു വാതിലില്‍ തട്ടി... യുട്യൂബ് കാണനുള്ള സ്ഥിരം വരവാണെന്ന് വെച്ച് നടക്കില്ല അപ്പക്ക് ഈ ലോകം വെട്ടിപിടിച്ചു പുച്ഛിച്ചവരുടെ മുന്നില്‍ ഓസ്‌കാര്‍ പിടിച്ചു നില്‍ക്കാനുള്ളതാണ് എന്ന് പറഞ്ഞു വിരട്ടി വിടാന്‍ വാതില്‍ തുറന്നപ്പോള്‍

'അപ്പേ.. സാറിനെ അന്വേഷിച്ചു ഒരു ചേട്ടന്‍ പുറത്തു വന്ന് നില്‍ക്കുന്നു....'

'സാറോ...?മോളെ അത് സാറായ നിന്റെ അപ്പാപ്പനോട് ചെന്ന് പറ..'

'വിനയ് സാറെന്നു അപ്പേടെ പേരല്ലേ.... അപ്പൊ അപ്പയെ തന്നെയാ..'

വിനയ് സാറോ... ഓ മൈ ഗോഡ്... പിന്നെ ഒട്ടും അമാന്തിച്ചില്ല ആ മഹാനെ കാണാന്‍ അടിയിലോട്ടു ഓടി... ഈ സാഹചര്യത്തില്‍ സാറെന്നൊക്കെ വിളിച്ചു ഒരാള് വന്നേക്കല്ലേ.. ആദ്യം പുള്ളിയെ ഒന്ന് കാണട്ടെ... പാതി മറഞ്ഞ വാതിലിന്റെ മറുവശത്തു കസേരയെ ഒട്ടും വേദനിപ്പിക്കാതെ ഇരിക്കുന്ന ആ പുള്ളിയെ ഞാന്‍ കണ്ടു... ബെസ്‌റ് ആക്ടര്‍ സിനിമയിലെ പാട്ടില്‍ പറഞ്ഞത് പോലെ...

'സ്വപനം ഒരു ചാക്കും.. തലയില്‍ അത് താങ്ങി ഒരു പോക്കുമായി ഒരുത്തന്‍...'

'സാറെ എന്ന മനസ്സിലായോ...?'

ദേ വീണ്ടും സാറ്...

'ഇല്ല എനിക്ക് കിട്ടിയില്ല...'

'ഞാന്‍ ചാന്‍സ് ചോദിച്ചു ഇടക്ക് വിളിക്കാറുണ്ട്... കഴിഞ്ഞ ആഴച വിളിച്ചിരുന്നു.... സാറെ സുഖാണോന്നു ചോദിച്ചപ്പൊ ഇപ്പൊ അത്രക്ക് സുഖമില്ലാന്നു പറഞ്ഞു കട്ട് ചെയ്തു...'

ആ ഇപ്പൊ കിട്ടി..!

'അതിനു നിന്റെ വീട് ഇടുക്കി എങ്ങാണ്ടും അല്ലെ....'

'അതെ സാറെ..'

'ഇവിടെ എന്തേലും ആവശ്യത്തിന് വന്നതാണോ...?'

'അല്ല സാറിനെ കാണാന്‍ വന്നതാ...'

'ഏഹ്ഹ് അവിടന്ന് എന്നെ കാണാന്‍ മാത്രം വന്നതോ... തലയ്ക്കു എന്തേലും ഓളം ഉണ്ടോ നിനക്ക് ... എടാ ഞാന്‍ ഇനി സിനിമ ചെയ്യൊന്നു പോലും ഉറപ്പില്ല... ആ എന്നെയൊക്കെ അന്വേഷിച്ചു ഇത്ര ദൂരം വന്ന നിന്റെയൊക്കെ ഗതികേട്...'

'സാറ് അന്ന് അങ്ങനെ പറഞ്ഞപ്പോള്‍ സാറിന്റെ സിനിമയില്‍ അഭിനയിപ്പിക്കല്ലെന്നു വിചാരിച്ചു... കുറെ വര്‍ഷായിട്ട് നടക്കണതാ സാറെ വല്ലപ്പോഴും ആണ് പടം തുടങ്ങട്ടെ നമുക്ക് റെഡിയാക്കാം എന്ന് ആരേലും പറയണത്... അതും വെറുപ്പിച്ചു കളഞ്ഞൂന്നു വിചാരിച്ചിട്ട് കിടന്നിട്ടു ഉറക്കം കീട്ടണില്ല... സാറിനു എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ...?'

'എടാ അത് ആ സമയത്തു ചിലപ്പൊ പെട്ടന്ന് പറഞ്ഞതാകും... അല്ലാതെ... ദേഷ്യമൊന്നും ഉണ്ടായിട്ടല്ല.. പിന്നെ നിന്റെ സാറുവിളി നല്ല ദേഷ്യം ഇണ്ടാക്കുന്നുണ്ട്...'

എല്ലാരേം വിളിച്ചു ശീലമായി അതങ്ങനയെ വരു സാറേ.. അവന്‍ ബാഗില്‍ നിന്നും ഒരു കവര്‍ എടുത്തു തുറന്നു.... ഒരു ഡയറിമില്‍ക്കിന്റെ മിട്ടായിയെടുത്തു എനിക്ക് തന്നു... 'സാറിടുന്ന മോള്‍ടെ വീഡിയോസ് ഒക്കെ കാണാറുണ്ട് മോള്‍ക്ക് വേണ്ടി വാങ്ങിയതാ...'

സത്യത്തില്‍ അപ്പോള്‍ എന്റെ ഉള്ളൊന്നു പിടഞ്ഞു.... അവന്‍ എണീറ്റ് പുറത്തേക്കു ഇറങ്ങി...

'എടാ ഞാന്‍ ഇനി ഒരു പടം ചെയ്യാണെങ്കില്‍ അതില്‍ സംസാരിക്കുന്ന ഒരു റോള് നിനക്ക് എന്തായാലും ഉണ്ടാകും... '

'ഓഹ് സമാധാനമായി സാറെ... ഇനിയിപ്പോ പുതപ്പു മൂടി കണ്ണടച്ച് കിടക്കുമ്പോള്‍ ഉറങ്ങാന്‍ പറ്റും.. അമ്മയും അനിയത്തിയും എന്തെങ്കിലും മിണ്ടാന്‍ വരുമ്പോള്‍ അവരോടു ദേഷ്യപ്പെടാതിരിക്കാന്‍ പറ്റും... ഒരുപാട് നന്ദിയുണ്ട് സാറെ..... ഞാന്‍ പ്രാര്‍ത്ഥിക്കാം...'

നിര്‍ബന്ധിച്ചപ്പോള്‍ ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചു അവന്‍ പോയി... നടന്നകലുന്ന അവന്റെ കയ്യുടെ ചലനം കണ്ടാലറിയാം.. അവന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നേടിയെടുക്കാനുള്ള ഓട്ടത്തിന്റെ വേദനയുടെ കണ്ണീരു തുടച്ചതാണെന്നു.. എനിക്കൊട്ടും പ്രതീക്ഷ ഇല്ലാതെ ഞാന്‍ പറഞ്ഞ എന്റെ ആ ഒറ്റ വരി ഡയലോഗിന് ഒരുത്തനു സുഖമായി ഉറങ്ങാന്‍ പറ്റുമെങ്കില്‍ അവന്റെ അമ്മയ്ക്കും അനിയത്തിക്കും സന്തോഷം കൊടുക്കാന്‍ പറ്റിയെങ്കില്‍. എന്റെയൊന്നും സാങ്കടോം നിരാശയും ഒരു കോപ്പുമല്ലന്നു. ദൈവം ഇടുക്കിയില്‍ നിന്ന് വണ്ടീം കേറി വന്നു ഒരു മിട്ടായി തന്ന് എല്ലാ കയ്പ്പുകളും ഒരിക്കല്‍ മധുരമാകും എന്ന് പറഞ്ഞതാണെന്ന് എനിക്ക് തോന്നി.

Summary

Director Vinay Jose pens an emotional note. talks about how he overcame the failiure of his movie. an aspiring actor helped him to move on.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com