ജെമിനി ​ഗണേശന് ശേഷം മറ്റൊരു സൂപ്പർ സ്റ്റാറാകാൻ ദുൽഖർ; 'കാന്ത' അപ്ഡേറ്റ്

1950കളില്‍ തമിഴ്‌നാട്ടില്‍ ഏറെ കുപ്രസിദ്ധിയാര്‍ജിച്ച സിനിമാ ജേര്‍ണലിസ്റ്റായിരുന്നു ലക്ഷ്മികാന്തന്‍.
Dulquer Salmaan
ദുൽഖർ സൽമാൻഇൻസ്റ്റ​ഗ്രാം
Updated on
1 min read

ലക്കി ഭാസ്കറിന്റെ വിജയത്തിളക്കത്തിലാണിപ്പോൾ ദുൽഖർ സൽമാൻ. തെലുങ്ക് സിനിമകളിലാണിപ്പോൾ ദുൽഖർ കൂടുതലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന കാന്ത. യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുക്കിയിരിക്കുന്നത്.

1950കളില്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ലക്ഷ്മികാന്തന്‍ കൊലക്കേസ് ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ തമിഴിലെ ആദ്യ സൂപ്പർസ്റ്റാറായ എം കെ ത്യാഗരാജ ഭാഗവതരായാണ് ദുൽഖർ എത്തുക എന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 1934 മുതൽ 1960 വരെ സിനിമയിൽ സജീവമായിരുന്ന ജനപ്രിയ നടനും കർണാടിക് ഗായകനുമായിരുന്നു എംകെടി എന്നറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതർ.

തന്റെ കരിയറിൽ 14 സിനിമകളാണ് അദ്ദേഹം ചെയ്തത്. അതിൽ 10 സിനിമകളും വൻ വിജയമായി മാറിയിരുന്നു. എന്നാൽ ലക്ഷ്മികാന്തന്‍ എന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ത്യാഗരാജ ഭാഗവതർ അറസ്റ്റിലാവുകയും ജയിലിൽ കഴിയുകയുമുണ്ടായി. 1950കളില്‍ തമിഴ്‌നാട്ടില്‍ ഏറെ കുപ്രസിദ്ധിയാര്‍ജിച്ച സിനിമാ ജേര്‍ണലിസ്റ്റായിരുന്നു ലക്ഷ്മികാന്തന്‍. സിനിമയിലെ അറിയാക്കഥകള്‍ സാധാരണക്കാര്‍ക്കിടയില്‍ എത്തിക്കുന്ന ലക്ഷ്മികാന്തന്റെ സിനിമാ തൂത്ത് എന്ന വാരിക ത്യാഗരാജ ഭാഗവതരും സുഹൃത്തും ചേര്‍ന്ന് പൂട്ടിച്ചിരുന്നു.

എന്നാല്‍ ഹിന്ദു നേസന്‍ എന്ന പേരില്‍ മറ്റൊരു വാരിക ആരംഭിച്ച ലക്ഷ്മികാന്തന്‍ ത്യാഗരാജ ഭാഗവതരെയും മറ്റ് നടിമാരെയും വെച്ച് അപകീര്‍ത്തികരമായ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഭാഗവതര്‍ ലക്ഷ്മികാന്തനെ കൊലപ്പെടുത്തുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് ഭാഗവതരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ജയില്‍ മോചിതനായതിന് ശേഷം സിനിമയില്‍ നിന്നും കച്ചേരിയില്‍ നിന്നും വിട്ടുനിന്ന ഭാഗവതര്‍ പ്രമേഹം മൂലം 1959ല്‍ മരണപ്പെട്ടു. ഈ സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു കാന്തയുടെ പ്രഖ്യാപനം നടന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത എന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ പറഞ്ഞിരുന്നു. റാണ ദഗുബതിയ്ക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇതിന് മുൻപ് നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടിയിൽ സൂപ്പർ സ്റ്റാർ ജെമിനി ഗണേശനായും ദുൽഖർ സൽമാൻ എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com