

ലെജൻഡ് ശരവണൻ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ലീഡർ. ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ മൂന്നിന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ലെജൻഡ് ശരവണനെയും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചും സംവിധായകൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
"ഷൂട്ടിന് വേണ്ടി ഒരു ദിവസം രാത്രിയിലാണ് ഊട്ടിയിലെ ലൊക്കേഷന്‍ തിരഞ്ഞെടുത്തത്. പിറ്റേ ദിവസം പുലര്‍ച്ചെ തന്നെ ഞങ്ങള്‍ ഊട്ടിയിലെത്തി. കുണൂരിൽ നിന്നും ഒരു 20 കിലോ മീറ്റര്‍ വീണ്ടും ഉള്ളിലേക്ക് പോകണമായിരുന്നു. ഊട്ടിയിലെ തണുപ്പിലും ഇരുട്ടിലും പല തവണ ഞങ്ങള്‍ക്ക് വഴി തെറ്റി. അങ്ങനെ ചുറ്റിക്കറങ്ങുന്നതനിടയിലാണ് ഒരു വലിയ ബാനര്‍ ഞങ്ങള്‍ കാണുന്നത്.
ഷൂട്ടിങ്ങിന് വരുന്ന ലെജൻഡ് അവർകളെ വരിക വരിക എന്നായിരുന്നു അതില്‍ എഴുതിയത്. ആ ബാനര്‍ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കാന്‍ സാധിച്ചത്. ഇതേ കാര്യം രാജസ്ഥാനിലെ ഒരു പാലസിലും സംഭവിച്ചിരുന്നു.
രാജസ്ഥാനില്‍ ഷൂട്ടിന് പോയപ്പോള്‍ രാജസ്ഥാനി ഭാഷയിലുള്ള അത്രയും ബാനറുകള്‍ക്കിടയില്‍ ലെജൻഡിനെ വെല്‍ക്കം ചെയ്തു കൊണ്ട് തമിഴിലും ഒരു ബാനറുണ്ടായിരുന്നു. ഞങ്ങള്‍ എപ്പോഴാണ് എത്തുകയെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയാത്ത സമയത്താണ് ഞങ്ങള്‍ എത്തുന്നതിനും മുൻപ് അദ്ദേഹത്തിന്റെ ഫാന്‍സ് ലൊക്കേഷനിലെത്തുന്നത്".- സംവിധായകൻ പറഞ്ഞു.
എന്നാൽ ദുരൈ സെന്തിൽകുമാറിന്റെ വാക്കുകൾക്ക് വലിയ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. രാത്രി നിശ്ചയിച്ച ലൊക്കേഷനിൽ നേരം വെളുക്കുന്നതിന് മുൻപ് ബാനർ വന്നിട്ടുണ്ടെങ്കിൽ അത് ശരവണൻ വിളിച്ച് പറഞ്ഞതായിരിക്കുമെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നു. രാജസ്ഥാനിലെ കഥ കുറച്ച് കുറയ്ക്കാമായിരുന്നു എന്ന് പറയുന്നവരും കുറവല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates