ഉറങ്ങില്ല തിരുവനന്തപുരം, നിര്‍ത്തില്ല സിനിമ!; ഐഎഫ്എഫ്കെയില്‍ 'സിനിമയുടെ ഉറങ്ങാത്ത നഗരം'

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) സിനിമാപ്രേമികള്‍ക്കായി രാവിലെ 7 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 3 മണിവരെ നീളുന്ന വിപുലമായ പ്രദര്‍ശന ക്രമീകരണം
IFFK film festival
IFFK film festivalfile
Edited By:
Updated on: 
1 min read

തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) സിനിമാപ്രേമികള്‍ക്കായി രാവിലെ 7 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 3 മണിവരെ നീളുന്ന വിപുലമായ പ്രദര്‍ശന ക്രമീകരണം. ഡിസംബര്‍ 11 മുതല്‍ 18 വരെ നടക്കുന്ന മേളയില്‍ 'സിനിമയുടെ ഉറങ്ങാത്ത നഗരം' (Cinemayude Urangatha Nagaram) എന്ന ആശയത്തില്‍ 19 വേദികളിലായാണ് സിനിമാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ടാഗോര്‍ തിയേറ്റര്‍, നിശാഗന്ധി, കലാഭവന്‍, കൈരളി എന്നീ നാല് പ്രധാന വേദികളില്‍ പ്രത്യേക പ്രദര്‍ശന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 12 മുതല്‍ 17 വരെയുള്ള ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ ഓരോ വേദിക്കും പ്രത്യേക പ്രദര്‍ശന ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ടാഗോര്‍ തിയേറ്ററില്‍ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ വൈകുന്നേര ചിത്രങ്ങളിലൂടെയും അര്‍ധരാത്രി പ്രദര്‍ശനങ്ങളിലൂടെയും തുടരും. ഫെസ്റ്റിവലിലെ ഒന്നിടവിട്ട രാത്രികളില്‍ പുലര്‍ച്ചെ 3 മണിക്കും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും.

നിശാഗന്ധിയില്‍ വലിയ പ്രേക്ഷക പങ്കാളിത്തമുള്ള വൈകുന്നേര പ്രദര്‍ശനങ്ങള്‍, തെരഞ്ഞെടുത്ത പ്രീമിയറുകള്‍, പ്രധാന ലോകസിനിമകള്‍, പ്രത്യേക ആമുഖ പരിപാടികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. കലാഭവനില്‍ മലയാള സിനിമകള്‍, റെട്രോസ്‌പെക്ടീവുകള്‍, സംവിധായകരുടെ സാന്നിധ്യത്തിലുള്ള പ്രദര്‍ശനങ്ങള്‍ എന്നിവയ്‌ക്കൊപ്പം രാവിലെ 7 മണി മുതലുള്ള പ്രദര്‍ശനങ്ങളും ക്രമീകരിക്കും. കൈരളിയില്‍ മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍, അന്താരാഷ്ട്ര സിനിമകളിലെ പുതിയ കണ്ടെത്തലുകള്‍, ആവര്‍ത്തന പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്കാണ് മുന്‍ഗണന.

ടാഗോര്‍ തിയേറ്ററിലെ പുലര്‍ച്ചെ 3 മണി പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 13, 15, 17 തീയതികളിലാണ് നടക്കുക. അര്‍ധരാത്രി പ്രദര്‍ശനത്തിന് പിന്നാലെ പുലര്‍ച്ചെ 3 മണിക്കും തുടര്‍ന്ന് രാവിലെ 7 മണിക്കും സിനിമകള്‍ കാണാന്‍ കഴിയുന്ന രീതിയിലാണ് സമയക്രമം തയ്യാറാക്കുന്നത്.

നാല് പ്രധാന വേദികളിലെയും പ്രദര്‍ശന സമയങ്ങള്‍ പരസ്പരം ഏകോപിപ്പിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സിനിമകള്‍ കാണാനുള്ള അവസരമൊരുക്കും. സമാന പ്രേക്ഷകശ്രദ്ധ ലഭിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങള്‍ വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് മാറി പ്രധാന പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാന്‍ ഡെലിഗേറ്റുകള്‍ക്ക് സാധിക്കും.

പുലര്‍ച്ചെ 3 മണിക്ക് ആരംഭിക്കുന്ന ചിത്രത്തിന്റെ അവസാന സമയവും രാവിലെ 7 മണിയിലെ പ്രദര്‍ശനവും പരിഗണിച്ചായിരിക്കും സമയക്രമം അന്തിമമാക്കുക. ഡെലിഗേറ്റ് ആപ്പ്, തിയേറ്ററുകളിലെ അറിയിപ്പുകള്‍ എന്നിവയില്‍ യഥാര്‍ഥ പ്രദര്‍ശന തീയതിയും സമയവും പ്രത്യേകം രേഖപ്പെടുത്തും.

പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രിയും കടന്ന് സിനിമയുടെ ലോകത്ത് പ്രേക്ഷകരെ നിലനിര്‍ത്തുന്ന ഈ പ്രദര്‍ശന ക്രമീകരണം 31-ാമത് ഐഎഫ്എഫ്കെയുടെ ശ്രദ്ധേയമായ സവിശേഷതയാകും. 19 വേദികളിലായി എട്ട് ദിവസം നീളുന്ന മേളയിലൂടെ തിരുവനന്തപുരം നഗരത്തെ സിനിമയുടെ ഉറങ്ങാത്ത നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം.

IFFK film festival
‘ഓപ്പറേഷൻ സിന്ദൂർ’ വിവാദം: മേജർ രവിക്ക് അഞ്ച് ലക്ഷം അഡ്വാൻസ് നൽകി; രേഖകളുണ്ടെന്ന് നിർമ്മാതാവ്
IFFK film festival
'ഈശ്വരൻ ഇനി റൊമാന്റിക് ഹീറോ'; ജിത്തു മാധവൻ - നസ്ലെൻ ചിത്രം ഫെബ്രുവരിയിൽ?
Summary

extensive screening schedule for IFFK film enthusiasts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER