

1980 ഡിസംബര്‍ 25നാണ് ഫാസിലിന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയറ്ററുകളിലെത്തുന്നത്. ക്രിസ്മസ് ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും ഒട്ടേറെ പുതുമുഖങ്ങളുണ്ടായിരുന്നു. പ്രമേയത്തിലും ആഖ്യാനത്തിലുമെല്ലാം ഏറെ പുതുമകൾ സമ്മാനിച്ച ചിത്രം അന്ന് നവതരംഗത്തിന് തുടക്കമിട്ടു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തിട്ട് 45 വർഷം തികയുകയാണ്. ചിത്രത്തിൽ വില്ലനായെത്തിയ മോഹന്‍ലാല്‍ ആദ്യ സിനിമയിലൂടെ തന്നെ തന്റെ അഭിനയ മികവ് അടിവരയിട്ടു. നായകനായെത്തിയ ശങ്കര്‍ ഏറെക്കാലം മലയാള സിനിമയില്‍ അതേ നിലയില്‍ തന്നെ തിളങ്ങി. നായികയായെത്തിയ പൂര്‍ണിമയാകട്ടെ മലയാളത്തിലെ സജീവ നടനയാത്രയ്ക്ക് തുടക്കമിട്ടു.
ഇപ്പോഴിതാ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ അവതരിപ്പിച്ചതിനേക്കുറിച്ചും മോഹൻലാലിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ചും ഫാസിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുത്തത് കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ വിശ്വസനീയമായി അവതരിപ്പിക്കാൻ സഹായിച്ചു എന്നാണ് ഫാസിൽ പറയുന്നത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പുതുമുഖങ്ങളെ അവതരിപ്പിച്ചത് കഥയും കഥാപാത്രങ്ങളും വിശ്വസനീയമായി നിലനിർത്തുന്നതിന് സഹായിച്ചു. അക്കാലത്തെ ജനപ്രിയ താരങ്ങളെ ഞാൻ ഉപയോഗിച്ചിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആ പ്രമേയം സ്വീകരിക്കാൻ ബുദ്ധിമുട്ടാകുമായിരുന്നു. സദാചാര ചോദ്യങ്ങളും വിവാദങ്ങളുമൊക്കെ ഉണ്ടാകുമായിരുന്നു. പക്ഷേ പുതുമുഖങ്ങളാകുമ്പോൾ ഇത്തരം കാര്യങ്ങളൊന്നുമുണ്ടാകില്ല. നമുക്ക് നമ്മുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് ചെയ്യാം.
പരീക്ഷണങ്ങൾ ചെയ്യാൻ എനിക്കെപ്പോഴും മനസുണ്ട്. നാല് വർഷങ്ങൾക്ക് ശേഷം ഞാൻ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്നൊരു സിനിമ ചെയ്തു. അതൊരു ന്യൂ- ജെൻ സിനിമയായിരുന്നില്ല, പക്ഷേ അതിലൊരു ന്യൂ-ജെൻ ഐഡിയ ഉണ്ടായിരുന്നു. സ്ക്രീനുകൾ നായകൻമാർ ഭരിച്ചു കൊണ്ടിരുന്ന സമയത്ത്, നായികയെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയാണ് ഞങ്ങൾ നിർമിച്ചത്".- ഫാസിൽ പറഞ്ഞു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റീ റിലീസ് ചെയ്യാൻ പ്ലാനുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "അവിടെയാണ് ബെൽ-ബോട്ടം പാന്റ്‌സ് പോലുള്ളവയുടെ പ്രശ്‌നം വരുന്നത്...അത് വളരെ പഴയതായി. ഒരു സിനിമ എത്ര പഴയതായാലും, ആളുകൾക്ക് അത് ആസ്വദിക്കാൻ കഴിയണം. കൂടാതെ അതിലെ ഭാഷയും കുറച്ച് സങ്കീർണമാണ്.
അതിങ്ങനെ വികസിച്ചു കൊണ്ടിരിക്കുകയാണ്. പഴയ വാക്കുകൾക്ക് പകരം പുതിയ വാക്കുകൾ കടന്നുവരുന്നു. മണിച്ചിത്രത്താഴിൽ നമ്മൾ സാധാരണ സംസാരിക്കുന്ന ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ചില സിനിമകളിൽ, സ്ലാങ് വളരെ താൽക്കാലികമായി തോന്നാം. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ കാര്യത്തിലും, ഭാഷയെക്കുറിച്ച് എനിക്ക് ഉറപ്പില്ല.
മറ്റൊരു കാര്യം എന്താണെന്നു വച്ചാൽ, ഞാനിപ്പോൾ ആ സിനിമ വീണ്ടും കാണുമ്പോൾ ഏകദേശം 15 മിനിറ്റോളം ട്രിം ചെയ്യേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് നേരിട്ട് റീ-റിലീസ് ചെയ്യാൻ ഞാൻ പറയാത്തത്. അങ്ങനെ ചെയ്യണമെങ്കിൽ അത് വീണ്ടും എഡിറ്റ് ചെയ്ത പതിപ്പായിരിക്കണം. എന്നാൽ ഇപ്പോൾ അത്തരം പദ്ധതികളൊന്നുമില്ല".- ഫാസിൽ വ്യക്തമാക്കി.
45 years of Manjil Virinja Pookkal, Director Fazil talks about re release plans.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates