ആറ് സ്വതന്ത്ര ഗാനങ്ങളും നാലേ നാലു സിനിമകളും കൊണ്ട് പ്രേക്ഷകർക്കിടയിൽ ഇത്രയേറെ ഓളമുണ്ടാക്കിയ, മില്യൺ കണക്കുകൊണ്ട് റെക്കോർഡുകൾ സൃഷ്ടിച്ച പാട്ടുകാരൻ പ്ലേലിസ്റ്റുകൾ വാഴുകയാണ്. വരാനിരിക്കുന്ന സിനികൾക്കും ആ പേര് ഗ്യാരണ്ടിയാണ് - സായ് അഭ്യങ്കർ . വെറും ഇരുപത്തിരണ്ടാം വയസ്സിൽ കോടികൾ പ്രതിഫലം നേടി ആ സംഗീതസംവിധായകൻ ചക്രവാളങ്ങൾ താണ്ടി ഒഴുകുന്നു.
ഒരു തലമുറയുടെ പ്ലേലിസ്റ്റുകൾക്ക് അടയാളവും ആവേശവുമാണ് ആ ചെറുപ്പക്കാരൻ. 'പവിഴമല്ലി'യുടെ ചുറുചുറുക്കൻ ബീറ്റുകളിൽ നിന്നും നിഷ്പ്രയാസം 'ചെല്ലമേ മകളേ' എന്ന പതിഞ്ഞ, ഓമനത്തം നിറഞ്ഞ വരികളിലേക്കും 'രധിമ' എന്ന സൂഫി ടച്ചുള്ള ബ്രേക്കപ്പ് സോങിലേക്കും മാറാനുള്ള കഴിവാണ് വരാനിരിക്കുന്ന എണ്ണം പറഞ്ഞ ഹൈ എക്സ്പെക്ടേഷനുള്ള തെന്നിന്ത്യൻ സിനിമകളെ പ്രോമിസിങ്ങാക്കുന്നത്. അല്ലു അർജുൻ ചിത്രം മുതൽ ധനുഷ്- മമ്മൂട്ടി ചിത്രം 'ഓം' വരെയുള്ള ചിത്രങ്ങൾക്കും ഗ്യാരണ്ടി കൂടെയാണ് ആ പേര്.
2026 ലെ ട്രാക്ക് മാറ്റം
പാട്ടുകളുടെ സ്വഭാവത്തിൽ ആവർത്തനമുണ്ടെന്നും സോഷ്യൽമീഡിയ അൽഗൊരിതത്തിന് അനുസരിച്ചു മാത്രമാണ് പാട്ടുകളെന്നുമുള്ള വിമർശനങ്ങൾക്കിടെയാണ് രണ്ടു സിനിമകളും രണ്ട് സ്വതന്ത്ര ഗാനങ്ങളും സായ് പുറത്തിറക്കിയത്. 'കറുപ്പെ'ന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലേക്ക് സായ് 'ഗോഡ് മോഡി'ൽ ആവാഹിച്ചിരുത്തിയത് തനിത്തമിഴ് ബീറ്റുകളാണ്. ആ എനർജി ബൂസ്റ്റിങ് ട്രാക്കിന്റെ ആവേശം അണയും മുന്നേ 'രധിമ'യുടെ വരവും 'ബത്ത'യുടെ തലോടലും.
ചെല്ലമേ മകനേ...
വളരെ പക്വതയോടെയാണ് 'ബത്ത'യുടെ വൈകാരികത സംഗീതംകൊണ്ട് സായ് അഭ്യങ്കർ ലിഫ്റ്റു ചെയ്യുന്നത്. സായിക്ക് ഏത് മൂഡിലേക്കും പ്രേക്ഷകരെ കൊണ്ടെത്തിക്കാനാകുമെന്ന് ആണയിട്ടുറപ്പിക്കുന്നതായിരുന്നു ചിത്രം. ബത്തയിൽ നിന്നും 'ഓമി'ലേക്കെത്തുമ്പോഴും ആ മാറ്റം വ്യക്തമാണ്. 'വീഴാ വീര'നിൽ നിന്നും മൂന്നാം സിംഗിളിന്റെ ക്ലാസിക്ക് ഇണത്തിലേക്കെത്തുമ്പോൾ പിടിതരാതെ മാറിക്കൊണ്ടേയിരിക്കുകയാണ് സായിയുടെ പരീക്ഷണങ്ങൾ.
തുടക്കം
2024 ജനുവരി 22 ന് കച്ചി സേറ എന്ന ആദ്യത്തെ ആൽബം പുറത്തിറങ്ങി. സ്‌പോട്ടിഫൈ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങി എവിടെയും 'കച്ചി സേറ' ട്രെൻഡിങ് നമ്പർ 1. ചരിത്രത്തിൽ ആദ്യമായി ഒരു തമിഴ് ഇൻഡി സോങ് 100 മില്യൺ സ്ട്രീമിങ് കടന്നു. ഇന്ന് കച്ചി സേറക്ക് യൂട്യൂബിൽ മാത്രമുള്ളത് 276 മില്യൺ കാഴ്ചക്കാരാണ്.
സെൻസേഷണൽ സായി
അതേ ജൂൺ 13 ന് 'ആസ കൂട' എന്ന രണ്ടാമത്തെ ആൽബവും പുറത്തിറക്കി. യൂട്യൂബിൽ മാത്രം 452 മില്യൺ വ്യൂവേർഴ്സുള്ള 'ആസ കൂട'യെ സായി വിശേഷിപ്പിച്ചത് 'എ ഡ്രീം ദാറ്റ് നെവർ ഫെയ്ഡ്സ്' എന്നാണ്. ആസ കൂടയിലെ ഫീമെയിൽ വോയ്സ് അഭിയുടെ സഹോദരി സായി സ്മൃതിയുടേതായിരുന്നു.
ഇതിനിടയിലാണ് ലോകേഷ് കനകരാജിന്റെ യൂണിവേഴ്‌സിലെ നിവിൻ പോളി ചിത്രം ബെൻസിലും സൂര്യ ബാലാജി ചിത്രം കറുപ്പിലും സംഗീതസംവിധായകനായി ആ ഇരുപതുകാരൻ ജോയിൻ ചെയ്യുന്നത്. ആദ്യം പുറത്തിറങ്ങിയ പടം മലാളത്തിലെ 'ബൾട്ടി' ആയിരുന്നു. ചിത്രത്തിലെ സായിയുടെ പ്രതിഫലം രണ്ട് കോടിയും. മലയാള സിനിമയിൽ ഒരു സംഗീത സംവിധായകന് ലഭിക്കുന്ന ഏറ്റവും ഉയർന്നതുക. പിന്നീട് പ്രദീപ് രംഗനാഥൻ - മമിത ചിത്രം 'ഡൂഡി'ലെ പാട്ടുകളും ട്രെന്റായി.
വിജയ രഹസ്യം അർപ്പണബോധം
ഡെഡിക്കേഷൻ തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും. പരമാവധി അഞ്ചോ ആറോ മണിക്കൂർ ഉറങ്ങും. കഴിയുന്നത്ര സമയവും സ്റ്റുഡിയോയിൽ ചിലവഴിക്കും. ദിവസവും പന്ത്രണ്ട് മണിക്കൂറെങ്കിലും സ്റ്റുഡിയോയിൽ ചിലവഴിക്കുമെന്നാണ് സായ് തന്നെ പറഞ്ഞിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ നിന്ന് അകന്നുനിൽക്കാനായി പഴയ നോക്കിയ ഫോൺ ആണ് ഉപയോഗിക്കുന്നതെന്ന് സായ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
സമൂഹമാധ്യമങ്ങൾ ശ്രദ്ധതിരിക്കാനുള്ള വലിയ കെണിയാണ് എന്നാണ് സായ്യുടെ പക്ഷം. തന്റെ അറുപത് വയസ്സുകഴിയുമ്പോൾ, പുതിയ സംഗീതം ഒരുക്കിയെടുക്കാൻ കഴിയാതെ വന്നാൽ, അന്നെടുത്ത് ഉപയോഗിക്കാൻ ഇപ്പോഴേ ആയിരത്തോളം പാട്ടുകൾ ചെയ്തുവച്ചിട്ടുണ്ട് സായ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates