

മോഹൻലാൽ തന്റെ ഇമേജിനെ ദോഷകരമായി ബാധിക്കാനിടയുള്ള വിവാദങ്ങളിൽ പെടരുത് എന്ന് നിർമാതാവ് സെവൻ ആർട്സ് വിജയകുമാർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയകുമാർ. എംപുരാൻ വിവാദങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയകുമാർ. "എംപുരാൻ റിലീസ് ചെയ്യുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ദേശീയതലത്തില്‍ വളരെയധികം സ്വീകാര്യതയുള്ള നടനാണ് മോഹന്‍ലാല്‍.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി അംഗീകരിക്കപ്പെടുന്ന ആളാണ്. അത്തരത്തില്‍ മാസ് അപ്പീലും മാസ് അക്‌സെപ്റ്റന്‍സും ഉള്ള മോഹന്‍ലാല്‍ തന്റെ ഇമേജിനെ ദോഷകരമായി ബാധിക്കാനിടയുള്ള പരിപാടികളില്‍ പെടരുതായിരുന്നു എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത് ഒഴിവാക്കാമായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനം നോക്കണ്ടേ".- വിജയകുമാർ പറഞ്ഞു.
"അമിതാഭ് ബച്ചന്‍ ആന്റി നാഷണല്‍ എന്നൊക്കെ വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു വിവാദത്തില്‍ പെട്ടാല്‍ വളരെ ഞെട്ടിക്കില്ലേ. ദേശീയതലത്തില്‍ വളരെ ബഹുമാനിക്കപ്പെടുന്ന മോഹന്‍ലാല്‍ അതിനെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിലും ചെന്നുപെടരുത് എന്നാണ് തന്റെ ആഗ്രഹമെന്നും" വിജയകുമാർ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും വിജയകുമാർ സംസാരിച്ചു. "മലയാള സിനിമയില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ കുറിച്ച് വരുന്ന വാര്‍ത്തകളില്‍ തീര്‍ച്ചയായും കുറേ സത്യമുണ്ട്. പുതിയ തലമുറയുമായി കാര്യമായ അടുപ്പം ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ആഴത്തിലുള്ള അറിവില്ല. മയക്കുമരുന്ന് കഥകള്‍ കേള്‍ക്കുമ്പോള്‍ ഇതൊക്കെ ഇവിടെയാണോ നടക്കുന്നത് എന്നൊരു അത്ഭുതമാണ് എനിക്ക് തോന്നുന്നത്.
പല സോഴ്‌സസില്‍ നിന്നും എനിക്ക് മനസ്സിലാകുന്നത് ഇതൊക്കെ ഇവിടെ നടക്കുന്നുണ്ട് എന്ന് തന്നെയാണ്. പിന്നില്‍ വലിയൊരു ഗ്യാങ് ഉണ്ടെന്നും കേള്‍ക്കുന്നു. ഇങ്ങനെ ഒരു ടീമിനെയൊക്കെ മാനേജ് ചെയ്ത് സിനിമ എടുക്കണമെങ്കില്‍ ആ ടീമില്‍ നമ്മളും പെടേണ്ടി വരും. അങ്ങനെ ഉണ്ടെങ്കിലല്ലേ അവരുമായിട്ടുള്ള ഇടപെടലും സ്മൂത്ത് ആവുകയുള്ളൂ". - വിജയകുമാർ പറഞ്ഞു.
"മയക്കുമരുന്ന് പോലുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കണമെങ്കിൽ നിർമാതാക്കളുടെ അസോസിയേഷന് അത്രയും ശക്തി വേണം. അതില്ലെങ്കിൽ പറഞ്ഞാൽ ആര് കേൾക്കാനാണെന്നും വിജയകുമാർ ചോദിച്ചു. പ്രൊഡ്യൂസര്‍മാര്‍ പറയുകയും ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ അത് കേള്‍ക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം ഉണ്ടാവണം. പക്ഷേ, സംവിധായകനും മയക്കുമരുന്നു ഗ്യാങ്ങിന്റെ ഭാഗമാണെങ്കില്‍ ഒന്നും നടക്കില്ല.
ഈ ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് അതുകൊണ്ട് പടം മാറ്റിവയ്ക്കുകയാണ് എന്നു തീരുമാനമെടുക്കാന്‍ പ്രൊഡ്യൂസര്‍മാരുടെ അസോസിയേഷനു പറ്റണം. ശക്തിയില്ലാത്തതു കൊണ്ടാണ് അത് പറ്റാത്തത്. നമ്മുടെ സമൂഹത്തിനും വരാനിരിക്കുന്ന തലമുറയ്ക്കും ഒക്കെ വലിയ ദ്രോഹമല്ലേ ഈ മയക്കുമരുന്ന് ചെയ്യുന്നത്. അതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ എല്ലാവരും ഉണ്ടാവണം. എങ്കില്‍ മാത്രമേ എന്തെങ്കിലും ഫലമുണ്ടാകൂ. ഒരാള്‍ മാത്രം വിചാരിച്ചതു കൊണ്ടു കാര്യമില്ലെന്നും" വിജയകുമാർ വ്യക്തമാക്കി.
മലയാളമടക്കം വിവിധ ഭാഷകളിലായി നിരവധി സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച നിർമാതാവ് ആണ് ജി പി വിജയകുമാർ. സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ അമ്പതിലേറെ ചിത്രങ്ങളാണ് വിജയകുമാർ നിർമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates