

പഴകുന്തോറും വീര്യമേറുന്ന വീഞ്ഞു പോലെയാണ് മലയാളികൾക്ക് മോഹൻലാലെന്ന വികാരം. കണ്ണുകളിലും കൈവിരലുകളിലും അഭിനയം ഒളിപ്പിച്ചു വച്ചിരിക്കുന്ന അതുല്യ പ്രതിഭ. പ്രായഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. കുസൃതിച്ചിരിയും ചരിഞ്ഞ തോളുമായി ചിരിപ്പിച്ചും കരയിപ്പിച്ചും അമ്പരപ്പിച്ചും ചിന്തിപ്പിച്ചും മോഹൻലാൽ മലയാളി മനസിൽ കുടിയേറി പാർക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.
ഇന്ന് 64-ാം പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ. തിരനോട്ടത്തിൽ തുടങ്ങി ആദ്യം പുറത്തുവന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിലൂടെ മോഹൻലാൽ നടന്നു കയറിയത് ഇന്ത്യൻ സിനിമയുടെ മാറിലേക്ക് തന്നെയാണ്. എൺപതുകളിൽ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും തൊണ്ണൂറുകളിൽ ബ്ലോക് ബസ്റ്ററുകളുടെ ഒരു നീണ്ട നിര തന്നെ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്തു അദ്ദേഹം.
സിനിമയിലെ തിരക്കുകൾക്കിടയിലും നാടകത്തെ നെഞ്ചോട് ചേർക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് അഭിനയത്തോടുള്ള അടങ്ങാനാകാത്ത അഭിനിവേശം തന്നെ. തോമയായും നീലകണ്ഠനായും ജോജിയായും സേതുവായും ജയകൃഷ്ണനായുമൊക്കെ ഓരോ മലയാളികളുടേയും തൊട്ടരികിൽ തന്നെയുണ്ട് എന്നും മോഹൻലാൽ.
1960 മെയ് 21 ന് പത്തനംതിട്ടയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായാണ് മോഹൻലാലിന്റെ ജനനം. തിരുവനന്തപുരത്തെ മുടവൻമുകളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിലൂടെ നാല് ദേശീയ പുരസ്കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ, കേണൽ പദവി അങ്ങനെ നിരവധി നേട്ടങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും അദ്ദേഹം നിറഞ്ഞു നിന്നു. ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും അദ്ദേഹം ചുവടുവച്ചു. അടുത്ത കാലത്ത് പുറത്തുവന്ന മോഹൻലാൽ ചിത്രങ്ങൾ തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഇനി വരാൻ പോകുന്നത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൾ തന്നെയാകും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മോഹൻലാൽ സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ എപ്പോൾ വേണമെങ്കിലും അവിടെ ഒരത്ഭുതം സംഭവിച്ചേക്കാം. പകരം വയ്ക്കാനാല്ലിത്ത നടന വിസ്മയം പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുമെന്ന കാര്യമുറപ്പാണ്. മലയാളികൾ ആഘോഷമാക്കിയ ആവേശമാക്കിയ താരരാജാവിന് മലയാളികളുടെ ഒരായിരം പിറന്നാൾ ആശംസകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates