'ഏറ്റു തഴമ്പിച്ച അവഗണനകളാണ് ഇന്ധനം, മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും': സന്നിദാനന്ദനെ പിന്തുണച്ച് ഹരി നാരായണൻ

മുടിനീട്ടി വളർത്തിയ ​ഗായകന്റെ ലുക്കിനെക്കുറിച്ചായിരുന്നു ആക്ഷേപ പരാമർശം
sannidanandan, hari narayanan
സന്നിദാനന്ദൻ, ഹരി നാരായണൻ
Updated on
2 min read

​​ഗായകൻ സന്നിദാനന്ദനെ ആക്ഷേപിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പ് വൈറലായതിനു പിന്നാലെ പിന്തുണയുമായി ​ഗാനരചയിതാവ് ഹരി നാരായണൻ. മുടിനീട്ടി വളർത്തിയ ​ഗായകന്റെ ലുക്കിനെക്കുറിച്ചായിരുന്നു ആക്ഷേപ പരാമർശം. രൂപത്തിന്റേയും നിറത്തിന്റേയും പേരിലുള്ള കളിയാക്കൽ ചെറുപ്പം മുതൽ സന്നിദാനന്ദൻ അനുഭവിച്ചിട്ടുണ്ടെന്നാണ് ഹരി നാരായണൻ കുറിച്ചത്. പൂരപ്പറമ്പിൽ ജനറേറ്ററിന് കാവൽ നിന്നിരുന്ന പയ്യനിൽ നിന്ന് വേദികളിൽ ആവേശം തീർക്കുന്ന ​ഗായകനായി സന്നിദാനന്ദൻ മാറിയത് കനലിൽ ചവിട്ടിയാണ്. ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം. ഇനിയും മുടിയഴിച്ചിട്ട് തന്നെ അവൻ പാടുമെന്നും ഹരിനാരായണൻ കുറിച്ചു.

sannidanandan, hari narayanan
'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

ഹരി നാരായണന്റെ കുറിപ്പ്

1994 ആണ് കാലം.

പൂരപ്പറമ്പിൽ ,ജനറേറ്ററിൽ ,ഡീസലു തീർന്നാൽ ,വെള്ളം തീർന്നാൽ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല് നിർത്തിയിരിക്കുന്ന പയ്യൻ, ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച് ,രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് 25 ഏറിയാൽ 50 രൂപ കിട്ടും , വേണമെങ്കിൽ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിൻ്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്. ? അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് തന്നെ ഇരിക്കും .പിന്നെ സ്റ്റേജിൻ്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും

ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ ?

ചെലോര് കളിയാക്കും ,ചിരിക്കും ചെലോര്

" പോയേരാ അവിടന്ന് " എന്ന് ആട്ടിപ്പായിക്കും .അതവന് ശീലാമാണ് . എന്നാലും അടുത്ത പൂരപ്പറമ്പിലും ,ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും

നാവില്ലാത്ത ,ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം .അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ ,രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും

ഒരു ദിവസം ,ഏതോ സ്കൂൾ ഗ്രൗണ്ടിൽ ,വലിയൊരു ഗാനമേള നടക്കുകയാണ്.ജനറേറ്ററിനടുത്ത് , കുറച്ച് നേരം പാട്ട് കേട്ടിരുന്ന് ,അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു.

" ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ?

അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും ,മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി

" വാ ..പാട് "

ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല .അതിൻ്റെ ആവേശത്തിൽ ,നേരെ ചെന്ന് ,ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത്

ചെക്കനങ്ങട്ട് പൊരിച്ചു.

" ഇരുമുടി താങ്കീ... "

മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി ,ആൾക്കാര് കൂടി കയ്യടിയായി ..

പാട്ടിൻ്റെ ആ ഇരു "മുടി " "യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത്

കാൽച്ചുവട്ടിലെ കനലാണ്

അവൻ്റെ കുരല്

ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം

അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം

മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും

ഒപ്പം

Sanni Dhanandan

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്ഷേപം മുടിവളർത്തിയതിന്

ഉഷ കുമാരി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ​ഗായകനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് വന്നത്. കലാകാരന്മാരെ ഇഷ്ടമാണ്. പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളിവേഷം ഇഷ്ടമല്ല. സത്യത്തിൽ പെട്ടെന്ന് കണ്ടാൽ ആരും പേടിച്ചുപോകും. അറപ്പാകുന്നു. - എന്നാണ് സന്നിദാനന്ദന്റേയും കുടുംബത്തിന്റേയും ചിത്രം പങ്കുവച്ച് അവർ കുറിച്ചത്. പിന്നാലെ മുടി നീട്ടി വളർത്തിയതിന് വിധു പ്രദാപിനെതിരെയും ഇവർ അധിക്ഷേപ പരാമർശം നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com