

മലയാളത്തിൽ മാത്രമല്ല കന്നഡത്തിലും പ്രശംസകൾ വാരിക്കൂട്ടുകയാണ് നടൻ ഹരിപ്രശാന്ത് ഇപ്പോൾ. ആട് 2 വിലെ ചെകുത്താൻ ലാസർ എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഹരിപ്രശാന്തിനെ സുപരിചിതനാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ മലൈക്കോട്ടൈ വാലിബനിലെ കേളു മല്ലൻ എന്ന കഥാപാത്രവും ശ്രദ്ധ നേടി.
ഇപ്പോഴിതാ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താരയിലും ഒരു പ്രധാന വേഷത്തിലെത്തി കയ്യടി നേടുകയാണ് ഹരിപ്രശാന്ത്. കാന്താര ചാപ്റ്റർ 1ൽ വിജേയന്ദ്ര രാജാവായാണ് ഹരിപ്രശാന്ത് എത്തിയത്. മലൈക്കോട്ടൈ വാലിബനിലെ കഥാപാത്രം കണ്ടിട്ടാണ് കാന്താരയിലേക്ക് തന്നെ ക്ഷണിക്കുന്നതെന്ന് പറയുകയാണ് ഹരിപ്രശാന്ത് ഇപ്പോൾ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ഋഷഭ് തന്നെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് വലിയ ഭാഗ്യമാണെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു മികച്ച അനുഭവമായിരുന്നുവെന്നും ഹരിപ്രശാന്ത് കൂട്ടിച്ചേർത്തു. "മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും വലിയ ആരാധകനാണ് ഋഷഭ് ഷെട്ടി.
മലൈക്കോട്ടൈയിലെ എന്റെ വേഷം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കാന്താരയുടെ രചയിതാവായ അനിരുദ്ധ് മഹേഷ് ആണ് കാന്താരയിലേക്ക് എന്നെ വിളിക്കുന്നത്. സ്ക്രീൻ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തണമെന്ന് പറഞ്ഞു. ആ സമയത്താണ് ഞാൻ ഋഷഭിനെ കാണുന്നത്. എന്റെ സൈസ് കണ്ട് ഋഷഭിന് എന്നോട് വളരെ മതിപ്പ് തോന്നി.
വളരെ അതിശയകരമായ ഒരു അനുഭവമായിരുന്നു അത്. കോസ്റ്റ്യൂം ട്രയൽ നോക്കിയപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഷൂട്ടിങ്ങിനിടയിലാണ് ഞാൻ ആദ്യമായി സെറ്റുകൾ കാണുന്നത്. അപ്പോഴാണ് ഈ സിനിമയുടെ വലിപ്പം എത്രത്തോളമാണെന്ന കാര്യം ഞാൻ മനസിലാക്കുന്നത്. അത് മനസിലാക്കിയെടുക്കാൻ എനിക്ക് കുറച്ചു സമയമെടുത്തു.
ഋഷഭ് എന്നെ തിരഞ്ഞെടുത്തത് തന്നെ ഒരു ഭാഗ്യമാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വളരെ മികച്ചൊരു അനുഭവമായിരുന്നു. ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, അദ്ദേഹം തന്റെ ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കില്ല എന്നതാണ്. നമ്മുടെ മനസിൽ എന്താണോ ഉള്ളത്, അത് ചെയ്യാൻ ആദ്യമേ അദ്ദേഹം നമുക്ക് അവസരം തരും.
അത് അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെങ്കിൽ, അദ്ദേഹം തന്റെ മനസിലുള്ളത് നമ്മളോട് പറയുകയും പിന്നെ റീ ഷൂട്ട് ചെയ്യുകയും ചെയ്യും. മാത്രമല്ല, ഒരു സീൻ നമ്മൾ ആദ്യം വിചാരിച്ചിരുന്നതിനേക്കാൾ ഭംഗിയായി ചെയ്താൽ ഋഷഭ് നമ്മളെ അഭിനന്ദിക്കുകയും പിന്നെ അതിനനുസരിച്ച് വർക്ക് ചെയ്യുകയും ചെയ്യും". - ഹരിപ്രശാന്ത് പറഞ്ഞു.
6.4 അടിയോളം ഉയരമുണ്ട് ഹരിപ്രശാന്തിന്. കീരിക്കാടൻ ജോസുമായി താങ്കളെ താരതമ്യം ചെയ്യാറുണ്ടോ എന്ന ചോദ്യത്തോടും ഹരിപ്രശാന്ത് പ്രതികരിച്ചു. "എന്റെ ഈ ശരീരം തന്നെയാണ് എന്റെ യുഎസ്പി എന്നാണ് ഞാൻ വിചാരിക്കുന്നത്. എന്റെ പൊക്കത്തെക്കുറിച്ച് ആളുകൾ എപ്പോഴും എന്നോട് ചോദിക്കാറുണ്ട്.
അമിതാഭ് ബച്ചനേക്കാളും സുരേഷ് ഗോപിയേക്കാളും നിങ്ങൾക്ക് പൊക്കമുണ്ടോ എന്ന് ചോദിക്കുന്നവരോട് സന്തോഷത്തോടെ ഞാൻ പറയാറുണ്ട്, എന്നെക്കാൾ പൊക്കമുള്ള ആരുമില്ലെന്ന്". - ഹരിപ്രശാന്ത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates