'പോകുന്നിടത്തെല്ലാം അയാൾ എന്നെ പിന്തുടർന്നു, 12 വർഷമായി അനുഭവിക്കുന്നു, ഭയത്തിലാണ് ജീവിച്ചത്'; തുറന്നു പറഞ്ഞ് പാർവതി

ഒരു വ്യക്തി ഞാന്‍ എവിടെ പോകുന്നോ അവിടെ വരുമായിരുന്നു. ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പുറത്തിറങ്ങാന്‍ പേടിയായിര
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
2 min read

സ്റ്റോക്കിങ്ങ് കാരണം അനുഭവിച്ച പ്രശ്നങ്ങൾ തുറന്നു പറഞ്ഞ് നടി പാർവതി. രണ്ടു പുരുഷന്മാർ തന്നെ 12 വർഷത്തോളം പിന്തുടർന്നെന്നും അതുകാരണം ഭയത്തിലാണ് ജീവിച്ചത് എന്നുമാണ് പാർവതി പറഞ്ഞത്. അവര്‍ തന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനെയെന്നും ഭാ​ഗ്യം കൊണ്ടാണ് ഇതൊന്നും സംഭവിക്കാതിരുന്നതെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും അവർ പലരീതിയിൽ ഉപദ്രവിച്ചു. ഇതിനെതിരെ പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ന്യൂസ് മിനിറ്റിൽ ചിൻമയി നടത്തുന്ന ചാറ്റ് ഷോയിൽ പാർവതി വ്യക്തമാക്കി. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇതേക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്താണ് ഇത് തുടങ്ങുന്നത്.രണ്ട് പുരുഷന്‍മാര്‍ എന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വരുമായിരുന്നു. ഞാന്‍ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തും. പൊലീസ് ഇടപെടല്‍ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്ക് തോന്നുന്നു. അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നു. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ. എന്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വിവിധതരത്തില്‍ അതിക്രമിക്കുകയാണ്. എന്റെ കുടുംബത്തെക്കുറിച്ച മോശം പറയുക, ഫെയ്‌സ്ബുക്കില്‍ എന്നെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങള്‍ എഴുതുക. എന്റെ വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നില്ല.

ഒരു വ്യക്തി ഞാന്‍ എവിടെ പോകുന്നോ അവിടെ വരുമായിരുന്നു. ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പുറത്തിറങ്ങാന്‍ പേടിയായിരുന്നു. ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് അവിടെ സിസിടിവി ഉണ്ടായിരുന്നു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയുമായി കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി. പൊലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്‌റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്ന് പറഞ്ഞു. പൊലീസിനെ ഒരുപാട് പേര്‍ക്ക് ഭയമാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ അദ്ദേഹം പ്രതികരിച്ചത്.- പാർവതി പറഞ്ഞു. 

പൊലീസിൽ പരാതി നൽകിയപ്പോൾ ഉണ്ടായ അനുഭവവും താരം വിവരിച്ചു. അയാളെ വിളിച്ച് താക്കീത് നല്‍കിയാലോ എന്നാണ് ഒരുദ്യോഗസ്ഥന്‍ ചോദിച്ചത്. എനിക്ക് വേണ്ടി ഒരു ഫിലിമി അമ്മാവന്‍ ആകേണ്ടെന്നാണ് താൻ മറുപടി നൽകിയത്. സ്റ്റോക്ക് ചെയ്യുന്നവർക്കെതിരെ പരാതി നൽകണമെന്നാണ് താരം പറയുന്നത്. നീതി ലഭിക്കുമെന്നു കരുതിയല്ലെന്നും ഇവരെ നിലക്കുനിര്‍ത്താന്‍ ഒരു ചെറിയ നീക്കം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു. തന്നെ പിറകെ നടന്ന് ശല്യം ചെയ്യുകയോ, സമൂഹമാധ്യമങ്ങിലൂടെ ഉപദ്രവിക്കുകയോ ചെയ്യുന്നവരുടെ പരമാവധി വിവരങ്ങള്‍ ഫോൾഡറിലാക്കി സൂക്ഷിക്കാറുണ്ടെന്നാണ് താരം പറയുന്നത്. എല്ലാ സ്ത്രീകളും ഇത്തരത്തിലുള്ള ഫയലുണ്ടാക്കണമെന്നും പാർവതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com