

ഹണി റോസ് നായികയായെത്തുന്ന പുതിയ ചിത്രമാണ് റേച്ചൽ. ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റേച്ചലിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകരിപ്പോൾ. ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾക്കിടെ ഹണി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അതിജീവനത്തെക്കാൾ ഉപരി സ്വത്വബോധവും ആത്മാഭിമാനവും നേടിയെടുക്കാനുള്ള പോരാട്ടമാണ് റേച്ചൽ സിനിമയുടെ കാതലെന്ന് ഹണി റോസ് പറഞ്ഞു. "ജീവിതത്തിൽ സങ്കീർണമായ പരുക്കൻ യാഥാർഥ്യങ്ങളെ നേരിടുന്ന അവിവാഹിതയായ ഇറച്ചി വെട്ടുകാരിയുടെ കരുത്തുറ്റ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
20 വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യമായാണ് മുഖ്യകഥാപാത്രമായി വേഷമിടുന്നത്. അതു ശക്തമായ കഥാപാത്രമാണെന്നതിൽ സന്തോഷിക്കുന്നു. സിനിമയ്ക്കു വേണ്ടി ഒരാഴ്ചയോളം ഇറച്ചി വെട്ടി പഠിച്ചു. കഠിനാധ്വാനം നിറഞ്ഞ പേടിപ്പെടുത്തുന്ന കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്യാൻ സാധിച്ചു".- ഹണി പറഞ്ഞു.
ഡിസംബർ ആറിനാണ് ചിത്രം പുറത്തിറങ്ങുന്നത്. അതേസമയം റേച്ചൽ സ്ത്രീപക്ഷ സിനിമയല്ലെന്നും സിനിമകൾക്ക് ലിംഗഭേദം നൽകേണ്ടതില്ലെന്നും സംവിധായിക ആനന്ദിനി ബാല പറഞ്ഞു. റോഷൻ ബഷീർ, ബാബുരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് ചിത്രത്തിൽ ഹണിയെത്തുന്നത്. ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേഷ് പ്രഭാകർ, പോളി വൽസൻ, വന്ദിത മനോഹരൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates