ഒഎൻവി പുരസ്കാരം നൽകിയതോടെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് എതിരായ മീ ടൂ ആരോപണം വീണ്ടും ചർച്ചയാവുകയാണ്. ഇപ്പോൾ അച്ഛന് എതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവുമായ മദൻ കാർകി. അച്ഛനെ പൂർണമായി വിശ്വസിക്കുന്നു എന്നാണ് മദൻ ട്വിറ്ററിൽ കുറിച്ചത്. ആദ്യമായാണ് അച്ഛന് എതിരെയുള്ള ലൈംഗിക ആരോപണങ്ങളിൽ മദൻ പ്രതികരിക്കുന്നത്.
"ഒരു കൂട്ടം ആളുകൾ നിങ്ങളുടെ കുടുംബത്തെ വെറുക്കുകയും അച്ഛനും അമ്മയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അവർ അത് നിരന്തരം നിഷേധിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആരെയാണ് വിശ്വസിക്കുക? ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിച്ചവർക്ക് സത്യം അവരുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിയമനടപടി സ്വീകരിക്കാവുന്നതാണ്", മദൻ കുറിച്ചു.
ഒഎൻവി പുരസ്കാരം വൈരമുത്തുവിന് നൽകാൻ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് അവാര്‍ഡ് നിര്‍ണ്ണയക സമിതി അറിയിക്കുകയും ചെയ്തിരുന്നു.. അതിനുപിന്നാലെ ഒഎന്‍വി സാഹിത്യ പുരസ്കാരം വൈരമുത്തു വേണ്ടെന്ന് വച്ചു. പുരസ്‌കാര തുകയായ മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കു കൈമാറണമെന്ന് വൈരമുത്തു അഭ്യര്‍ഥിച്ചു. ഇതിനൊപ്പം തന്റെ വകയായി രണ്ടു ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ പ്രതികാര നടപടിയാണ് വിവാദത്തിനു പിന്നിലെന്ന് വൈരമുത്തു പറഞ്ഞു. ജൂറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതിനാനാണ് പുരസ്‌കാരം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചതെന്ന് വൈരമുത്തു പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാള്‍ക്ക് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെ ചലച്ചിത്ര രംഗത്തുനിന്ന് ഉള്‍പ്പെടെ നിരവധി പേരാണു വിമര്‍ശനവുമായി രംഗത്തുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates