

അമരൻ എന്ന ചിത്രത്തിന്റെ വിജയ തിളക്കത്തിലാണിപ്പോൾ നടൻ ശിവകാർത്തികേയൻ. മേജർ മുകുന്ദ് വരദരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശിവകാർത്തികേയനെത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വച്ച് ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 'സ്മോൾ സ്ക്രീൻസ് ടു ബിഗ് ഡ്രീംസ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ.
അച്ഛന്റെ മരണ ശേഷം വിഷാദത്തിലേക്ക് വഴുതി വീണുവെന്നും അഭിനയമാണ് അതില്‍ നിന്നും രക്ഷിച്ചതെന്നും നടൻ പറഞ്ഞു. "എന്റെ അച്ഛന്റെ മരണശേഷം വിഷാദത്തിലേക്ക് വഴുതിവീണ ഒരു കാലമുണ്ടായിരുന്നു എനിക്ക്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ, ജോലിയാണ് അതിൽ നിന്ന് രക്ഷയേകിയത്. സദസിൽ നിന്ന് വരുന്ന കരഘോഷമായിരുന്നു എന്റെ ചികിത്സ. ആരാധകർ നൽകിയ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ഇരുണ്ട കാലത്ത് നിന്ന് പുറത്തെത്തിച്ചത്.
വെല്ലുവിളികൾ നിറഞ്ഞതാണ് ജീവിതം. എന്നാൽ, നമ്മുടെ പാഷൻ ഈ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്നു. ഇവയെല്ലാം ഉപേക്ഷിക്കാൻ ചില സമയങ്ങളിൽ തോന്നിയിരുന്നു. എന്നാൽ, പ്രേക്ഷകരുടെ സ്നേഹം എന്നെ മുന്നോട്ട് നയിച്ചു."- ശിവകാർത്തികേയൻ പറഞ്ഞു.
ടെലിവിഷൻ അവതാരകനിൽ നിന്നാണ് താന്‍ ആരംഭിച്ചതെന്നും സിനിമ കരിയറിലേക്കുള്ള ചവിട്ടുപടിയായിരുന്നു അതെന്നും ശിവകാർത്തികേയൻ പറഞ്ഞു. ആവേശത്തോടെയാണ് ഓരോ സിനിമയും ചെയ്യുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates