ഏയ്, ഇങ്ക നാൻ താ കിങ്...! സീവിടുവേൻ; പഞ്ചെന്നൊക്കെ പറഞ്ഞാൽ ഇതാണ്, രജനികാന്തിന്റെ ആ സൂപ്പർ ഹിറ്റ് ഡയലോ​ഗുകളിലൂടെ

ഒരു സിനിമാ നടന്റെ മിക്ക ഡയലോ​ഗുകളും പ്രേക്ഷകർക്ക് കാണാപാഠമായിട്ടുണ്ടെങ്കിൽ അത് രജനിയുടെ തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
Rajinikanth
രജനികാന്ത്ഫെയ്സ്ബുക്ക്

ഇന്ത്യൻ സിനിമയിൽ തന്നെ സമാനതകളില്ലാത്ത നടൻമാരിലൊരാളാണ് രജനികാന്ത്. പഞ്ച് ഡയലോ​ഗുകൾ കൊണ്ട് തന്റെ സിനിമയിലൂടെ പ്രേക്ഷകരെ എല്ലായ്പ്പോഴും ആവേശം കൊള്ളിക്കാറുണ്ട് അദ്ദേഹം. ഒരു സിനിമാ നടന്റെ മിക്ക ഡയലോ​ഗുകളും പ്രേക്ഷകർക്ക് കാണാപാഠമായിട്ടുണ്ടെങ്കിൽ അത് രജനിയുടെ തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. സിംപിൾ ഡയലോഗ് മുതൽ അല്പം നീളമുള്ള ഡയലോഗ് വരെ ഒരു തരി പോലും ആവേശം ചോരാതെ അവതരിപ്പിക്കാന്‍ രജനിക്ക് ഒരു പ്രത്യേക കഴിവാണ്. അതിനെ വെല്ലാൻ മറ്റൊരു നടൻ ഇല്ല എന്ന് പറയേണ്ടി വരും.

പതിനാറ് വയതിനിലേ, മുരട്ടുകാളൈ, ബാഷ, പടയപ്പ, അണ്ണാമലൈ, മുത്തു, അരുണാചലം, കബാലി, ശിവാജി, ജയിലർ തുടങ്ങി എത്രയോ സിനിമകളിലേ അദ്ദേഹത്തിന്റെ ഡയലോ​ഗുകൾ ഇന്നും സിനിമാ പ്രേമികള്‍ക്ക് ചോരാത്ത ആവേശമാണ്. അദ്ദേഹത്തിന്‍റെ 74-ാം ജന്മദിനത്തില്‍ രജനി സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ ചില പഞ്ച് ഡയലോഗുകളിലൂടെ കടന്നു പോകാം.

1. നാന്‍ ഒരു തടവ് സൊന്നാ...

ബാഷ
ബാഷ

രജനികാന്തിന്റെ എക്കാലത്തേയും മാസ് പ്രകടനങ്ങളിലൊന്നായിരുന്നു ബാഷയിലേത്. ഇന്നും ബാഷ ടിവിയിൽ വന്നാൽ കാണാതെ ഇരിക്കുന്ന പ്രേക്ഷകർ കുറവായിരിക്കും. ആക്ഷനും ഇമോഷനും മാസ് ഡയലോ​ഗുകൾ കൊണ്ടുമെല്ലാം ഒരു പക്കാ എൻ്റർടെയ്നറായിരുന്നു ബാഷ. ചിത്രത്തിലെ മിക്ക രംഗങ്ങളും ഇന്നും ഐക്കണിക്കായി തുടരുന്നു. മാണിക്യം എന്ന ബാഷയുടെ 'നാന്‍ ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരി' എന്ന പഞ്ച് ഡയലോഗ് ഇന്നും ആളുകള്‍ക്കിടയില്‍ പോപ്പുലറാണ്. സുരേഷ് കൃഷ്ണയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

2. യേന്‍ വഴി തനീ വഴി

പടയപ്പ
പടയപ്പ

തമിഴ്നാട്ടിൽ ഉത്സവമേളം തീർത്ത ചിത്രമായിരുന്നു പടയപ്പ. രജനികാന്തിന്റെ അസാധ്യ സ്ക്രീൻ പ്രെസൻസും രമ്യ കൃഷ്ണന്റെ പെർഫോമൻസുമായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കെഎസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ യേന്‍ വഴി തനീ വഴി എന്ന ഡയ​ലോ​ഗ് ആളുകൾ ഇന്നും പറയുന്ന ഒന്നാണ്.

രജനികാന്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി അത്ര രസത്തിലല്ലാതിരുന്ന സമയത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു പടയപ്പ. ചിത്രത്തിലെ പ്രതിനായിക കഥാപാത്രമായ രമ്യ കൃഷ്ണന്റെ നീലാംബരിയോട് രജനി പറയുന്ന പല ഡയലോഗുകളും ജയലളിതയെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് പിന്നീട് ആരാധകർ വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു.

3. ​കണ്ണാ, പന്നീങ്കെ താന്‍ കൂട്ടമാ വരുവേന്‍...

ശിവാജി
ശിവാജി

ശങ്കർ - രജനികാന്ത് കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു ശിവാജി. ചിത്രത്തിലുടനീളം പഞ്ചു ഡയലോഗുകളും മാസ് രംഗങ്ങളുമുണ്ടായിരുന്നു. ഇതില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ പഞ്ച് ഡയലോഗാണ് കണ്ണാ, പന്നീങ്കെ താന്‍ കൂട്ടമാ വരുവേന്‍, സിങ്കം സിംഗിളാ താന്‍ വരുവേന്‍ എന്നത്.

4. ഇത് എപ്പടി ഇരുക്ക്

പതിനാറ് വയതിനിലേ
പതിനാറ് വയതിനിലേ

ഭാരതിരാജയുടെ ആദ്യ ചിത്രമായ പതിനാറ് വയതിനിലേയിലാണ് രജനികാന്തിന്റെ ആദ്യ പഞ്ച് ഡയലോഗും പിറന്നതെന്നത് രസകരമായ ഒരു യാദൃച്ഛികതയാണ്. 1977 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കമൽ ഹാസനും ശ്രീദേവിയും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലെ ഇത് എപ്പടി ഇരുക്ക് എന്ന ഡയലോ​ഗ് ഇന്നും പ്രേക്ഷകർ പ്രയോ​ഗിക്കാറുണ്ട്.

5. നാന്‍ സൊല്ലറതും സെയ്‌വേൻ...

അണ്ണാമലൈ
അണ്ണാമലൈ

സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 1992 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അണ്ണാമലൈ. നാന്‍ സൊല്ലറതും സെയ്‌വേൻ, സൊല്ലാതതും സെയ്‌വേൻ - എന്ന ചിത്രത്തിലെ ഡയലോഗ് ഇന്നും ഹിറ്റായി തുടരുന്നു. കഷ്ടപ്പെടാമെ എതുവും കെടയ്ക്കാത്, കഷ്ടപ്പെടാമെ കെടച്ച് എന്നിക്കും നില്‍ക്കാത് എന്ന അണ്ണാമലെയിലെ ഡയലോഗും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

6. ​നാ‍ന്‍ എപ്പോ വരുവേന്‍ എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്...

മുത്തു
മുത്തു

കെഎസ് രവികുമാര്‍-രജനികാന്ത് കോമ്പോയിലിറങ്ങിയ മറ്റൊരു മാസ് ചിത്രമായിരുന്നു മുത്തു. ​നാ‍ന്‍ എപ്പോ വരുവേന്‍ എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്, ആനാ വര വേണ്ടിയ നേരത്തിലെ കറക്ടാ വരുവേന്‍... കോമഡിയും ആക്ഷനുമൊക്കെ നിറഞ്ഞ ചിത്രത്തിലെ ഡയലോഗിന് വന്‍ വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്. രജനിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വരെ ആരാധകര്‍ ഈ ഡയലോഗ് ഉപയോഗിച്ചിരുന്നു.

7. കബാലി ഡാ

കബാലി
കബാലി

പാ രഞ്ജിത്തും രജനികാന്തും ഒരുമിച്ച ചിത്രമാണ് കബാലി. രജനിയുടെ മാസ് പ്രകടനവും പാ രഞ്ജിത്തിന്റെ പൊളിറ്റിക്സും ഒന്നിച്ച് പ്രേക്ഷകർ കണ്ട ചിത്രം. തമില്‍ പടങ്ങളിലെ ഇങ്ക മറു വച്ചിക്കിട്ട് മീശെെ മുറിക്കിട്ട് ലുങ്കി കെട്ടിക്കിട്ട്, നമ്പിയാര് ഹേയ് കബാലി, അപ്പ്ടി കൂപ്പുട്ടാ ഒടനെ ഗുനിഞ്ഞ് സൊല്ലുങ്ക യശ്മാ അപ്പടി വന്തു നിപ്പാരെ അന്ത മാതിരി കബാലിന്നു നെനച്ചി ആടാ.. കബാലി ‍ഡാ... ഈ ഡയലോഗ് ആര്‍ക്കാണ് മറക്കാനാവുക.

8. ​നാന്‍ വീഴ് വേന്‍ എന്‍ട്ര് നിനെെത്തായോ

പേട്ട
പേട്ട

രജനിയെന്ന സൂപ്പര്‍താരത്തെ പവർഫുള്ളായി പ്രേക്ഷകർ കണ്ട മറ്റൊരു ചിത്രമായിരുന്നു പേട്ട. 2019 ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം കേരളത്തിലും വിജയമായി മാറി. ഭാരതിയാറിന്‍റെ പ്രശസ്തമായ വാക്കുകള്‍ രജനിയിലൂടെ വീണ്ടും അവതരിപ്പിച്ചപ്പോള്‍ തിയറ്ററുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പൂരപ്പറമ്പുകളായി മാറുകയായിരുന്നു.​ നാന്‍ വീഴ് വേന്‍ എന്‍ട്ര് നിനെെത്തായോ... എന്ന രജനിയുടെ ഡയ​ലോ​ഗിന് വലിയൊരു ആരാധകനിര തന്നെയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com