നിറത്തിന്റേയും ശരീരഭാരത്തിന്റേയും പേരിൽ പരിഹാസത്തിന് ഇരയാകേണ്ടി വരുന്നവർ നിരവധിയാണ്. സമൂഹത്തിൽ നിന്നു മാത്രമല്ല സോഷ്യൽ മീഡിയയിൽ നിന്നും ഇത്തരത്തിലുള്ള പരിഹാസങ്ങൾ പലർക്കും അനുഭവിക്കേണ്ടി വരും. പ്രത്യേകിച്ച് സ്ത്രീകൾക്ക്. എന്നാൽ ഈ ബോഡി ഷെയ്മിങ്ങുകളെയെല്ലാം ശക്തമായ പ്രതിരോധിക്കുന്നവരും നിരവധിയാണ്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള ഇത്തരം പോസ്റ്റുകൾ പലപ്പോഴും ചർച്ചയാവാറുണ്ട്. ഇപ്പോൾ നടി ഇലിയാന ഡിക്രൂസിന്റെ കുറിപ്പാണ് വൈറലാവുന്നത്.
ബോഡി പോസിറ്റിവിറ്റി പോസ്റ്റ്
തന്റെ ശരീരത്തിനോടുള്ള സ്നേഹം തുറന്നു പറഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ കുറിപ്പ്. എഡിറ്റ് ചെയ്യാത്ത ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ബോഡി പോസിറ്റിവിറ്റി പോസ്റ്റ്. ‘ചില ആപ്പുകളുടെ സഹായത്തോടെ ചിത്രങ്ങളിൽ നിങ്ങളെ കൂടുതൽ മെലിഞ്ഞതും നിറമുള്ളവളുമാക്കി മാറ്റാൻ കഴിയും. ആ ആപ്പുകളിൽ നിന്നെല്ലാം ഒഴിവാക്കി ഞാൻ യഥാർഥത്തിൽ എങ്ങനെയാണോ അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഇതാണ് ഞാൻ. എല്ലാ കുറവുകളോടെയുമുള്ള എന്നെ സ്നേഹിക്കാൻ എനിക്ക് കഴിയുന്നു. അതിൽ അഭിമാനമുണ്ട്’. – ഇലിയാന കുറിച്ചു.
പിന്തുണയുമായി ആരാധകർ
ചുവന്ന ബിക്കിനി ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഇലിയാന പങ്കുവച്ചത്. യൂ ആർ ബ്യൂട്ടിഫുൾ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. തനിക്ക് പിന്തുണ നൽകിയവരുടെ കുറിപ്പുകളും താരം പങ്കുവച്ചിട്ടുണ്ട്. 2017ൽ ഒരു ചിത്രം പങ്കുവച്ചതിന്റെ പേരിൽ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് ഇലിയാന ഇരയായിട്ടുണ്ട്. ഇത് തന്നെ മാനസികമായി തളർത്തിയിരുന്നതായും താരം പറഞ്ഞു. എന്നാൽ അതിനു ശേഷം ബോഡി പോസിറ്റിവിറ്റി സന്ദേശം പകരുന്ന നിരവധി ചിത്രങ്ങളാണ് ഇലിയാന പോസ്റ്റ് ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates