

ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്ക് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരം. ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് എന്ന സിനിമയ്ക്കാണ് പുരസ്കാരം. രാഷ്ട്രീയത്തടവുകാർ അവരെ തടവിലിട്ടവരോട് പ്രതികാരം ചെയ്യാനെത്തുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. സർക്കാരിനെതിരെ സിനിമയെടുക്കുന്നുവെന്നാരോപിച്ച് 2009 മുതൽ പലവട്ടം അറസ്റ്റിലായിട്ടുള്ള പനാഹിയെ സിനിമയെടുക്കുന്നതിൽ നിന്ന് 20 വർഷത്തേക്ക് ഇറാൻ വിലക്കിയിരുന്നു.
2023 ഫെബ്രുവരിയിൽ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ ഏഴ് മാസത്തോളം കിടന്നതാണ് പുതിയ സിനിമയ്ക്കുള്ള പ്രചോദമെന്ന് 64കാരനായ പനാഹി പറഞ്ഞു. സിനിമയെടുക്കാൻ വിലക്കുള്ളപ്പോഴും ‘നോ ബെയേഴ്സ്’ ഉൾപ്പെടെയുള്ളവ അദ്ദേഹം രഹസ്യമായി ഷൂട്ട് ചെയ്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്റെ രാജ്യത്തിന്റെ ഭാവിയാണെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം പനാഹി പറഞ്ഞു.
“നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം, നമ്മൾ ഏതുതരം വസ്ത്രം ധരിക്കണമെന്നോ, എന്ത് ചെയ്യണമെന്നോ ചെയ്യരുതെന്നോ ആരും നമ്മളോട് പറയരുത്.” - അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച ചിത്രത്തിനുള്ള അവാർഡ് ‘ദ് പ്രസിഡന്റ്സ് കേക്ക്’ എന്ന സിനിമയിൽക്കൂടി ഹസൻ ഹാഡി സ്വന്തമാക്കി. കാനിൽ അവാർഡ് നേടുന്ന ആദ്യ ഇറാഖി സിനിമയാണിത്. ഇന്ത്യയുടെ ‘ഹോംബൗണ്ടിന്’ അവാർഡൊന്നും നേടാനായില്ല. പായൽ കപാഡിയയും ജൂറി അംഗമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
