

അന്താരാഷ്ട്ര എമ്മി പുരസ്കാര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നടൻ വിജയ് സേതുപതി. 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ചടങ്ങിൽ പ്രെസന്ററായാണ് താരം എത്തിയത്.
ഈ വേദിയിൽ പുരസ്കാരം അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും വിജയ് സേതുപതി സ്വന്തമാക്കി. ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ പങ്കെടുത്തതിന്റെ സന്തോഷം താരം മാധ്യമങ്ങളോട് പങ്കുവെച്ചു.
'വളരെയധികം സന്തോഷം. എമ്മിയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ആദ്യമായി ഈ വേദി കാണാൻ സാധിച്ചതിലും പ്രെസന്ററാകാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഇന്ത്യയെ ഈ വേദിയിൽ പ്രതിനിധീകരിക്കാനായതിലും സന്തോഷം. ഒരേസമയം സർപ്രൈസ്ഡും എക്സൈറ്റഡുമാണ്', എന്നായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം.
വിജയ് സേതുപതിയുടെ സാന്നിധ്യം ഇത്തവണത്തെ എമ്മി വേദിയിൽ ഇന്ത്യയുടെ ശ്രദ്ധേയമായ സാന്നിധ്യങ്ങളിലൊന്നായി. കറുത്ത ഫോർമൽ സ്യൂട്ടിൽ ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളോടെയുള്ള വസ്ത്രധാരണത്തിലാണ് താരം റെഡ് കാർപെറ്റിലെത്തിയത്. വിജയ് സേതുപതിയെ ചടങ്ങിൽ പ്രെസന്ററായി എത്തിക്കുന്നതിൽ നിർമാതാവും ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസിന്റെ ബോർഡ് അംഗവുമായ കവിത ഗുപ്തയും പ്രധാന പങ്കുവഹിച്ചു.
വിജയ് സേതുപതി പ്രെസന്ററായി തിളങ്ങിയെങ്കിലും മത്സരവിഭാഗങ്ങളിൽ ഇന്ത്യയ്ക്ക് ഇത്തവണ പുരസ്കാരങ്ങളൊന്നും ലഭിച്ചില്ല. വീർ ദാസിന്റെ നെറ്റ്ഫ്ലിക്സ് കോമഡി സ്പെഷ്യൽ 'ഫൂൾ വോളിയം', സോണി ലിവിന്റെ 'റിയൽ കശ്മീർ ഫുട്ബോൾ ക്ലബ്' എന്നീ രണ്ട് ഇന്ത്യൻ എൻട്രികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.
മികച്ച കോമഡി വിഭാഗത്തിൽ വീർ ദാസിന്റെ 'ഫൂൾ വോളിയ'ത്തിന് പകരം അർജന്റീനൻ സീരീസായ 'ഡിവിഷൻ പലേർമോ സീസൺ 2' പുരസ്കാരം നേടി. മികച്ച ഡ്രാമ സീരീസ് വിഭാഗത്തിൽ 'റിയൽ കശ്മീർ ഫുട്ബോൾ ക്ലബ്ബിനെ' മറികടന്ന് ഫ്രഞ്ച് സീരീസായ 'കരേം' (Carême) പുരസ്കാരം സ്വന്തമാക്കി.
54-ാമത് ഇന്റർനാഷണൽ എമ്മി പുരസ്കാരങ്ങൾ ന്യൂയോർക്കിലെ ഹിൽട്ടൺ മിഡ്ടൗണിലാണ് നടന്നത്. മൈക്കൽ യൂറിയായിരുന്നു ചടങ്ങിന്റെ അവതാരകൻ. 16 വിഭാഗങ്ങളിലായി 22 രാജ്യങ്ങളിൽ നിന്നുള്ള 64 നോമിനേഷനുകളാണ് ഇത്തവണ മത്സരിച്ചത്. ഒൻപത് പുരസ്കാരങ്ങളുമായി യുകെയാണ് ഇത്തവണ മുന്നിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates