

സോഷ്യല്‍ മീഡിയയിലൂടെ പഴയ പാട്ടുകള്‍ക്ക് പുതുജീവന്‍ ലഭിക്കുന്നത് പുതിയ കാര്യമല്ല. പല പഴയ പാട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പുതുതലമുറ ഏറ്റെടുത്തിട്ടുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്ന പാട്ടാണ് അന്തിമാലൈ കോയില്‍ വന്തേന്‍ എന്ന തമിഴ് ഗാനം. എആര്‍ റഹ്മാന്റെ പാട്ടാണെന്ന പേരിലാണ് പാട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പാട്ടിന്റെ അവകാശി മറ്റൊരാളാണ്.
മലയാളികളുടെ സ്വന്തം ഔസേപ്പച്ചനാണ് അന്തിമാലൈ കോയില്‍ വന്തേന്‍ എന്ന പാട്ടിന്റെ സംഗീത സംവിധായകന്‍. എആര്‍ റഹ്മാന്‍ പാട്ടില്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റേതല്ല ഗാനം. 1989 ല്‍ പുറത്തിറങ്ങിയ ആല്‍ബത്തില്‍ നിന്നുള്ള ഗാനം വീണ്ടും പ്രചരിക്കുമ്പോള്‍, എങ്ങനെയാണ് പാട്ടിന്റെ അവകാശം എആര്‍ റഹ്മാനിലേക്ക് പോയതെന്ന് പറയുകയാണ് ഔസേപ്പച്ചന്‍.
മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഔസേപ്പച്ചന്‍. 1989 ല്‍ സെപ്റ്റിയൂണ്‍ എന്ന കമ്പനിയ്ക്ക് വേണ്ടി മഹേഷ് ജോര്‍ജ് എന്ന വ്യക്തിയാണ് തന്നെ സമീപിക്കുന്നത്. വെല്‍ക്കം 1990 എന്ന പേരിലൊരു ആല്‍ബം ഒരുക്കുകയായിരുന്നു ലക്ഷ്യം. എപ്പോഴും എന്തെങ്കിലും പുതിയത് പരീക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഔസേപ്പച്ചന്‍, ലൈവ് പ്ലേയിങ് ഇല്ലാതെ കമ്പ്യൂട്ടര്‍ സീക്വന്‍സ് ഉപയോഗിച്ച് ആദ്യമായി മലയാളത്തില്‍ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
അന്ന് എആര്‍ റഹ്മാന്‍, എആര്‍ റഹ്മാന്‍ ആയിരുന്നില്ല. ദിലീപ് ആയിരുന്നു. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍കെ ശേഖറിന്റെ മകന്‍ എന്ന നിലയിലായിരുന്നു അദ്ദേഹത്തെ പരിചയം. ദിലീപിന്റെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു റെക്കോര്‍ഡിങ്. ദിലീപ് ഉപയോഗിച്ചിരുന്ന അച്ഛന്റെ ഹാര്‍മോണിയമായിരുന്നു ഉപയോഗിച്ചതെന്നും ഔസേപ്പച്ചന്‍ ഓര്‍ക്കുന്നുണ്ട്. അന്ന് താന്‍ പറഞ്ഞു കൊടുത്ത കോര്‍ഡും നോട്ടേഷനും ഗിറ്റാറുമെല്ലാം ടൈപ്പ് റൈറ്റിങ്ങിന്റെ വേഗത്തിലാണ് ദിലീപ് ചെയ്ത് തീര്‍ത്തതെന്നും അദ്ദേഹം പറയുന്നു.
അതേസമയം ആ പാട്ട് തമിഴില്‍ ഇറക്കിയപ്പോള്‍ റഹ്മാന്റെ പേര് ഉപയോഗിച്ചതിന് പിന്നില്‍ വില്‍പ്പനയായിരുന്നു ലക്ഷ്യമെന്നും ഔസേപ്പച്ചന്‍ പറയുന്നു. ''ഇത് തനി കളവാണ്. പക്ഷെ റഹ്മാന്റെ സിഗ്നേച്ചറുണ്ട് അതില്‍. കാരണം കീബോര്‍ഡ് വായിച്ചത് അദ്ദേഹമാണ്. എന്റെ പേരില്‍ ഇറക്കിയാല്‍ ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടില്ല. റഹ്മാന്റെ പേരാകുമ്പോള്‍ പെട്ടെന്ന് ശ്രദ്ധ കിട്ടും. അതിന് വേണ്ടിയാണ് റഹ്മാന്റെ പേര് ഉപയോഗിക്കുന്നത്'' എന്നും ഔസേപ്പച്ചന്‍ പറയുന്നു. അതേസമയം തന്റെ പേര് ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ച് റഹ്മാന് അറിവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മലയാളത്തിലെ വലിയൊരു സിനിമയിലേക്ക് ഈ ഗാനം റീമേക്ക് ചെയ്ത് ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ച് തന്നെ ചിലര്‍ സമീപിച്ചതായും ഉടനെ തന്നെ പഴയ പാട്ട് സ്‌ക്രീനിലെത്തുമെന്നും ഔസേപ്പച്ചന്‍ അറിയിച്ചു. നേരത്തെ ബത്‌ലഹേം കുടുംബ യൂണിറ്റില്‍ ഔസേപ്പച്ചന്‍ അന്ന എന്ന ചിത്രത്തിനായി ഒരുക്കിയ യവനകഥയിലെ എന്ന ഗാനം ഉപയോഗിച്ചത് വന്‍ ഹിറ്റായിരുന്നു. പിന്നാലെയാണ് ഔസേപ്പച്ചന്റെ അന്തിമാലൈ കോയില്‍ വന്തേനും പുതുതലമുറ ഏറ്റെടുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates