

സിനിമാ പ്രൊമോഷൻ പരിപാടികളിൽ പ്രത്യേകിച്ച് അഭിമുഖങ്ങളിലൊന്നും നടൻ ജയ്‌യെ കാണാറില്ല. പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളിലൊന്നും നടൻ വർഷങ്ങളായി പങ്കെടുക്കാറില്ലെന്ന കാര്യം ആരാധകർക്കും ഏറെക്കുറെ അറിയാം. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 'സട്രൻത് മാറത് വാനിലൈ' എന്ന ചിത്രത്തിന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഇതിന്റെ കാരണം പറയുകയാണ് ജയ്.
"പ്രേക്ഷകർ സിനിമ കാണാൻ വരുന്നത് തന്നെ നമ്മളെ വിശ്വസിച്ചാണ്. നമ്മുടെ മേലുള്ള വിശ്വാസത്തിന്റെ പുറത്താണ് അവർ സമ്പാദിച്ച പണം അവർ സിനിമയ്ക്കായി അല്ലെങ്കിൽ ഒരു ഷോയ്ക്കായി ചെലവഴിക്കുന്നത്. ഏകദേശം ഒരു 2000 രൂപയെങ്കിലും അവർ ഇതിനായി ചെലവഴിക്കുന്നുണ്ട്. നമ്മളെ വിശ്വസിച്ച് വരുന്ന ജനങ്ങൾ പറ്റിക്കപ്പെടരുത് എന്നൊരു തോന്നൽ എനിക്ക് രണ്ടാമത്തെ സിനിമ ചെയ്യുമ്പോൾ മുതലുണ്ടായിരുന്നു.
ചില സിനിമകൾ, എനിക്ക് കംഫർട്ടബിളായ സിനിമകൾ വരുമ്പോൾ ഇത് നല്ല സിനിമയാണ് എല്ലാവരും വന്ന് കാണണം എന്ന് പറയാൻ പറ്റില്ല. ചില സിനിമകൾ ചെയ്യുമ്പോൾ തന്നെ എനിക്ക് മനസിലാകും ഇതിന്റെ ഔട്ട്പുട്ട് ഉദ്ദേശിച്ച അത്ര വന്നിട്ടില്ലെന്ന്. നമ്മളോട് കഥ പറയുമ്പോഴുള്ള വ്യക്തത പടം ഫുൾ ചെയ്ത് കഴിഞ്ഞു വരുമ്പോൾ ചിലപ്പോൾ ഉണ്ടാകില്ല. കുറേ സീനുകളൊക്കെ തെറ്റായി എടുക്കും.
പ്രൊഡക്ഷന്റെ ഭാഗത്തു നിന്നുള്ള സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ അത് ബാധിക്കും ചിലപ്പോൾ. ചില സിനിമകൾ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. എന്നോട് പറഞ്ഞതു പോലെ അല്ലല്ലോ ഇത് ചെയ്തിരിക്കുന്നത് എന്ന്. ഇത് വർക്ക് ആകില്ലല്ലോ എന്ന്. അങ്ങനെയുള്ള ഒരു സിനിമയ്ക്ക് വേണ്ടി എന്റെ സിനിമ നല്ലതാണ്, എല്ലാവരും വന്ന് കാണണം എന്ന് പറഞ്ഞ് പറ്റിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്.
ഞാൻ അഭിമുഖങ്ങൾ കൊടുക്കാത്ത പടം കൊള്ളില്ല, അല്ലെങ്കിൽ ആ സിനിമയ്ക്ക് അദ്ദേഹം അഭിമുഖം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അത് നല്ലതായിരിക്കും എന്ന് ആളുകൾ കരുതും. ഞാൻ എന്തിന് അത് ചെയ്യണം ?. അതുകൊണ്ടാണ് ഞാൻ അഭിമുഖങ്ങൾ കൊടുക്കാതിരുന്നത്. അത് പ്രേക്ഷകരുടെ തീരുമാനത്തിന് വിടാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്.
എനിക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ ആർക്കും അഭിമുഖം കൊടുക്കില്ല. ഒരു ന്യൂട്രൽ ലെവലിൽ ആണ് ഞാൻ പോകുന്നത്. സിനിമ തുടങ്ങുമ്പോൾ ഉള്ളൊരു ഇംപാക്ട് അത് പൂർത്തിയായി കഴിയുമ്പോൾ ഇല്ലെങ്കിൽ ഞാനെങ്ങനെയാണ് പ്രേക്ഷകരോട് അത് വന്ന് കാണാൻ പറയുന്നത്. ഞാനൊരു ക്യൂട്ട് റോൾ ചെയ്തു എന്ന് പറഞ്ഞ് എനിക്ക് പറ്റിക്കാൻ അറിയില്ല.
അതുകൊണ്ടാണ് ന്യൂട്രലായി നിൽക്കുന്നത്. ഒരഭിമുഖം കൊണ്ടല്ല സിനിമ ഓടുന്നത്. സിനിമയുടെ കഥ നല്ലതാണെങ്കിൽ അത് ഓടും. അഭിമുഖങ്ങൾ ഒരു സിനിമ വരുന്നു എന്നതിന്റെ ഒരു അറിയിപ്പ് മാത്രമാണ്. ഇപ്പോൾ എന്റെ സിനിമ നല്ലതാണ് കാണണം എന്ന് ഞാൻ പറയാറില്ല. അതിനുള്ള പക്വത എനിക്കുണ്ട്.
ഇങ്ങനെയൊരു സിനിമ റിലീസ് ചെയ്യുന്നുണ്ട്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വന്ന് കാണൂ എന്നേ പറയാറുള്ളൂ. അതുകൊണ്ടാണ് ഞാനിപ്പോൾ പ്രൊമോഷന്റെ ഭാഗമായി അഭിമുഖം നൽകി തുടങ്ങിയത്".- ജയ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates