

ചെന്നൈ: വിജയ് ചിത്രം 'ജന നായകൻ' വിവാദത്തിൽ സെൻസർ ബോർഡിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിർമാതാക്കൾ പിൻവലിച്ചു. ജസ്റ്റിസ് പി ടി ആശയാണ് ഹർജി പരിഗണിച്ചുകൊണ്ട് സിനിമയുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് അനുമതി നൽകിയത്. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ട ബോർഡിന്റെ നടപടിയെ ചോദ്യം ചെയ്തായിരുന്നു നിർമാതാക്കൾ നേരത്തേ കോടതിയെ സമീപിച്ചിരുന്നത്. 'ജന നായക'ന് ഉടനെ തന്നെ സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി നിർദ്ദേശിച്ചു.
എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകൻ ജനുവരി 9 ന് പൊങ്കൽ റിലീസായി പ്രേക്ഷകരിലേക്ക് എത്തേണ്ടതായിരുന്നു. സെൻസർ ബോർഡുമായുള്ള നിയമതർക്കം കാരണം റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കിയിരുന്നു.
വീണ്ടും നിയമപ്പോരാട്ടം തുടരുന്നത് റിലീസിനെ ബാധിക്കുമെന്നതിനാലാണ് ഹർജി പിൻവലിച്ച് സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിക്ക് വിട്ടുനൽകാൻ നിർമാതാക്കൾ തീരുമാനിച്ചത്. അതേസമയം ജന നായകൻ ഫെബ്രുവരി 20ന് റിലീസ് ചെയ്യുമെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates