

ദൃശ്യം ത്രീയുടെ ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ജീത്തു ജോസഫ്. മോഹന്‍ലാലിനെ നായകനാക്കി ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജീത്തു. ഇതിനിടെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചത്. എന്നാല്‍ ഹിന്ദി പതിപ്പ് മലയാളത്തേക്കാള്‍ മുമ്പ് റിലീസാകുമെന്നും മലയാളത്തില്‍ നിന്നും വ്യത്യസ്തമായ കഥയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയാണ് ജീത്തു ജോസഫ്. റിപ്പോര്‍ട്ടര്‍ ലൈവിനോടായിരുന്നു ജീത്തുവിന്റെ പ്രതികരണം. മലയാളത്തിലെ കഥ തന്നെയാകും ഹിന്ദിയിലും പറയുകയെന്നാണ് ജീത്തു വ്യക്തമാക്കുന്നത്. താന്‍ തന്നെയാണ് ഹിന്ദിയ്ക്കും തിരക്കഥയെഴുതുന്നത്. പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ തിരക്കഥ ഹിന്ദി നിര്‍മ്മാതാക്കള്‍ക്ക് കൈമാറുമെന്നും ജീത്തു അറിയിച്ചു.
ദൃശ്യത്തിന്റെ റൈറ്റ്‌സ് മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നും അതിനാല്‍ ഹിന്ദിയില്‍ ഒരുങ്ങുന്നത് പുതിയ പതിപ്പാണെന്നത് തെറ്റായ വാര്‍ത്തയാണ്. കൂടാതെ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പും ഹിന്ദി പതിപ്പിനൊപ്പം പുറത്തിറക്കാനുള്ള സാധ്യതകളും ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു. തെലുങ്ക് നിര്‍മ്മാതാക്കള്‍ തിരക്കഥ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായാണ് ജീത്തു പറയുന്നത്.
മലയാളം, ഹിന്ദി പതിപ്പുകള്‍ ഒരുമിച്ച് റിലീസ് ചെയ്യാനുള്ള ആലോചനകളും നടക്കുന്നതായും ജീത്തു പറയുന്നു. ആദ്യം മലയാളമാണ് പുറത്തിറങ്ങുന്നതെങ്കില്‍ കഥയെക്കുറിച്ചുള്ള സൂചന പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്നതിനാലാണ് രണ്ട് പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യാനുള്ള ആലോചന നടത്തുന്നതെന്നാണ് ജീത്തു പറയുന്നത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ അജയ് ദേവ്ഗണ്‍ ആണ് നായകന്‍. ഹിന്ദിയിലും ദൃശ്യം പരമ്പര വലിയ വിജയമായിരുന്നു.
കഴിഞ്ഞ ദിവസമാണ് ദൃശ്യം ത്രീയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ആശിര്‍വാദ് സിനിമാസ് പ്രഖ്യാപിക്കുന്നത്. ഈ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയങ്ങളായിരുന്നു. അതിനാല്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Hindi Dhrishyam 3 wil follow the same story of malayalam, says Jeethu Joseph
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates