

'ദൃശ്യം' ഫ്രാഞ്ചൈസിയിൽ കഥാപാത്രങ്ങൾക്കുള്ള പോലെ തന്നെ പ്രാധാന്യമുണ്ട് പൊലീസ് സ്റ്റേഷനും. ഒരു കേസിൽ പൊലീസുകാർക്കുണ്ടാകുന്ന സമ്മർദ്ദത്തെക്കുറിച്ചുമൊക്കെ 'ദൃശ്യം' ഫ്രാഞ്ചൈസിയിൽ സംവിധായകൻ ജീത്തു ജോസഫ് പറയുന്നുണ്ട്. 'ദൃശ്യം 3' യിലെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ചും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ് ഇപ്പോൾ.
പൊലീസുകാരുടെ ബുദ്ധിമുട്ടുകൾ കൂടി നമ്മൾ മനസിലാക്കണമല്ലോ. ചുമ്മാ അവരെ ചീത്ത വിളിച്ചുകൊണ്ട് ഇരുന്നാൽ മാത്രം പോരല്ലോ എന്ന് ജീത്തു ജോസഫ് പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. '53,000 പൊലീസുകാരാണ് കേരളത്തിലുള്ളത്. 650 പേർക്ക് ഒരാൾ. അങ്ങനെ തന്നെയാണോ'. എന്നായിരുന്നു അവതാരകന്റെ ചോദ്യം.
'അതിന് ഒരാൾ എന്നെ നന്നായി സഹായിച്ചു. ഗൂഗിൾ എന്ന് പറയും'- എന്നായിരുന്നു ജീത്തു ജോസഫിന്റെ മറുപടി. "ഇത്തരം ഇൻഫർമേഷനുകളൊക്കെ ചുമ്മാ ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയതാ. ഇപ്പോഴത്തെ കാര്യം ഒന്ന് ആലോചിച്ച് നോക്കിക്കേ. മാധ്യമങ്ങളും മനുഷ്യരും പൊലീസുകാരെ കുറ്റം പറയുന്നു. ഒരു ക്രൈം നടന്ന് കഴിഞ്ഞാൽ, രണ്ട് ദിവസം കഴിയുമ്പോൾ തുടങ്ങും പൊലീസുകാർ നിഷ്ക്രിയരായെന്ന്.
അവർക്കും പരിമിതികളുണ്ട്. ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ എന്തോരം കേസുകൾ നടക്കുന്നുണ്ട്. ആ പൊലീസ് സ്റ്റേഷനിൽ 12 അല്ലെങ്കിൽ 14 പൊലീസുകാരുണ്ടാകും. ഈ എല്ലാ കേസും അവർക്ക് അന്വേഷിക്കണം. ഇതിന്റെ ഇടയ്ക്ക് മുകളിൽ നിന്ന് വരുന്ന കേസുകൾ വേറെ വരും. ഇതെല്ലാം കൂടി ഇവർ അന്വേഷിക്കണ്ടേ. എനിക്ക് പൊലീസിൽ ചില സുഹൃത്തുക്കളുണ്ട്.
അവർ പറയാറുണ്ട്, മുകളിൽ നിന്ന് വരുന്ന സമ്മർദ്ദത്തെക്കുറിച്ച്. ഒരിക്കൽ ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞതാണ്. ഒരു കേസ് വന്നിട്ട് ഒരു രക്ഷയുമില്ല. ഭയങ്കരമായ രീതിയിൽ സമ്മർദ്ദം വരുകയാണ്. ആരെയോ കൊന്ന കേസ് ഏതാണ്ട് ആണ്. അവനെ പിടിക്കാൻ പറ്റുന്നില്ല. രണ്ടാഴ്ചയായി അവൻ എവിടെപ്പോയെന്ന് ഒരു പിടിയുമില്ല. മുങ്ങിയ ആളെ പിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇവരും മനുഷ്യരല്ലേ.
അവസാനം പുള്ളി ഒരു ബന്ധുവീട്ടിൽ ചെന്ന് കഴിഞ്ഞപ്പോൾ, ബോംബയിലുള്ള ആരുടെയോ ബന്ധുവിന്റെ കാര്യം പറഞ്ഞു. അദ്ദേഹം നോക്കി കഴിഞ്ഞപ്പോൾ ഈ സമ്മർദ്ദം സഹിക്കാൻ പറ്റുന്നില്ല. അവസാനം പുള്ളി ഈ സീനിയർ ഓഫീസറോട് പോയി പറഞ്ഞു. അയാൾ ബോംബെയിൽ എവിടെയോ ഉണ്ടെന്ന്. കാരണം ഈ സമ്മർദ്ദം കാരണം പുള്ളിക്ക് എങ്ങോട്ടെങ്കിലും ഒന്ന് മാറി നിൽക്കണം.
അങ്ങനെ ബോംബയിൽ ചെന്ന് അവിടുത്തെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്രസ് എടുത്ത് നേരെ ചെന്നു. ഇയാളെ വിളിക്കാൻ നേരെ ചെന്ന് ബെല്ലടിച്ചു. ബെല്ലടിച്ച് വീട് തുറന്നത് ഇയാൾ അന്വേഷിക്കുന്ന ആളായിരുന്നു. ഒരു ഭാഗ്യം പോലെ കിട്ടി. പിന്നെ പുള്ളി പറഞ്ഞു. ഇതുപോലെ ഒരു കേസ് അന്വേഷിച്ചിട്ട് പ്രതിയെ കിട്ടുന്നില്ല. പുള്ളിയുടെ ഭാര്യയുടെ പല്ല് കാണിക്കാൻ ദന്ത ഡോക്ടറുടെ അടുത്ത് ചെന്നു.
അവിടെ വെയ്റ്റ് ചെയ്യുമ്പോൾ ഇയാൾ പല്ലിന്റെ ചികിത്സ കഴിഞ്ഞ് ഇറങ്ങി വരുന്നു. അത് ഭയങ്കര ഭാഗ്യത്തിന് കിട്ടുന്ന കാര്യമാണ്. ഞാൻ ആലോചിച്ചത് എന്ത് സമ്മർദ്ദം ആയിരിക്കും ഇവർക്ക് ജോർജുകുട്ടിയുടെ കാര്യത്തിലുണ്ടാകുന്നതെന്ന്. ഒരേ സമയത്ത് പല കേസുകൾ അന്വേഷിക്കണം. ഇവർ ഇതിനൊക്കെ പരിശീലിച്ചിട്ടുണ്ട്.
എന്നാലും ഒരു പരിധിയില്ലേ. അങ്ങനെയാണ് ഞാൻ എത്ര പൊലീസുകാർ ഉണ്ടെന്ന് ഗൂഗിളിൽ നോക്കുന്നത്. അങ്ങനെയാണ് അത് കിട്ടുന്നത്".- ജീത്തു ജോസഫ് പറഞ്ഞു. "പൊലീസുകാരുടെ ബുദ്ധിമുട്ടുകൾ കൂടി നമ്മൾ മനസിലാക്കണമല്ലോ. ചുമ്മാ അവരെ ചീത്ത വിളിച്ചുകൊണ്ട് ഇരുന്നാൽ മാത്രം പോരല്ലോ".- ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates