

'ആവേശം' എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് ജിത്തു മാധവൻ. സൂര്യയെ നായകനാക്കിയാണ് ജിത്തു മാധവൻ തന്റെ പുതിയ ചിത്രമൊരുക്കുന്നത്. 'സൂര്യ 47' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെ സംബന്ധിക്കുന്ന പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് ജിത്തു മാധവൻ. എയർപോർട്ടിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം പൂർണമായും തമിഴ് പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതായിരിക്കും എന്ന് ജിത്തു മാധവൻ പറഞ്ഞു.
മലയാള സിനിമ പോലെ തന്നെയായിരിക്കുമോ സൂര്യ 47 എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനായിരുന്നു സംവിധായകന്റെ മറുപടി. "സൂര്യ 47 ന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അപ്ഡേറ്റുകൾ ഔദ്യോഗികമായി ഞങ്ങൾ പുറത്തുവിടും. ഇത് പൂർണമായും ഒരു തമിഴ് ചിത്രം തന്നെയായിരിക്കും".- ജിത്തു മാധവൻ പറഞ്ഞു.
ചിത്രത്തിൽ സൂര്യ പൊലീസ് ഓഫിസറായാണ് എത്തുന്നത് എന്നാണ് വിവരം. ചിത്രത്തിൽ നസ്രിയ ആണ് നായികയായെത്തുന്നത്. നസ്‌ലിനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
സുഷിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. അതേസമയം കറുപ്പ് ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക. ഏപ്രിലിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates