മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഗായകനാണ് ജോബ് കുര്യൻ. മലയാള സംഗീത ലോകത്ത് രണ്ടു പതിറ്റാണ്ടുകളായി സജീവമാണ് ജോബ്. സംഗീതത്തിനു പുറമേ യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ജോബ്. 'പദയാത്ര...' എന്ന ജോബിന്റെ പാട്ടിന് ഇന്നും ആരാധകരേറെയാണ്. 'പദയാത്ര' ഹിറ്റാകാൻ ബൈക്ക് റൈഡേഴ്സിന് വലിയൊരു പങ്കുണ്ടെന്ന് പറയുകയാണ് ജോബ് ഇപ്പോൾ.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "പദയാത്ര എന്ന പാട്ട് ട്രാവൽ വിഡിയോസിലൊക്കെ ഉപയോഗിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നും. ഞാനൊരുപാട് യാത്ര ചെയ്യുന്നതു കൊണ്ട് തന്നെ പാട്ടുകളിൽ ഒരു ട്രാവൽ മൂഡ് വരാറുണ്ട്.
യാത്രകളിൽ ഒരുപാട് പേർ പദയാത്ര ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഉറപ്പായിട്ടും യാത്രകളോടുള്ള എന്റെ ഇഷ്ടം ചിലപ്പോൾ എന്റെ പാട്ടിന്റെ താളത്തിലും ഫീലിലുമൊക്കെ കടന്നുവരുന്നതായിരിക്കും. ഞാനൊരു ബൈക്കറല്ല, പക്ഷേ ആ പാട്ട് ബൈക്കേഴ്സുമായി റിലേറ്റ് ചെയ്തു. അത് വലിയൊരു സന്തോഷമാണ്.
അങ്ങനെയാണ് പദയാത്ര ശരിക്കും ആളുകളിലേക്ക് എത്തുന്നത്. റൈഡേഴ്സിന് വലിയൊരു പങ്കുണ്ട് അതിൽ. എന്റെ വളരെ അടുത്തൊരു സുഹൃത്ത്, അവൻ നല്ലൊരു വിഷമഘട്ടത്തിലായിരുന്ന സമയത്ത് ഒരു ഹിമാലയൻ യാത്ര നടത്തിയിരുന്നു. അവന്റെ കയ്യിൽ വലിയ പൈസയൊന്നുമില്ലാതെയാണ് പോകുന്നത്.
ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ഇടയ്ക്ക് അവൻ എനിക്ക് ഫോട്ടോകൾ അയച്ചു തരും. പതിയെ പതിയെ അവൻ ഓക്കെയായി. യാത്ര കഴിഞ്ഞ് പുതിയ ഒരാളായാണ് അവൻ തിരിച്ചു വരുന്നത്. അതിനെക്ക് ഭയങ്കര സന്തോഷമായി. അവന്റെ ആ യാത്രയുമായി ബന്ധപ്പെട്ട് ചെയ്തതാണ് പദയാത്ര.
അവന്റെ യാത്രയിൽ തന്നെ ഞാൻ ചെറിയ ട്യൂണുകളൊക്കെ ഇട്ട് തുടങ്ങിയിരുന്നു. അവനിപ്പോൾ വലിയ ജാഡയിൽ പറയും, ഞാൻ ഇല്ലായിരുന്നുവെങ്കിൽ നീ പദയാത്ര ഉണ്ടാക്കില്ലായിരുന്നുവെന്ന്. അവനോടുള്ള എന്റെ സ്നേഹമാണ് ആ പാട്ടിലുള്ളത്". - ജോബ് കുര്യൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates