

വിനീത് ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത് 2024 ൽ പുറത്തിറങ്ങിയ സിനിമയാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ നിവിൻ പോളിയും അതിഥി വേഷത്തിലെത്തിയിരുന്നു. നിതിൻ മോളി എന്ന കഥാപാത്രമായാണ് നിവിനെത്തിയത്. ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.
ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്ന ചിത്രത്തിലെ നിവിന്റെ ഡയലോഗും സൂപ്പർ ഹിറ്റായി മാറി. ചില കഥാപാത്രങ്ങളൊക്കെ അങ്ങനെ കിട്ടുന്നതാണ് എന്ന് പറയുകയാണ് നിവിനിപ്പോൾ. തന്റെ പുതിയ ചിത്രമായ സർവ്വം മായയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് നിവിൻ മനസ് തുറന്നത്.
"ചില കഥാപാത്രങ്ങളൊക്കെ അങ്ങനെ കിട്ടുന്നതാണ്. വർഷങ്ങൾക്ക് ശേഷം ചെയ്യുമ്പോൾ എനിക്ക് ഭയങ്കര ടെൻഷനായിരുന്നു, ആളുകൾ ഇതെങ്ങനെ എടുക്കും എന്നാലോചിച്ചിട്ട്. കാരണം, സെൽഫ് ട്രോളായി നമ്മളിങ്ങനെ അഭിനയിച്ചു കൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ അവസ്ഥകളെല്ലാം പറഞ്ഞ്.
ആ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ വലിയൊരു സ്വീകാര്യത കിട്ടി. ആ സിനിമ കഴിഞ്ഞ് എനിക്ക് ആളുകൾ തന്നൊരു സ്നേഹം വലുതാണ്. നിവിന്റെ ഇതുപോലെയുള്ള ഹ്യൂമർ വേഷങ്ങൾ അല്ലെങ്കിൽ ഇത്തരം എന്റർടെയ്ൻമെന്റ് സിനിമകൾ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു എന്നൊക്കെ ആളുകൾ പറഞ്ഞു.
ഏറ്റവും കൂടുതൽ റെസ്പോൺസ് കിട്ടിയതും വർഷങ്ങൾക്ക് ശേഷം ഇറങ്ങി കഴിഞ്ഞപ്പോഴായിരുന്നു. കുറച്ചുനാളുകളായിട്ട് ഇത്തരം സിനിമകൾ മിസിങ് ആയിരുന്നു. എന്റർടെയ്ൻമെന്റ് സോണിലേക്ക് തന്നെ തിരിച്ചു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് ഞാൻ കമ്മിറ്റ് ചെയ്തിരുന്ന സിനിമകൾ അങ്ങനെയല്ലായിരുന്നു.
ഇപ്പോൾ ഞാൻ സ്ക്രിപ്റ്റ് നോക്കുന്നതെല്ലാം എന്റർടെയ്ൻമെന്റ് അല്ലെങ്കിൽ ഹ്യൂമർ ടൈപ്പാണ്. ഒന്ന് രണ്ടെണ്ണം ഞാൻ കണ്ടിട്ടുണ്ട്".- നിവിൻ പറഞ്ഞു. അതേസമയം മികച്ച അഭിപ്രായമാണ് സർവ്വം മായയ്ക്ക് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ അജു വർഗീസും നിവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates