

ജോജു ജോര്‍ജ് നായകനാകുന്ന അജ സുന്ദരിയുടെ ചിത്രീകരണ സംഘത്തിനെതിരെ വ്യാപാരികള്‍. കോഴിക്കോട് വിലങ്ങാടായിരുന്നു സിനിമയുടെ ചിത്രീകരണം. ഷൂട്ടിങ് സംഘം കടയില്‍ നിന്നും പല ചരക്കു സാധനങ്ങളും മറ്റും വാങ്ങിയിട്ട് പണം നല്‍കിയില്ലെന്നാണ് ആരോപണം. ഷൂട്ടിങ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നല്‍കാനുള്ള പണം നല്‍കിയിട്ടില്ലെന്നാണ് ആരോപണം.
മൂന്ന് മാസത്തിലധികം ഷൂട്ടിങ് സംഘം വിലങ്ങാടുണ്ടായിരുന്നു. ഈ സമയത്ത് പല ചരക്ക് സാധനങ്ങളും ബീഫും താറാവും നാടന്‍ കോഴിയും മുട്ടയും അടക്കം വാങ്ങിയത് സമീപത്തെ കടകളില്‍ നിന്നായിരുന്നു. കാന്‍സര്‍ രോഗിയായ കച്ചവടക്കാരന് 47000 ലധികം രൂപ നല്‍കാനുണ്ട്. മറ്റൊരു കടക്കാരന് പാലും തൈരും വാങ്ങിയ വകയില്‍ 42 രൂപയും തേങ്ങ വാങ്ങിയതിന് 14000 രൂപയും നല്‍കാനുള്ളതയാണ് വ്യാപാരികള്‍ പറയുന്നത്.
തുടക്കത്തില്‍ കൃത്യമായി പണം നല്‍കിയിരുന്നുവെങ്കിലും പിന്നീട് നല്‍കാതായെന്നാണ് ആരോപണം. ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. കടകള്‍ പൂട്ടിയിടേണ്ട അവസ്ഥ വന്നതോടെ മറ്റൊരു കക്ഷി വഴി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂരിനെ ബന്ധപ്പെട്ടുവെങ്കിലും പ്രതികരിച്ചില്ലെന്നും വ്യാപരികള്‍ പറയുന്നു.
മനു ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അജ സുന്ദരി. സംവിധായകന്‍ ആഷിഖ് അബുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഫോണ്‍ എടുക്കുക പോലുമില്ലാതായതോടെ പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വ്യാപരി വ്യവസായ ഏകോപന സമിതി തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates