

പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു എംപുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിന് നേരെ വൻ വിവാദങ്ങളുണ്ടാവുകയും എംപുരാൻ റീ എഡിറ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ നടൻ മോഹൻലാലിനും പൃഥ്വിരാജിനും വൻ സൈബർ ആക്രമണവും നേരിടേണ്ടി വന്നു. സോഷ്യൽ മീഡിയയിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമൊക്കെ കുറച്ചകലം പാലിച്ചിരിക്കുകയാണ് പൃഥ്വിരാജിപ്പോൾ.
സോഷ്യൽ മീഡിയയിൽ മുൻപ് വളരെ സജീവമായിരുന്ന പൃഥ്വിരാജിനെ വല്ലപ്പോഴുമാണിപ്പോൾ സൈബറിടങ്ങളിൽ കാണാൻ കഴിയുന്നത്. ഇതോടെ പൃഥ്വിരാജ് എവിടെപ്പോയി എന്ന് തിരക്കിയും ആരാധകരെത്തി. എംപുരാന്റെ വിഎഫ്എക്സ് വിഡിയോയുമായി പൃഥ്വിരാജ് നാളുകൾക്ക് ഇന്നലെ വീണ്ടും സോഷ്യൽ മീഡിയയിലെത്തി. 'അന്ന് മുങ്ങിയിട്ട് ഇപ്പോഴാണല്ലോ പൊങ്ങുന്നത്', 'എവിടെയായിരുന്നു?', 'കുറെ ആയി ഡയലോഗ് അടി ഒന്നും കേൾക്കാനും കാണാനും ഇല്ലല്ലോ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തഗ് ലൈഫ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടൻ ജോജു ജോർജ്, പൃഥ്വിരാജ് അഭിനയിച്ച ഒരു സിനിമാ സെറ്റിൽ വച്ച് തനിക്കുണ്ടായ ഒരനുഭവം പങ്കുവച്ചതും അടുത്തിടെ വൈറലായി മാറിയിരുന്നു. പൃഥ്വിരാജ് നായകനായ ഒരു ചിത്രത്തിൽ ഇമോഷണൽ രംഗങ്ങളിൽ അഭിനയിച്ചത് ശരിയാകാതെ വന്നതിനാൽ തന്നെ പറഞ്ഞു വിട്ടുവെന്നാണ് ജോജു പറയുന്നത്. "ചെറിയ വേഷങ്ങളിൽ തുടങ്ങി 125 ഓളം സിനിമകളിൽ ഞാനിപ്പോൾ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച് ശരിയാകാതെയാണ് ഞാൻ തുടങ്ങിയത്. പഠിച്ച് പഠിച്ച്, 2010 ലാണ് നിനക്കിത് ചെയ്ത് തുടങ്ങാം എന്നൊരാൾ എന്നോട് പറയുന്നത്. 2013 ൽ ഒരു കഥാപാത്രം കിട്ടി. 2018 ൽ ജോസഫ് എന്നൊരു സിനിമ സംഭവിച്ചു. കഴിഞ്ഞ വർഷം പണി എന്നൊരു സിനിമ ചെയ്തു. പക്ഷേ ഞാനൊരു കാര്യം പറയാം, നമ്മൾ നന്നായി ഹാർഡ് വർക്ക് ചെയ്യുമ്പോൾ ആരെങ്കിലും കൊള്ളാടാ എന്ന് പറയണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
അതില്ലെങ്കിലും പ്രശ്നമൊന്നുമില്ല. പക്ഷേ ഒരഭിനന്ദനം കിട്ടണമെന്ന് കൊതിക്കുന്ന ഒരാളാണ് ഞാൻ. ഞാനൊരിക്കൽ പൃഥ്വിരാജിന്റെ ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ, കരയുന്ന രംഗമായിരുന്നു അത്. എന്റെ കരച്ചിൽ ശരിയാകാത്തതു കൊണ്ട് അസിസ്റ്റന്റ് ഡയറക്ടർ വന്നിട്ട് എന്നോട് പറഞ്ഞു, 'ചേട്ടാ മതി, നമുക്ക് വേറെ നോക്കാം' എന്ന്. എന്നിട്ട് എന്റെ അസ്റ്റിന്റ് ആയിട്ട് അഭിനയിക്കാൻ വന്നയാളെ ആ കഥാപാത്രം അഭിനയിപ്പിച്ചു.
ഞാൻ പുറത്തു പോയി. ഇൻസൾട്ട് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ എനിക്ക് ഇൻസൾട്ട് അല്ലായിരുന്നു. ഞാൻ പോകുന്ന വഴിക്ക് ചിന്തിച്ചത്, എനിക്ക് അഭിനയിക്കാൻ അറിയാത്തതു കൊണ്ടാണ് അവർ എന്നെ പറഞ്ഞു വിട്ടത് എന്നായിരുന്നു. അന്ന് മുതലിങ്ങോട്ട് പഠനമല്ലാതെ ഞാൻ വേറെയൊന്നും ചെയ്തിട്ടില്ല. എനിക്ക് വേറെയൊന്നും അറിയത്തുമില്ല".- ജോജു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates