

മരണത്തിന്റെ രംഗബോധമില്ലായ്മ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുകയാണ് കലാഭവന്‍ നവാസിന്റെ മരണം. 51-ാം വയസില്‍, കരിയറില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കവെയാണ് നവാസിനെ തേടി മരണമെത്തുന്നത്. മിമിക്രിയിലൂടെ കടന്നു വന്ന് നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയ താരമാണ് നവാസ്. പാട്ടുപാടിയും വേദികള്‍ കീഴടക്കിയ കലാകാരന്‍. നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ ഈ നിമിഷവും മലയാളിയെ വിട്ടു പോയിട്ടില്ല.
കലാഭവന്‍ നവാസ് എന്ന പേരിനൊപ്പം ചേര്‍ത്തു പറയുന്ന പേരാണ് ഭാര്യ രഹ്നയുടേത്. ഒരുമിച്ച് അഭിനയിക്കുകയും പിന്നീട് ജീവിതത്തില്‍ ഒന്നാവുകയും ചെയ്തവരാണ് രഹ്നയും നവാസും. പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ നിന്നും രഹ്ന എങ്ങനെ കരകയറുമെന്നാണ് ഇരുവരേയും അറിയുന്നവരെല്ലാം ചോദിക്കുന്നത്. സ്‌റ്റേജ് ഷോകളിലും സിനിമയിലും ജീവിതത്തിലുമെല്ലാം രഹ്നയേയും നവാസിനേയും ഒരുമിച്ചല്ലാതെ കണ്ടിട്ടുള്ളത് അപൂര്‍വ്വമായി മാത്രമാണ്.
തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഈയ്യടുത്ത് രഹ്നയും നവാസും സംസാരിച്ചിരുന്നു. വഴക്കിലൂടെയാണ് തങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതെന്നാണ് ഇരുവരും പറഞ്ഞത്. സിനിമയിലെത്തും മുമ്പ് സ്റ്റേജ് ഷോകള്‍ ചെയ്തിരുന്ന കാലത്താണ് നവാസും രഹ്നയും കണ്ടുമുട്ടുന്നത്. ശങ്കരംകുളത്ത് ഒരു ഷോയില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച.
''എന്റെ അച്ഛന്‍ നാടക നടനാണ്. ഞാന്‍ ചെയ്തിരുന്നതെല്ലാം സീരിയസ് വേഷങ്ങളായിരുന്നു. മിമിക്രി ചെയ്യുന്നവരോട് എന്റെ സഹോദരിയ്ക്ക് വലിയ ഇഷ്ടമാണ്. പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിക്കാറില്ല. അന്നേ ദിവസം പരിപാടിയില്‍ നോക്കിയപ്പോള്‍ വളരെ സീരിയസ് ആയി മിമിക്രി ചെയ്യുന്നൊരാള്‍. എനിക്കത് ഇഷ്ടപ്പെട്ടു. നവാസിക്ക ആയിരുന്നു ഷോ ഡയറക്ടര്‍. പരിപാടിയില്‍ ഞാന്‍ രംഗപൂജ ഡാന്‍സ് ചെയ്തിരുന്നു. അത് കഴിഞ്ഞ് സ്‌കിറ്റ് ചെയ്യാന്‍ കയറണം. ഭരതനാട്യത്തിന്റെ ഡ്രസ് ആയിരുന്നു ഇട്ടിരുന്നത്. പക്ഷെ അത് സമയത്ത് അഴിക്കാന്‍ പറ്റിയില്ല. ഒടുവില്‍ ഒരുവിധേന അഴിച്ച് സ്‌റ്റേജിലേക്ക് കയറാന്‍ വാതില്‍ തുറന്നതും നവാസിക്ക എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. ഭയങ്കരമായി ചീത്ത പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച'' എന്നാണ് രഹ്ന പറഞ്ഞത്.
''എല്ലാവരും പൂവ് കൊടുത്താണ് പരിചയപ്പെടുന്നതെങ്കില്‍ ഞങ്ങള്‍ നല്ല ചീത്ത പറഞ്ഞാണ് പരിചയപ്പെട്ടത്. അതൊക്കെ കഴിഞ്ഞ് പോയി. ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ ചെയ്തു. ചേട്ടന്‍ നേരത്തെ കല്യാണം കഴിച്ച് പോയിരുന്നു. ഇനിയുള്ളത് ഞാന്‍. അങ്ങനെ ആലോചനകളൊക്കെ നടക്കുകയാണ്. ഒടുവില്‍ രഹ്നയുടെ ബാക്ക്ഗ്രൗണ്ട് ഞങ്ങള്‍ക്ക് ഒത്തു വന്നു. കലാകുടുംബം നല്ലതാകുമെന്ന് കരുതി. ചേട്ടന്‍ അവരോട് സംസാരിച്ചു. അതെല്ലാം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് കല്യാണം നടക്കുന്നത്'' എന്ന് നവാസും പറയുന്നുണ്ട്.
21 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് മരണം നവാസിനെ രഹ്നയില്‍ നിന്നും അകറ്റുന്നത്. മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഈയ്യടുത്ത് നീണ്ടൊരു ഇടവേളയ്ക്ക് ശേഷം രഹ്നയും അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. നവാസും കരിയറില്‍ സജീവമായി മാറവെയാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ചോറ്റാനിക്കരയില്‍ എത്തിയതായിരുന്നു താരം. അടുത്ത രണ്ട് ദിവസം ഷൂട്ട് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് പോകാനായി ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചെത്തിയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും താരത്തെ കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് താരത്തെ വീണു കിടക്കുന്നതായി കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടന്‍ അബൂബക്കറിന്റെ മകനാണ് നവാസ്. ടെലിവിഷന്‍-സിനിമ താരം നിയാസ് ബക്കറിന്റെ സഹോദരനുമാണ്. 1995ല്‍ പുറത്തിറങ്ങിയ ചൈതന്യം ആയിരുന്നു ആദ്യ സിനിമ. പിന്നീട് മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, കസബ, മൈ ഡിയര്‍ കരടി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഈയ്യടുത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലനിലെ കഥാപാത്രം കയ്യടി നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates