

ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലൊരു സൂപ്പര്‍ ഹീറോ യൂണിവേഴ്‌സിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കല്യാണിയുടെ ആക്ഷന്‍ അവതാരത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിന്റെ ഹൃദയപൂര്‍വ്വം, ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര എന്നീ സിനിമകളെ പിന്നിലാക്കി ഓണം വിന്നറായി മാറുകയാണ് ലോക.
ലോകയിലെ കല്യാണിയുടെ പ്രകടനത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളിലെ ചടുലതയും സ്‌ക്രീന്‍ പ്രസന്‍സും കൊണ്ട് നിറഞ്ഞാടുകയാണ് കല്യാണി. എന്നാല്‍ നേരത്തെ താന്‍ ഫിസിക്കലി വീക്ക് ആയിരുന്നുവെന്നും അതിനാല്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് കല്യാണി പറയുന്നത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണിയുടെ പ്രതികരണം.
''ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോള്‍ എനിക്ക് എന്നെ പറ്റിയുള്ള ധാരണകള്‍ തന്നെ മാറി. ശാരീരികമായിട്ടുള്ള ഫിറ്റ്‌നസ് മാത്രമല്ല മാനസികമായും ഞാന്‍ ഒട്ടും അത്‌ലറ്റിക് അല്ലായിരുന്നു. ഫിസിക്കലി വീക്ക് ആയിരുന്നതു കൊണ്ട് ഒരുപാട് കളിയാക്കലുകള്‍ നേരിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങനൊരു കഥാപാത്രമൊക്കെ ചെയ്യാന്‍ കാരണം എന്റെ കോച്ചാണ്. എന്റെ ആക്ഷന്‍ സ്‌റ്റൈല്‍ നന്നാക്കാന്‍ വേണ്ടിയാണ് ഞാന്‍ കോച്ചിങ്ങിന് പോയത്. ആക്ഷന്‍ സീന്‍സ് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായി അതിന്‌റെ ഗുണം'' എന്നാണ് കല്യാണി പറയുന്നത്.
കല്യാണിയുടെ അധ്വാനത്തിന്റെ ഫലം കിട്ടിയെന്നാണ് സിനിമയുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. മൂന്നാം ദിവസവും എങ്ങും ഹൗസ്ഫുള്‍ ഷോകളാണ് ലോകയ്ക്ക്. മിക്കയിടത്തും ടിക്കറ്റ് കിട്ടാത്ത സാഹചര്യം വന്നതോടെ ഷോകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്തും ലോക കയ്യടി നേടുന്നുണ്ട്. കല്യാണിയ്‌ക്കൊപ്പം നസ്ലെന്‍, സാന്‍ഡി, അരുണ്‍ കുര്യന്‍, ചന്തു സലീം കുമാര്‍, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ലോക.
കല്യാണിയുടേതടക്കമുള്ള ആക്ഷന്‍ രംഗങ്ങളും നിമിഷ് രവിയുടെ ഛായാഗ്രഹണവും ജേക്‌സ് ബിജോയിയുടെ സംഗീതവും പ്രശംസിക്കപ്പെടുന്നുണ്ട്. ഡൊമിനിക് അരുണിന്റെ എഴുത്തും സംവിധാനവും കയ്യടി നേടുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച സിനിമയുടെ അഡീഷണല്‍ തിരക്കഥയെഴുതി നടി ശാന്തി ബാലകൃഷ്ണനും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates