എഴുപതുകളിൽ തമിഴ് സിനിമ ലോകത്ത് ഉദിച്ചു വന്ന രണ്ട് താരങ്ങളായിരുന്നു രജനികാന്തും കമൽ ഹാസനും. ഇന്നിപ്പോൾ ഇന്ത്യൻ സിനിമയുടെ തന്നെ നെടുംതൂണുകളാണ് രജനിയും കമലും. താരപദവികളിലേക്ക് ഉയരുമ്പോഴും ഇരുവരുടേയും സൗഹൃദത്തിന് ഇതുവരെ ഒരു കോട്ടവും തട്ടിയിട്ടില്ല. കരിയറിന്റെ തുടക്കക്കാലത്ത് രജനികാന്തും കമൽ ഹാസനും ഒന്നിച്ച് നിരവധി സിനിമകൾ പുറത്തുവന്നിരുന്നു. അതിൽ പലതും ഇന്നും സിനിമ പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. രജനി-കമൽ കൂട്ടുകെട്ടിലെത്തിയ ചില സിനിമകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാലോ.
കെ. ബാലചന്ദർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ ചിത്രമാണ് അപൂർവ രാഗങ്ങൾ. രജനികാന്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അപൂർവ രാഗങ്ങൾ. ശ്രീവിദ്യ, കമൽ ഹാസൻ, രജനികാന്ത് എന്നിവരയിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. വ്യത്യസ്ത പ്രായക്കാർ തമ്മിലുള്ള പ്രണയബന്ധം അവതരിപ്പിച്ചതിന്റെ പേരിൽ ചിത്രത്തിന്റെ പ്രദർശനം വലിയ വിവാദമായി മാറിയിരുന്നു. തന്നെക്കാൾ പ്രായമുള്ള ഭൈരവി (ശ്രീവിദ്യ)യുമായി പ്രണയത്തിലാകുന്ന പ്രസന്നയെയും (കമൽ ഹാസൻ), ഭൈരവിയുടെ മകളായ രഞ്ജിനി (ജയസുധ)യുമായി പ്രണയത്തിലാകുന്ന പ്രസന്നയുടെ അച്ഛന്റെയും കഥയാണ് ചിത്രം പറയുന്നത്. ഏറെ നിരൂപകശ്രദ്ധ നേടിയ ചിത്രം തിയറ്ററുകളിലും വലിയ വിജയമായിരുന്നു.
1976 ൽ പുറത്തിറങ്ങിയ റൊമാൻ്റിക് ത്രില്ലറാണ് മൂൻട്ര് മുടിച്ച്. കെ. ബാലചന്ദർ തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. കമൽ ഹാസൻ, രജനികാന്ത്, ശ്രീദേവി എന്നിവരായിരുന്നു പ്രധാന വേഷത്തിൽ. രജനി പ്രധാന വേഷത്തിലെത്തുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. നായികയായുള്ള ശ്രീദേവിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശ്രീദേവിയ്ക്ക് 13 വയസായിരുന്നു പ്രായം.
കെ. ബാലചന്ദർ രചനയും സംവിധാനവും നിർവഹിച്ച് 1977 ൽ പുറത്തിറങ്ങിയ ചിത്രമാണ് അവർഗൾ. സുജാത, കമൽ ഹാസൻ, രജനികാന്ത്, രവികുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പറഞ്ഞത്. ബാലചന്ദർ സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രം കൂടിയാണ് അവർഗൾ.
1977 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഭാരതിരാജയായിരുന്നു. കമൽ ഹാസൻ, ശ്രീദേവി, രജനികാന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. രജനികാന്തിന്റെ ആദ്യ പഞ്ച് ഡയലോഗ് പിറവിയെടുക്കുന്നതും ഈ ചിത്രത്തിലൂടെയായിരുന്നു. "ഇത് എപ്പടി ഇറുക്ക്" എന്ന് ആവർത്തിച്ചു പറയുന്ന വില്ലൻ അന്ന് കൗതുകമായിരുന്നു.
1978 ൽ സി രുദ്രയ്യ സംവിധാനം ചെയ്ത ചിത്രമാണ് അവൾ അപ്പടിതാൻ. ശ്രീപ്രിയ, കമൽ ഹാസൻ, രജനികാന്ത് എന്നിവരായിരുന്നു താരങ്ങൾ. മേക്കിങ്, തിരക്കഥ, സംഭാഷണം എന്നിവയും ശ്രദ്ധിക്കപ്പെട്ടു. ചിത്രം റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. സംവിധായകരായ ഭാരതിരാജയും മൃണാൾ സെന്നും മികച്ച അഭിപ്രായങ്ങൾ പറഞ്ഞതിന് ശേഷമാണ് ചിത്രം ശ്രദ്ധ നേടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates