

നായകൻ എന്ന സൂപ്പർ ഹിറ്റ് പിറന്ന് 38 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും തഗ് ലൈഫുമായി (Thug Life) സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ജൂൺ അഞ്ചിന് റിലീസിനൊരുങ്ങുന്ന തഗ് ലൈഫിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും കമൽ ഹാസന്റെ രാജ് കമൽ ഇന്റർനാഷണലും ചേർന്നാണ് തഗ് ലൈഫ് നിർമിക്കുന്നത്.
ഇപ്പോഴിതാ ഇത്രയും വർഷം മണിരത്നവുമായി സഹകരിക്കാതെയിരുന്നത് ഒരു തെറ്റായിപ്പോയെന്ന് പറയുകയാണ് കമൽ ഹാസൻ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. 'ഞങ്ങൾക്ക് ആദ്യമൊക്കെ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എല്ലാ കണ്ണുകളും ഞങ്ങളിലേക്ക് തന്നെ വന്നപ്പോൾ ആശങ്കയും പേടിയുമൊക്കെയുണ്ടായി.
'നായകൻ' ആളുകൾ മറന്നു തുടങ്ങുമ്പോൾ മറ്റൊരു സിനിമ ചെയ്യാമെന്നാണ് കരുതിയത്. എന്നാൽ 'നായകനെ' മറക്കാൻ ആളുകൾ കൂട്ടാക്കുന്നില്ല. അതാണ് ഞങ്ങളൊരുമിച്ചുള്ള സിനിമ വൈകിയതിന്റെ ഒരു കാരണം'. - കമൽ ഹാസൻ പറഞ്ഞു. അതോടൊപ്പം ഇരുവർക്കും വർക്ക് ചെയ്യാനായി രണ്ട് കമ്പനികൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യുമ്പോഴുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ അന്തിമ തീരുമാനം ആരുടേതാണ് എന്ന ചോദ്യത്തിന്, 'കളിയുടെ നിയമങ്ങൾ തങ്ങൾ ഒരിക്കലും നിശ്ചയിച്ചിട്ടില്ല' എന്നായിരുന്നു കമൽ ഹാസന്റെ മറുപടി. 230 ലധികം സിനിമകളിൽ അഭിനയിച്ചതിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ തന്റെ ഏറ്റവും മികച്ച സിനിമകൾ എന്ന് പറയാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
'സാഗര സംഗമം, നായകൻ പോലുള്ള സിനിമകൾ കാണുമ്പോൾ ഇപ്പോഴും തനിക്ക് കരച്ചിൽ വരാറുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. അതിപ്പോൾ കമൽ ഹാസനോ അല്ലെങ്കിൽ മറ്റേതെങ്കിലും നടൻമാരോ ആയിക്കോട്ടെ, ആ രംഗം പ്രസക്തവും എന്നെ സ്പർശിക്കുന്നതുമാണെങ്കിൽ എനിക്ക് കരച്ചിൽ വരും. അങ്ങനെയുള്ള സിനിമകളുണ്ട്, 40 വർഷങ്ങൾക്ക് ശേഷവും, 50 വർഷങ്ങൾക്ക് ശേഷവും അവ നിങ്ങളെ കരയിപ്പിക്കും'.- കമൽ ഹാസൻ കൂട്ടിച്ചേർത്തു.
തൃഷ, ചിമ്പു, അഭിരാമി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും തഗ് ലൈഫിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates