'കന്നഡയെ താഴ്ത്തികെട്ടാൻ ഉദ്ദേശിച്ചിട്ടില്ല, വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു'; ഫിലിം ചേംബറിനു കത്തെഴുതി കമൽ ഹാസൻ

കർണാടക ഹൈക്കോടതിയും നടനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.
Kamal Haasan
കമൽ ഹാസൻ (Kamal Haasan)ഫെയ്സ്ബുക്ക്
Updated on
2 min read

ബം​ഗളൂരു: കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള നടൻ കമൽ ഹാസന്റെ (Kamal Haasan) പരാമർശങ്ങൾ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. വിവാദ പരാമർശത്തെ തുടർന്ന് കഴിഞ്ഞ ദിവസം കമൽ ഹാസന്റെ പുതിയ ചിത്രമായ ത​ഗ് ലൈഫിന് കർണാടകയിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കർണാടക ഹൈക്കോടതിയും നടനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കമൽ ഹാസൻ. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് (കെഎഫ്‌സിസി) നൽകിയ കത്തിലൂടെയായിരുന്നു കമലിന്റെ പ്രതികരണം. നടൻ ശിവരാജ്കുമാറിനോടുള്ള ആത്മാർഥമായ സ്നേഹത്തിൽ നിന്ന് താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശ്യം തനിക്ക് ഇല്ലായിരുന്നെന്നും കമൽ കത്തിലൂടെ അറിയിച്ചു.

തന്റെ കരിയറിലുടനീളം കന്നഡ പ്രേക്ഷകർ നൽകിയ ഊഷ്മളതയും വാത്സല്യവും വിലമതിക്കാനാവാത്തതാണെന്നും കന്നഡിഗർക്ക് അവരുടെ മാതൃഭാഷയോടുള്ള സ്നേഹത്തോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും കമൽ ഹാസൻ കത്തിൽ കുറിച്ചു. സിനിമ ആളുകൾക്കിടയിലെ പാലമായി നിലകൊള്ളണം, ഒരിക്കലും അവരെ ഭിന്നിപ്പിക്കുന്ന മതിലായി മാറരുത് എന്നതായിരുന്നു താൻ ഉദ്ദേശിച്ചതെന്നും കമൽ ഹാസൻ പറയുന്നു.

കമൽ ഹാസന്റെ കത്തിന്റെ പൂർണരൂപം

തഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ ഇതിഹാസം ഡോ രാജ്കുമാറിന്റെ കുടുംബത്തോടുള്ള, പ്രത്യേകിച്ച് ശിവരാജ്കുമാറിനോടുള്ള ആത്മാർഥമായ സ്നേഹത്തിൽ നിന്ന് ഞാൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയും യഥാർഥ വിഷയത്തിൽ നിന്ന് മാറുകയും ചെയ്തത് എന്നെ വേദനിപ്പിക്കുന്നു. നാമെല്ലാവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. കന്നഡയെ ഒരു തരത്തിലും താഴ്ത്തിക്കെട്ടാനായിരുന്നില്ല എന്റെ വാക്കുകൾ ഉദ്ദേശിച്ചത്.

കന്നഡ ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച് ഒരു തർക്കമോ സംവാദമോ ഇല്ല. തമിഴിനെപ്പോലെ, കന്നഡയ്ക്കും ഞാൻ വളരെക്കാലമായി ആരാധിക്കുന്ന ഒരു അഭിമാനകരമായ സാഹിത്യ-സാംസ്കാരിക പാരമ്പര്യമുണ്ട്. എന്റെ കരിയറിൽ ഉടനീളം, കന്നഡ സംസാരിക്കുന്ന സമൂഹം എനിക്ക് നൽകിയ ഊഷ്മളതയും വാത്സല്യവും ഞാൻ വിലമതിച്ചിട്ടുണ്ട്. കന്നഡിഗർക്ക് അവരുടെ മാതൃഭാഷയോടുള്ള സ്നേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്.

തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഈ നാട്ടിലെ എല്ലാ ഭാഷകളുമായും ഉള്ള എന്റെ ബന്ധം ശാശ്വതവും ഹൃദയംഗമവുമാണ്. എല്ലാ ഇന്ത്യൻ ഭാഷകളുടെയും തുല്യമായ അന്തസ്സിനായി ഞാൻ എപ്പോഴും നിലകൊള്ളുകയും ഒരു ഭാഷ മറ്റൊന്നിന് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിനെ എതിർക്കുകയും ചെയ്യുന്നു, കാരണം അത്തരം അസന്തുലിതാവസ്ഥ ഇന്ത്യൻ യൂണിയന്റെ ഭാഷാഘടനയെ ദുർബലപ്പെടുത്തുന്നു.

എൻ്റെ പ്രസ്താവന നമുക്കെല്ലാവർക്കും ഇടയിൽ ആ ബന്ധവും ഐക്യവും സ്ഥാപിക്കാൻ വേണ്ടി മാത്രമായിരുന്നു. എന്റെ മുതിർന്നവർ എന്നെ പഠിപ്പിച്ച ഈ സ്നേഹവും ബന്ധവുമാണ് ഞാൻ പങ്കുവെക്കാൻ ആഗ്രഹിച്ചത്. ആ സ്നേഹത്തിൽ നിന്നും ബന്ധത്തിൽ നിന്നാണ് ശിവണ്ണ ഓഡിയോ ലോഞ്ച് പരിപാടിയിൽ പങ്കെടുത്തത്. ഇതിന്റെ പേരിൽ ശിവണ്ണയ്ക്ക് ഇത്രയും നാണക്കേട് നേരിടേണ്ടി വന്നതിൽ ഞാൻ ശരിക്കും ഖേദിക്കുന്നു.

എന്നാൽ ഞങ്ങളുടെ പരസ്പരമുള്ള യഥാർഥ സ്നേഹവും ബഹുമാനവും എല്ലായ്പ്പോഴും നിലനിൽക്കുമെന്നും ഇനി കൂടുതൽ ദൃഢമാകുമെന്നും എനിക്ക് ഉറപ്പുണ്ട്. സിനിമ മനുഷ്യർക്കിടയിലെ പാലമായി നിലകൊള്ളണം, ഒരിക്കലും അവരെ ഭിന്നിപ്പിക്കുന്ന മതിലായി മാറരുത്. ഇതായിരുന്നു എൻ്റെ പ്രസ്താവനയുടെ ഉദ്ദേശ്യം. വിദ്വേഷത്തിന് ഞാൻ ഒരിക്കലും ഇടം നൽകിയിട്ടില്ല, ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

എന്റെ വാക്കുകൾ ഉദ്ദേശിച്ച രീതിയിൽ സ്വീകരിക്കപ്പെടുമെന്നും, കർണാടകയോടും അവിടുത്തെ ജനങ്ങളോടും അവരുടെ ഭാഷയോടുമുള്ള എന്റെ നിലനിൽക്കുന്ന വാത്സല്യം അതിന്റെ യഥാർഥ വെളിച്ചത്തിൽ തിരിച്ചറിയപ്പെടുമെന്നും ഞാൻ ആത്മാർഥമായി പ്രതീക്ഷിക്കുന്നു. ഈ തെറ്റിദ്ധാരണ താല്ക്കാലികമാണെന്നും നമ്മുടെ പരസ്പര സ്നേഹവും ബഹുമാനവും ആവർത്തിക്കാനുള്ള അവസരമാണെന്നും ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com