

കമൽ സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ'. രേവതി, അംബിക എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. ഇപ്പോഴിതാ ആ രംഗങ്ങളെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
മ്യൂസിക് കൊണ്ട് ഒരു സിനിമയെ മൊത്തം മാറ്റി മറിക്കാം എന്നുള്ള ചിന്താഗതി തെറ്റാണെന്നും നിശബ്ദത കൊണ്ടും നമുക്കത് പറ്റുമെന്നും കമൽ പറഞ്ഞു. പോർട്രയൽസ് ബൈ ഗദ്ദാഫി എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു കമൽ. "രാത്രിയിലാണ് ആ സീൻ ഷൂട്ട് ചെയ്യുന്നത്. രാത്രിയിലാണല്ലോ വീട്ടിലേക്ക് വരുന്നത്.
എന്നിട്ട് ജനലിൽ കൂടി നോക്കുന്നു. ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ, ക്ലോസ്അപ് ഒക്കെ എടുത്ത് കഴിഞ്ഞപ്പോൾ കുറേ വൈകി. പക്ഷേ രേവതി ആ മൂഡുമായി ഭയങ്കരമായിട്ടും സെറ്റായിട്ടുണ്ടായിരുന്നു. ഇത്രയും ദിവസം ഷൂട്ട് ചെയ്തല്ലോ. ഷൂട്ട് ചെയ്ത് ചെയ്ത് വന്നപ്പോഴേക്കും ആ മൂഡ് സെറ്റായി. അപ്പോൾ സ്വഭാവികമായിട്ടും ആ എക്സ്പ്രഷനൊക്കെ കറക്ടായി വരും. റീ റെക്കോർഡിങ് ഒന്നും അന്ന് ചെയ്തിട്ടില്ല.
മ്യൂസിക്കും ഒന്നുമില്ല. ആ ഒരു ഫീലിൽ ആണ് രേവതി പെർഫോം ചെയ്തത്. അതിന്റെ റീ റെക്കോർഡിങ് ചെയ്തത് ഔസേപ്പച്ചൻ ആയിരുന്നു. അതുകണ്ട് കഴിഞ്ഞപ്പോൾ ആ ഇമോഷൻ ഔസേപ്പച്ചന് കിട്ടിയെന്നുള്ളതാണ്. ഡബിൾ പോസിറ്റീവ് എന്നാണ് അന്നൊക്കെ പറയുക. എന്ന് വച്ചാൽ മ്യൂസിക് ഇല്ലാതെ ഡയലോഗ് മാത്രമേ ഉണ്ടാവുകയുള്ളൂ. എഫക്ട്സ് ഒന്നുമുണ്ടാകില്ല. സീൻ എഡിറ്റ് ചെയ്തിട്ടുണ്ടാകും.
ഡയലോഗ് ഒക്കെയായി പടം കണ്ട് കഴിഞ്ഞപ്പോൾ, ഞാൻ നോക്കുമ്പോൾ ഔസേപ്പച്ചൻ കണ്ണൊക്കെ തുടക്കുന്നുണ്ട്, കണ്ണ് നിറഞ്ഞിട്ട്. കാരണം ഇമോഷണലി ഔസേപ്പച്ചനെ അത് ഭയങ്കരമായി ഇരുത്തി. അതാണ് ആ മ്യൂസിക് അത്രയും ആഴത്തിൽ വരാൻ കാരണമായത്. സിനിമയിൽ മ്യൂസിക് നമുക്ക് വേണം. റീ റെക്കോർഡിങ് എന്ന് പറയുന്നത്, കഥയെയും കഥാപാത്രങ്ങളെയും സപ്പോർട്ട് ചെയ്യുന്നതായിരിക്കണം.
അതല്ലാതെ, മ്യൂസിക് കൊണ്ട് ഒരു സിനിമയെ മൊത്തം മാറ്റി മറിക്കാം എന്നുള്ള ചിന്താഗതി തെറ്റാണ്. നിശബ്ദത കൊണ്ടും നമുക്കത് പറ്റും. അത് മാസ്റ്റേഴ്സിന്റെ സിനിമകൾ കണ്ടാൽ നമുക്കത് അറിയാം. സൈലൻസ് കൊണ്ട് നമുക്കാ സിനിമയുടെ ഫീൽ മുഴുവൻ കൊണ്ടുവരാൻ പറ്റും. സത്യജിത് റേയുടെ സിനിമകളൊക്കെ കണ്ടാൽ നമുക്കതറിയാൻ പറ്റും. മലയാളത്തിലും ഉണ്ട് അങ്ങനെ.
കെ ജി ജോർജിന്റെയൊക്കെ സിനിമകൾ കണ്ടാൽ സൈലൻസ് ആയിരിക്കും അതിനെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത്. സൈലൻസിന് സിനിമയിൽ വലിയ പ്രാധാന്യമുണ്ടെന്ന്, എനിക്ക് തോന്നുന്നു ഈ അടുത്ത കാലത്ത് പലരും മറന്നു പോകുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ ആദ്യം മുതൽ അവസാനം വരെ ബിജിഎമ്മിട്ട് കുത്തിക്കയറ്റുന്നുണ്ട്.
അതിൽ നമ്മുടെ സംഗീത സംവിധായകരൊന്നും ഒട്ടും മോശമല്ല. മലയാളത്തിൽ അന്നുമുണ്ടായിരുന്നു. സംഗീത സംവിധായകർ ഫുൾ ഫില്ല് ചെയ്ത് വയ്ക്കും. പക്ഷേ നമ്മൾ മിക്സിങ്ങിന് വരുമ്പോൾ, സംഗീത സംവിധായകരോട് പറയും മ്യൂസിക് അവിടെ നിന്ന് കട്ട് ചെയ്യുകയാണെന്ന് പറയും. ചിലപ്പോൾ നല്ല മ്യൂസിക് ആണെങ്കിൽ അവർക്ക് വിഷമം ഉണ്ടാകും.
പക്ഷേ സൈലൻസ് ആണ് നല്ലതെന്ന് വച്ച് അവർ ഓക്കെ പറയും. അങ്ങനെ പലയിടത്തും ഞാൻ മ്യൂസിക് കട്ട് ചെയ്തിട്ടുണ്ട്. നന്നായിട്ട് ചെയ്ത മ്യൂസിക് ഫൈനൽ മിക്സിൽ കട്ട് ചെയ്യും. അക്കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് ജോൺസൺ ആയിരുന്നു. ജോൺസൺ ഒരുപാട് ഗ്യാപ് ഇടും, സൈലൻസ് ഇടും. ജോൺസൺ പറയും, 'അവിടെ മ്യൂസിക് വേണ്ടടോ... മ്യൂസിക് വന്നാൽ ആണ് വൃത്തിക്കേട് ആവുക. ഞാനെന്ത് മ്യൂസിക് ആണ് അവിടെ കൊടുക്കുക' എന്നൊക്കെ പറയും.
അനാവശ്യമായിട്ട് എന്തെങ്കിലും ഫില്ല് ചെയ്യാനായി മ്യൂസിക് ഇടുന്ന പരിപാടി ജോൺസണ് ഇല്ല. ജോൺസണ് ഫീൽ ചെയ്യണം, മ്യൂസിക് അവിടെ വേണമെന്ന്. എങ്കിൽ മാത്രമേ ചെയ്യുകയുള്ളൂ. പക്ഷേ ഇന്നിപ്പോൾ അങ്ങനെയല്ല. കീബോർഡിലും പുതിയ ഓർക്കസ്ട്രേഷന്റെ പരിപാടി വച്ചിട്ട്, ഫില്ല് ചെയ്യലാണല്ലോ ഫുൾ ആയിട്ട്. അങ്ങനെയൊക്കെയുള്ള വ്യത്യാസങ്ങളുണ്ട്". - കമൽ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates